സംസ്ഥാന ഇന്നൊവേഷന്‍ ബ്രാന്‍ഡുമായി കര്‍ണാടക

സംസ്ഥാന ഇന്നൊവേഷന്‍ ബ്രാന്‍ഡുമായി കര്‍ണാടക

ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ ഇന്നൊവേഷനുകളെയും ‘ഇന്നൊവേറ്റ് കര്‍ണാടക’ എന്ന ഒരൊറ്റ ബ്രാന്‍ഡിനു കീഴില്‍ സമന്വയിപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍. ബെംഗളൂരുവില്‍ നടന്ന ചടങ്ങില്‍ പുതിയ ബ്രാന്‍ഡിന്റെ അവതരണം നടന്നു. ബ്ലോക്ക്‌ചെയ്ന്‍, റോബോട്ടിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, നാനോ ടെക്‌നോളജി, സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ തുടങ്ങി സംസ്ഥാനത്തെ വിവിധ രംഗങ്ങളിലുണ്ടാകുന്ന ഇന്നൊവേഷനുകള്‍ ഇനി ഇന്നൊവേറ്റ് കര്‍ണാടക എന്ന പൊതു ബ്രാന്‍ഡിന്റെ കീഴിലാകും അറിയപ്പെടുക.

ഇന്നൊവേഷനുകളില്ലാതെ വികസനം സാധ്യമല്ലെന്നും അതുപോലെ ജനങ്ങള്‍ക്ക് സഹായകമാകാത്തിടത്തോളം കാലം ഇന്നൊവേഷന്‍കൊണ്ട് കാര്യവുമില്ലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. സാങ്കേതികവിദ്യകള്‍ വഴി സംസ്ഥാനത്തിന്റെ വികസനം സാധ്യമാക്കാനും ജനങ്ങള്‍ക്ക് മികച്ച ഭരണം നല്‍കാനുമുള്ള മിഷന്‍ 2025 ഓടെ യാഥാര്‍ത്ഥ്യമാക്കാനുള്ള യാത്രയുടെ ആരംഭമാകും ഇന്നൊവേറ്റ് കര്‍ണാടകയെന്നാണ് പ്രതീക്ഷ. എല്ലാ പദ്ധതികളിലും ജനങ്ങള്‍ക്കു പ്രഥമ സ്ഥാനം നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഇന്നൊവേറ്റീവ് കര്‍ണാടക ഈ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോഗ്യം, കൃഷി തുടങ്ങിയ മേഖലകളില്‍ സമഗ്രമായ ഡിജിറ്റല്‍വല്‍ക്കരണം സാധ്യമാക്കാനുള്ള നയങ്ങളില്‍ ഇന്നൊവേഷനും ടെക്‌നോളജികള്‍ക്കും സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നുണ്ട്.

ഐടി, ബയോടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റുകളുടെ ആധുനിക പതിപ്പായ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്നൊവേഷന്‍ ആന്‍ഡ് ടെക്‌നോളജിയായിരിക്കും ഇന്നൊവേറ്റ് കര്‍ണാടകയ്ക്ക് നേതൃത്വം കൊടുക്കുന്നത്. ഇന്നൊവേറ്റ് കര്‍ണാടകയില്‍ പങ്കാൡളാകാന്‍ ആഗ്രഹിക്കുന്ന സംസ്ഥാനത്തെ യുവജനങ്ങള്‍ക്കായി എല്ലാ വിവരങ്ങളും ഒരു സ്ഥലത്തു നിന്നു ലഭ്യമാകുന്ന യുവ യുഗ പോര്‍ട്ടലും തൊഴില്‍ തേടുന്ന യുവാക്കള്‍ക്കായുള്ള ഇ-മാര്‍ഗദര്‍ശി പോര്‍ട്ടലും ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു.

Comments

comments

Categories: Tech