ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തെ നയിച്ച അഞ്ച് വര്‍ഷങ്ങള്‍

ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തെ നയിച്ച അഞ്ച് വര്‍ഷങ്ങള്‍

130 കോടി ജനങ്ങളുള്ള ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായി ബ്യൂണസ് അയേഴ്‌സിലെ കര്‍ദിനാള്‍ ഹോര്‍ഹെ മരിയോ ബെര്‍ഗോഗ്ലിയോയെ തെരഞ്ഞെടുത്തിട്ട് ഈ വര്‍ഷം മാര്‍ച്ച് 13-ാം തീയതി അഞ്ച് വര്‍ഷം തികയുകയാണ്.

UK-യിലെ വിദേശകാര്യ think tanks-ലൊന്നാണു ചാതം ഹൗസ് (Chatham House). പല കാര്യങ്ങളിലും ഉപദേശിക്കാനോ സഹായിക്കാനോ വേണ്ടി സര്‍ക്കാരോ ഏതെങ്കിലും സംഘടനയോ സ്ഥാപിക്കുന്ന വിദഗ്ധ ആളുകളുടെ ഒരു സംഘമാണ് think tanks. സമീപകാലത്തായി think tanks എന്ന ഈ വിദഗ്ധ സംഘം ചേര്‍ന്ന യോഗത്തില്‍ ചര്‍ച്ചാ വിഷയമാകുന്നത് ലോക ബാങ്കോ അതുമല്ലെങ്കില്‍ ബ്രെക്‌സിറ്റിനു ശേഷമുള്ള യൂറോപ്യന്‍ യൂണിയന്റെ ഭാവിയോ അല്ലായിരുന്നു. പകരം ഒരു മത നേതാവായിരുന്നു അത് പോപ്പ് ഫ്രാന്‍സിസാണ്.

രണ്ടാഴ്ച മുന്‍പ് യുകെയിലെ വിദേശകാര്യ വകുപ്പ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന think tank ആയ വില്‍ട്ടണ്‍ പാര്‍ക്ക്, പോപ്പുമായി കൂടിക്കാഴ്ച നടത്താന്‍ അവരുടെ രണ്ട് പ്രതിനിധികളെ വത്തിക്കാനിലേക്ക് അയയ്ക്കുകയുണ്ടായി. അക്രമപരമായ മതതീവ്രതയെ കുറിച്ചു ചര്‍ച്ച ചെയ്യുന്നതിനു വേണ്ടിയായിരുന്നു അത്. മെട്രോപൊളിറ്റന്‍ (സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ്) പൊലീസ് കമ്മീഷണര്‍ ക്രസീദ ഡിക്ക് കഴിഞ്ഞ രണ്ടാഴ്ച മുന്‍പ് റോമിലായിരുന്നു. ആധുനിക അടിമത്തത്തെ കുറിച്ചു ചര്‍ച്ച ചെയ്യാനായിരുന്നു അവര്‍ റോമിലെത്തി മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്. ഈ കൂടിക്കാഴ്ചകളെല്ലാം സൂചിപ്പിക്കുന്നതു പോപ്പ് ഫ്രാന്‍സിസ് ഈ കാലഘട്ടത്തിലെ മുന്‍നിര നേതാക്കളിലൊരാളാന്നെ യാഥാര്‍ഥ്യത്തെയാണ്. ആഗോളതാപനവും കാലാവസ്ഥാ മാറ്റവും ദരിദ്രരാജ്യങ്ങളില്‍ സൃഷ്ടിക്കുന്ന കെടുതികളില്‍ ആശങ്ക പ്രകടിപ്പിച്ചു. സിറിയയില്‍ ആഭ്യന്തരയുദ്ധം രൂക്ഷമായപ്പോള്‍ ജനിച്ചുവളര്‍ന്നു നാടും വീടും വിട്ട് പലായനം ചെയ്തവരുടെ കണ്ണീരൊപ്പി. ഇത്തരത്തില്‍ ആഗോളതലത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ സജീവ ഇടപെടല്‍ പാപ്പ നടത്തി നേതൃപാടവം തെളിയിച്ചു.

130 കോടി ജനങ്ങളുള്ള ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായി ബ്യൂണസ് അയേഴ്‌സിലെ കര്‍ദിനാള്‍ ഹോര്‍ഹെ മരിയോ ബെര്‍ഗോഗ്ലിയോയെ തെരഞ്ഞെടുത്തിട്ട് ഈ വര്‍ഷം മാര്‍ച്ച് 13-ാം തീയതി അഞ്ച് വര്‍ഷം തികയുകയാണ്. പോപ്പ് ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പ ഏവരേയും ഞെട്ടിച്ചു കൊണ്ടു സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണു കര്‍ദിനാള്‍ ബെര്‍ഗോഗ്ലിയോ കത്തോലിക്കാ സഭയുടെ അധ്യക്ഷനായി ചുമതലയേറ്റത്. തുടര്‍ന്നാണ് അദ്ദേഹം ഫ്രാന്‍സിസ് എന്ന പേര് തെരഞ്ഞെടുത്തത്. 2013-ല്‍ അധികാരമേറ്റെടുത്തതിനു ശേഷം, ഫ്രാന്‍സിസ് പാപ്പ നടപ്പിലാക്കിയ പരിഷ്‌ക്കാരങ്ങള്‍ ലോക ശ്രദ്ധ പിടിച്ചുപറ്റിയവയായിരുന്നു. ഈ പരിഷ്‌ക്കാരങ്ങളാകട്ടെ ചില ഘട്ടങ്ങളില്‍ യാഥാസ്ഥിതിക കത്തോലിക്കരുടെയിടയില്‍ അദ്ദേഹത്തെ അപ്രിയനാക്കുകയുണ്ടായി. കാലങ്ങളായി പിന്തുടര്‍ന്നിരുന്ന വത്തിക്കാന്റെ രീതിയെയും കീഴ്‌വഴക്കങ്ങളെയും ഉപേക്ഷിക്കാന്‍ യാഥാസ്ഥിതികര്‍ക്ക് ബുദ്ധിമുട്ടായിരുന്നു. ഇതാണ് ഫ്രാന്‍സിസ് പാപ്പ മാറ്റാന്‍ ശ്രമിച്ചത്. അതിനെ അവര്‍ ശക്തിയുക്തം എതിര്‍ക്കുകയും ചെയ്തു. പക്ഷേ പുരോഗമനവാദികള്‍ പാപ്പയെ പിന്തുണച്ചു. എന്നാല്‍ സമീപകാലത്തു കുട്ടികളെ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ടു ചിലി സന്ദര്‍ശനത്തിനിടെ പാപ്പ നടത്തിയ പ്രസ്താവന, പുരോഗമനവാദികളിലും അസംതൃപ്തിയുണ്ടാക്കി.

ഈ കാലഘട്ടത്തിലെ മുന്‍നിര നേതാക്കളിലൊരാളാണ് ഫ്രാന്‍സിസ് പാപ്പ. ആഗോളതാപനവും കാലാവസ്ഥാ മാറ്റവും ദരിദ്രരാജ്യങ്ങളില്‍ സൃഷ്ടിക്കുന്ന കെടുതികളില്‍ ആശങ്ക പ്രകടിപ്പിച്ചു. സിറിയയില്‍ ആഭ്യന്തരയുദ്ധം രൂക്ഷമായപ്പോള്‍ ജനിച്ചുവളര്‍ന്നു നാടും വീടും വിട്ട് പലായനം ചെയ്തവരുടെ കണ്ണീരൊപ്പി. ഇത്തരത്തില്‍ ആഗോളതലത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ സജീവ ഇടപെടല്‍ പാപ്പ നടത്തി നേതൃപാടവം തെളിയിച്ചു.

2013-ല്‍ കത്തോലിക്കാസഭയുടെ അധ്യക്ഷനായി ഫ്രാന്‍സിസ് മാര്‍പാപ്പ ചുമതലയേറ്റ അന്നു മുതല്‍ ലോകത്തിന് ഒരു കാര്യം ബോദ്ധ്യപ്പെട്ടിരുന്നു. അത് മുന്‍ഗാമിയെ പോലെയല്ലെ ഫ്രാന്‍സിസ് പാപ്പ എന്നതായിരുന്നു. ജനങ്ങളുമായി അടുത്ത് ഇടപഴകുന്നതിലും അവരുമായി ആശയവിനിമയം നടത്തുന്നതിലും മുന്‍ഗാമിയായിരുന്ന ബെനഡിക്റ്റ് പതിനാറാമനേക്കാള്‍ കൂടുതല്‍ ഉന്മേഷവും ഉത്സാഹവുമൊക്കെ ഫ്രാന്‍സിസ് പാപ്പ പ്രകടിപ്പിച്ചു. പ്രവര്‍ത്തിയിലും സമീപനത്തിലും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ പോലെയെന്നു വരെ തോന്നിപ്പിച്ചു ഫ്രാന്‍സിസ് പാപ്പ. പോളിഷ് വംശജനായിരുന്ന ജോണ്‍ പോള്‍ മാര്‍പാപ്പ കമ്മ്യൂണിസം, ശീതയുദ്ധം തുടങ്ങിയ വിഷയങ്ങളിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചതെങ്കില്‍, ലാറ്റിനമേരിക്കന്‍ വംശജനായ ഫ്രാന്‍സിസ് പാപ്പ ശ്രദ്ധ കേന്ദ്രീകരിച്ചതു കുടിയേറ്റക്കാര്‍ അനുഭവിക്കുന്ന വിഷമതകളിലായിരുന്നു. 2016-ല്‍ അദ്ദേഹം ഗ്രീസിലെ ലെസ്‌ബോസില്‍ സന്ദര്‍ശിച്ച് റോമിലേക്ക് തിരികെ പോയപ്പോള്‍ സിറിയന്‍ മുസ്ലിങ്ങളായ മൂന്ന് അഭയാര്‍ഥി കുടുംബങ്ങളെയാണു വിമാനത്തില്‍ കയറ്റി കൊണ്ടു പോയത്.

ഭൂമിയിലെ ഏറ്റവും ദരിദ്രമായ പ്രദേശങ്ങളില്‍ കാലാവസ്ഥാ മാറ്റം സൃഷ്ടിക്കുന്ന ആഘാതം എന്താണെന്നതിനെക്കുറിച്ചു മറ്റ് രാഷ്ട്രത്തലവന്മാരേക്കാള്‍ അധികമായി ആശങ്കപ്പെട്ടിരുന്നത് ഫ്രാന്‍സിസ് പാപ്പയായിരുന്നു എന്നു പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയുണ്ടാവില്ല. അദ്ദേഹം പാരസ്ഥിതിക വിഷയങ്ങളില്‍ വളരെയധികം ബോധവാനാണ്. 2015-ല്‍ ലൗദാത്തോ സീ (അങ്ങേയ്ക്ക് സ്തുതി) എന്ന ഫ്രാന്‍സിസ് പാപ്പയുടെ രണ്ടാമത്തെ ചാക്രിക ലേഖനത്തില്‍ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഓര്‍മിപ്പിക്കുകയുണ്ടായി. അദ്ദേഹത്തിന് ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള ചാക്രിക ലേഖനമായിട്ടാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. മതവിശ്വാസത്തില്‍ താത്പര്യമില്ലാത്തവര്‍ പോലും ഫ്രാന്‍സിസ് പാപ്പയില്‍ ആകൃഷ്ടരായിട്ടുണ്ട്. ഇത് അടിവരയിടുന്നത് ആഗോളതലത്തില്‍ മികച്ച നേതാക്കളുടെ അഭാവം തന്നെയാണ്. എന്നാല്‍ ചിലയവസരങ്ങളില്‍ പാപ്പയുടെ ശബ്ദം കേള്‍ക്കാന്‍ ലോകം ആഗ്രഹിക്കുന്ന അവസരങ്ങളില്‍ അതു സംഭവിക്കാതെയിരുന്നിട്ടുമുണ്ട്. കഴിഞ്ഞ വര്‍ഷം മ്യാന്‍മാറില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ റോഹിങ്ക്യന്‍ വംശജരുടെ കൂട്ട പലായനത്തെ കുറിച്ചു പാപ്പ യാതൊന്നും സംസാരിച്ചില്ല. മ്യാന്‍മാറില്‍ കത്തോലിക്കര്‍ ന്യൂനപക്ഷമാണ്. അവര്‍ക്കു ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നു കരുതിയാവണം പാപ്പ മ്യാന്‍മാര്‍ സന്ദര്‍ശനത്തില്‍ യാതൊന്നും സംസാരിച്ചില്ല.

സഭയെ പരിഷ്‌ക്കരിക്കാനുള്ള പാപ്പയുടെ ശ്രമങ്ങള്‍ക്ക് ആദ്യ ഘട്ടത്തില്‍ നല്ല തുടക്കം ലഭിക്കുകയുണ്ടായി. വിവിധ വകുപ്പുകള്‍ ലയിപ്പിക്കുകയും അധികാരം കൈയ്യാളുന്ന സഭാ അധ്യക്ഷന്മാരുടെ എണ്ണം കുറയ്ക്കുകയും ചെയ്തു. എന്നാല്‍ ആദ്യഘട്ടത്തിലുണ്ടായ ഊര്‍ജ്ജം പിന്നീട് നിലനിര്‍ത്താനായില്ല. വത്തിക്കാന്‍ വൃത്തങ്ങളില്‍ പോപ്പ് യഥാര്‍ഥ കത്തോലിക്കനല്ലെന്നും ഒരു കമ്മ്യൂണിസ്റ്റും, പോപ്പുലിസ്റ്റുമാണെന്നും ഇപ്പോള്‍ സംസാരമുണ്ട്. കുടുംബ ബന്ധങ്ങളെ കുറിച്ചു ചര്‍ച്ച ചെയ്യാന്‍ കത്തോലിക്കാ സഭ 2014ലും 2015ലും അസാധാരണ സിനഡ് ചേര്‍ന്നിരുന്നു. മാര്‍പാപ്പ അധ്യക്ഷനായിട്ടാണു സിനഡ് ചേര്‍ന്നത്. കര്‍ദിനാള്‍മാര്‍, സഭകളുടെ തലവന്‍മാര്‍, സന്യാന സമൂഹങ്ങളുടെ തലവന്‍മാര്‍ തുടങ്ങിയവരാണു പങ്കെടുത്തത്.

വിവാഹമോചം നേടി വീണ്ടും വിവാഹം കഴിച്ചവര്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതു സംബന്ധിച്ചു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണു സിനഡ് ചേര്‍ന്നത്. ഈ സിനഡില്‍ മാര്‍പാപ്പയോടുള്ള എതിര്‍പ്പ് പ്രകടമായിരുന്നു. നാല് കര്‍ദിനാള്‍മാര്‍ പിന്നീട് dubia പുറപ്പെടുവിച്ചിരുന്നു. ദൈവശാസ്ത്രപരമായ സംശയങ്ങളടങ്ങിയ രേഖയാണു ഡൂബിയ. ഡൂബിയ പുറപ്പെടുവിച്ച സംഭവം പോപ്പിന്റെ അധികാരത്തിനു നേരേയുള്ള വെല്ലുവിളി കൂടിയായിട്ടാണ് കണക്കാക്കുന്നത്.

കത്തോലിക്കാസഭയില്‍ പുരോഹിതര്‍ കുട്ടികളെ ദുരുപയോഗം ചെയ്യുന്നതു സംബന്ധിച്ചു വാര്‍ത്തകള്‍ സമീപകാലത്തു വന്‍ പ്രാധാന്യം നേടിയിരുന്നു. ഈ വിഷയം കൈകാര്യം ചെയ്യാന്‍ ഫ്രാന്‍സിസ് പാപ്പ സ്വീകരിച്ച നടപടികള്‍ മാതൃകാപരവുമായിരുന്നു. കുട്ടികളുടെ സംരക്ഷണത്തിനായി ഫ്രാന്‍സിസ് പാപ്പ പൊന്തിഫിക്കല്‍ കമ്മിഷന്‍ രൂപീകരിച്ചു. എന്നാല്‍ പ്രവര്‍ത്തനങ്ങളില്‍ പുരോഗതിയില്ലാതായതോടെ, രണ്ടംഗങ്ങള്‍ കമ്മിഷന്‍ വിട്ടുപോയി. ഇതിനിടെ ജനുവരിയില്‍ ചിലി സന്ദര്‍ശിക്കവേ ബാല പീഢനവുമായി ബന്ധപ്പെട്ട് പാപ്പ നടത്തിയ പ്രതികരണം വലിയ പ്രതിഷേധമുയരാന്‍ കാരണമാവുകയും ചെയ്തു. ചിലിയില്‍ സന്ദര്‍ശനം നടത്തവേ പാപ്പ കുറ്റാരോപിതനായ ബിഷപ്പിനെ ന്യായീകരിച്ചു സംസാരിച്ചതാണു പലരുടെയും എതിര്‍പ്പ് വിളിച്ചുവരുത്തിയത്.

പുരോഹിതരുടെ ലൈംഗിക ചൂഷണത്തിനു മാപ്പു നല്‍കണമെന്നും, ചൂഷണത്തിന് ഇരയായവര്‍ക്ക് എല്ലാ പിന്തുണയും നല്‍കണമെന്നും മാര്‍പാപ്പ അഭ്യര്‍ഥിച്ചിരുന്നു. ഇതോടെ ഈ പ്രശ്‌നത്തിനു പരിഹാരമായെന്നു കരുതിയിരുന്നു. എന്നാല്‍ ബാലലൈംഗിക പീഢന കേസില്‍ ആരോപണവിധേയനായ ഫാ. ഫെര്‍ണാണ്ടോ കരാഡിമയുടെ ചെയ്തികള്‍ മൂടിവയ്ക്കാന്‍ ബിഷപ് ജുവാന്‍ ബാരോസ് ശ്രമിച്ചുവെന്ന കുറ്റപ്പെടുത്തല്‍, ബിഷപ്പിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പിന്നീട് നടത്തിയ പരാമര്‍ശം വന്‍ പ്രതിഷേധത്തിനു കാരണമായി. പീഢനത്തിന് ഇരയായവര്‍ പ്രതിഷേധിച്ചു രംഗത്തുവന്നു. ബിഷപ് ബാരോസിനെതിരേ ഒരൊറ്റ തെളുവുപോലുമില്ല. അപകീര്‍ത്തയുണ്ടാക്കുക മാത്രമാണ് ലക്ഷ്യമെന്ന് ഇക്വിക്വെ നഗരത്തില്‍ ദിവ്യബലി അര്‍പ്പിക്കും മുമ്പ് പത്രലേഖകരുമായി സംസാരിക്കവേയാണു മാര്‍പാപ്പ പറഞ്ഞത്. ബിഷപ്പിനെതിരേ ആരെങ്കിലും തെളിവു കൊണ്ടുവരട്ടെ. അപ്പോള്‍ അതേപ്പറ്റി സംസാരിക്കാമെന്നും മാര്‍പാപ്പ പറഞ്ഞിരുന്നു. ഇതോടെ പ്രതിഷേധമുയര്‍ന്നു. എന്നാല്‍ ആരോപണ വിധേയനായ ബിഷപ്പിനെ ശക്തമായി ന്യായീകരിച്ച സംഭവം പീഢനത്തിന് ഇരയായവര്‍ക്കുണ്ടാക്കിയ മനോവേദനയില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. പീഢനത്തിന് ഇരയായവരെ മുറിവേല്‍പിക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും, തന്റെ വാക്കുകള്‍ അവരെ വ്രണപ്പെടുത്തിയെന്നു മനസിലാക്കുന്നുവെന്നും മാര്‍പാപ്പ പറഞ്ഞു. ഈ സംഭവം ഫ്രാന്‍സിസ് പാപ്പയുടെ വിശ്വാസ്യതയ്ക്ക് വന്‍ ആഘാതമാണ് ഏല്‍പ്പിച്ചത്. ഇതില്‍നിന്നും മറികടക്കാനുള്ള വത്തിക്കാന്‍ നടത്തിയ ശ്രമം വേണ്ടത്ര വിജയിച്ചതുമില്ല.

ആഗോള കത്തോലിക്കാ സഭയുടെ അധ്യക്ഷനായി ചുമതലയേറ്റ് രണ്ട് വര്‍ഷം പിന്നിടുന്ന ഘട്ടത്തില്‍ ഫ്രാന്‍സിസ് പാപ്പ ഒരിക്കല്‍ പറയുകയുണ്ടായി. നാലോ അഞ്ചോ വര്‍ഷത്തിനപ്പുറത്തേയ്ക്ക് ഈ സ്ഥാനത്ത് താന്‍ ഇരിക്കില്ലെന്ന്. എന്നാല്‍ ഈ മാര്‍ച്ചില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന ഘട്ടത്തില്‍ സ്ഥാനത്തുനിന്നും വിരമിക്കാന്‍ നേരമായിട്ടില്ലെന്നു പാപ്പ കരുതുന്നുണ്ട്. ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ടെന്നും അദ്ദേഹം വിശ്വസിക്കുന്നു. പക്ഷേ, റോമില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത് ഫ്രാന്‍സിസ് പാപ്പയുടെ പിന്‍ഗാമിയെ കുറിച്ചാണ്. ആരായിരിക്കണം അടുത്ത പാപ്പ ? എന്ന ചര്‍ച്ചയ്ക്കു ചൂടുപിടിച്ചിരിക്കുന്നു. കത്തോലിക്കാ സഭ വളര്‍ച്ച കാണിക്കുന്ന രാജ്യങ്ങളില്‍നിന്നുള്ള കര്‍ദിനാള്‍മാരായിരിക്കണം അടുത്ത മാര്‍പാപ്പയാകേണ്ടതെന്ന നിര്‍ദേശം ഉയരുന്നുണ്ട്. എന്നാല്‍ യാഥാസ്ഥിതിക നിലപാടുള്ള കര്‍ദിനാള്‍മാരെയായിരിക്കണം അടുത്ത മാര്‍പ്പാപ്പയായി വാഴിക്കേണ്ടതെന്നും നിര്‍ദേശമുണ്ട്. ഗിനിയയിലെ കര്‍ദിനാള്‍ റോബര്‍ട്ട് സാറാ, കൊളംബോയില്‍നിന്നുള്ള കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്ത് തുടങ്ങിയവരുടെ പേരുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.

ലോകത്തിനെ സംബന്ധിച്ചും സാധാരണ കത്തോലിക്കരെ സംബന്ധിച്ചും ഈ മാര്‍പ്പാപ്പ ഒരു സ്വാധീന ശക്തിയായിട്ടാണ് വര്‍ത്തിച്ചത്. സഭയുടെ തെറ്റായ കീഴ്‌വഴക്കങ്ങളെ അദ്ദേഹം മാറ്റിമറിച്ചു. കര്‍ക്കശമായ നിയമങ്ങളെക്കാള്‍ കരുണയ്ക്കും അനുകമ്പയ്ക്കും ഊന്നല്‍ കൊടുത്തു. മാര്‍പാപ്പയായി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഫ്രാന്‍സിസ് പാപ്പയ്ക്കു ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. അദ്ദേഹത്തിന്റെ ദൗത്യം പൂര്‍ത്തിയായെന്നു പറയാനും അതു കൊണ്ടു തന്നെ സാധിക്കില്ലെന്നതാണു വസ്തുത.

 

Comments

comments

Categories: Motivation, Slider, World