ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച യുഎസ് കയറ്റുമതിയെ പിന്തുണയ്ക്കും: ട്രംപ് ഭരണകൂടം

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച യുഎസ് കയറ്റുമതിയെ പിന്തുണയ്ക്കും: ട്രംപ് ഭരണകൂടം

വാഷിംഗ്ടണ്‍: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയും വികസനവും ഭാവിയില്‍ അമേരിക്കന്‍ കയറ്റുമതി വര്‍ധിപ്പിക്കുന്നതിനെ സഹായിക്കുമെന്ന് ട്രംപ് ഭരണകൂടം. ഇന്ത്യയുടെ നിലവിലുള്ള വ്യാപാര നിയന്ത്രണ നയങ്ങള്‍ കൂടുതല്‍ കരുത്തുറ്റ വാണിജ്യ-നിക്ഷേപ ബന്ധത്തെ തടസപ്പെടുത്തുന്നുണ്ടെങ്കിലും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച വലിയ തോതില്‍ പ്രയോജനപ്പെടുത്താനാകുമെന്നാണ് യുഎസ് കണക്കുകൂട്ടുന്നത്. ട്രേഡ് പോളിസി അജണ്ടയില്‍ യുഎസ് വാണിജ്യ വകുപ്പ് പ്രതിനിധിയാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

1980ല്‍ ഇന്ത്യയും യുഎസും തമ്മില്‍ 4.8 ബില്യണ്‍ ഡോളറിന്റെ ചരക്ക് സേവന വ്യാപാരമാണ് നടന്നിട്ടുള്ളത്. 2016ല്‍ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാര മൂല്യം 114 ബില്യണ്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ഇക്കാലയളവില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരത്തില്‍ ഒന്‍പത് ശതമാനത്തിലധികം ശരാശരി വാര്‍ഷിക വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് ട്രംപ് ഭരണകൂടം പറയുന്നു. ഏകീകൃത ചരക്ക് സേവന നികുതി (ജിഎസ്ടി) സംവിധാനത്തിലൂടെ ഇന്ത്യ നടപ്പാക്കിയ പരിഷ്‌കരണം ഒരു പൊതു ആഭ്യന്തര വിപണി സൃഷ്ടിക്കുന്നതിന് സഹായിച്ചേക്കുമെന്നും ഇത് ചരക്കുനീക്കത്തിന്റെ ചെലവില്‍ കാര്യമായ കുറവ് വരുത്തുമെന്നാണ് യുഎസ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ ദേശീയ ബൗദ്ധിക സ്വത്തവകാശ നിയമം നടപ്പാക്കുന്നത് യുഎസ് ഇന്നൊവേഷനുകളെ സംരക്ഷിക്കപ്പെടുന്നതിന് സഹായിക്കുമെന്നും ട്രംപ് ഭരണകൂടം പറയുന്നു.

ഇന്ത്യയില്‍ ഇറക്കുമതി തീരുവ വര്‍ധിക്കുന്ന ഒരു പൊതു പ്രവണത ഉണ്ടായിട്ടുണ്ടെന്നും ഇറക്കുമതിക്ക് ബദലായ നയങ്ങളിലേക്കുള്ള സജീവ ശ്രമങ്ങള്‍ കാണുന്നുണ്ടെന്നും യുഎസ് പറയുന്നു. പാല്‍ ഉല്‍പ്പന്നങ്ങളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും ഇറക്കുമതി നിയന്ത്രിച്ചതിനെതിരെ കഴിഞ്ഞ വര്‍ഷം അവസാനം യുഎസ് കമ്പനികള്‍ പരാതി നല്‍കിയിരുന്നു. ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സ് (ജിഎസ്പി) പ്രോഗ്രാമിനു കീഴില്‍ ഇന്ത്യ അനുഭവിക്കുന്ന ആനുകൂല്യങ്ങള്‍ റദ്ദാക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. 2017 ഒക്‌റ്റോബറില്‍ വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന യുഎസ്-ഇന്ത്യ ട്രേഡ് പോളിസി ഫോറം യോഗത്തില്‍ ഇതു സംബന്ധിച്ച ആശങ്കകള്‍ക്ക് ചെറിയ ആശ്വാസമുണ്ടായതായി ട്രംപ് ഭരണകൂടം അറിയിച്ചു. ഇത്തരത്തില്‍ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള വാണിജ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.

Comments

comments

Categories: Business & Economy, World