യുഎസിന്റെ സ്റ്റീല്‍ ഇറക്കുമതി നിയന്ത്രണം തിരിച്ചടിയാകില്ലെന്ന് കേന്ദ്രം

യുഎസിന്റെ സ്റ്റീല്‍ ഇറക്കുമതി നിയന്ത്രണം തിരിച്ചടിയാകില്ലെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി: സ്റ്റീല്‍ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള യുഎസ് ഭരണകൂടത്തിന്റെ നീക്കം ഇന്ത്യക്ക് അടിയന്തിര പ്രത്യാഘാതം ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് കേന്ദ്ര സ്റ്റീല്‍ മന്ത്രാലയം. യുഎസ് ഉല്‍പ്പാദകരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഇറക്കുമതി ചെയ്യുന്ന സ്റ്റീലിനും അലുമിനിയത്തിനും ഉയര്‍ന്ന നികുതി നിരക്ക് ചുമത്തുമെന്ന് കഴിഞ്ഞ ദിവസമാണ് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചത്. ഇന്ത്യക്ക് പുറമെ യുഎസിന്റെ പ്രധാന വ്യാപാര പങ്കാളികളായ ചൈന, യൂറോപ്പ്, കാനഡ എന്നീ രാജ്യങ്ങള്‍ക്കും തിരിച്ചടിയാകുന്ന നടപടിയാണിത്.

ഇന്ത്യയുടെ സ്റ്റീല്‍ കയറ്റുമതിയുടെ വെറും 2 ശതമാനം മാത്രമാണ് യുഎസിലേക്ക് പോകുന്നതെന്നും അതിനാല്‍ ഉടന്‍ പ്രത്യാഘാതങ്ങളുണ്ടാകില്ലെന്നുമാണ് സ്റ്റീല്‍ മന്ത്രാലയം പറയുന്നത്. എന്നാല്‍ സെക്ഷന്‍ 232 കൂടുതല്‍ നിരക്ക് നിയന്ത്രണങ്ങള്‍ക്ക് യുഎസ് ഉപയോഗിക്കുകയാണെന്ന് സ്റ്റീല്‍ മന്ത്രാലയ സെക്രട്ടറി അരുണ ശര്‍മ പറഞ്ഞു. ഉയര്‍ന്ന തലത്തിലുള്ള ഇറക്കുമതികള്‍ തങ്ങളുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനാണ് 1962ലെ വാണിജ്യ വികസന നിയമത്തിലെ സെക്ഷന്‍ 232 (ബി) അമേരിക്ക ഉപയോഗിക്കുന്നത്.

യുഎസിന്റെ പുതിയ ട്രേഡ് പോളിസി റിപ്പോര്‍ട്ടിനെതിരേ ചൈനയും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ നിരക്കുകളിലെ മാറ്റം സംബന്ധിച്ച് ചൈന പ്രതികരിച്ചിട്ടില്ല.

Comments

comments

Categories: Business & Economy