ഫാഷന്‍ വിഭാഗത്തില്‍ 176 ദശലക്ഷം ഡോളര്‍ നിക്ഷേപം നടത്തി ഫ്‌ളിപ്കാര്‍ട്ട്

ഫാഷന്‍ വിഭാഗത്തില്‍ 176 ദശലക്ഷം ഡോളര്‍ നിക്ഷേപം നടത്തി ഫ്‌ളിപ്കാര്‍ട്ട്

ബെംഗളൂരു: ഇന്ത്യയിലെ മുന്‍നിര ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ട് കമ്പനിയുടെ ഫാഷന്‍ വിഭാഗമായ മൈന്ത്ര ജബോംഗ് പ്രൈവറ്റ് ലിമിറ്റഡില്‍ 176 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നടത്തി. ഫ്‌ളിപ്കാര്‍ട്ടിന്റെ സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സഹസ്ഥാപനമായ എഫ്‌കെ മൈന്ത്ര ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് വഴിയാണ് നിക്ഷേപം നടത്തിയത്.

കഴിഞ്ഞ വര്‍ഷം ജൂലായിലാണ് മൈന്ത്രയുടെ സഹസ്ഥാപനമായ ക്യുക്‌റൂട്ട്‌സ് ഇന്റര്‍നെറ്റ് പ്രൈവറ്റ് ലിമിറ്റഡിനെ മൈന്ത്ര ജബോംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്നു പുനര്‍നാമകരണം ചെയ്തത്. മൈന്ത്ര, ജബോംഗ് എന്നീ വിഭാഗങ്ങളിലായി ഫാഷന്‍, അനുബന്ധ സേവനങ്ങള്‍ നല്‍കുന്ന ബി2ബി സെല്ലര്‍ ആയാണ് ഇതിന്റെ പ്രവര്‍ത്തനം.

ബെംഗളൂരു ആസ്ഥാനമായ ഔട്ട്‌ഡോര്‍ ഗിയര്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ വൈല്‍ഡ്ക്രാഫ്റ്റിന്റെ ഓഹരികള്‍ ഏറ്റെടുക്കാന്‍ മൈന്ത്ര ശ്രമിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. പ്രൈവറ്റ് ലേബല്‍ ബിസിനസിന് വലിയ പ്രാധാന്യം നല്‍കുന്ന മൈന്ത്ര ഈ വര്‍ഷം അവസാനത്തോടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലെ എല്ലാ പ്രൈവറ്റ് ലേബലുകളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്ന ഒരു മള്‍ട്ടി ബ്രാന്‍ഡ് ഓഫ്‌ലൈന്‍ സ്റ്റോര്‍ ആരംഭിക്കാനും പദ്ധതിയിടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ലോജിസ്റ്റിക്‌സ് വിഭാഗമായ ഇകാര്‍ട്ടില്‍ 1,627 കോടി രൂപയും ഡിജിറ്റല്‍ പേമെന്റ് വിഭാഗമായ ഫോണ്‍പേയില്‍ 500 ദശലക്ഷം ഡോളറും ഫ്‌ളിപ്കാര്‍ട്ട് നിക്ഷേപിച്ചിരുന്നു.

Comments

comments

Categories: Business & Economy