റോമാ നഗരം ഡീസല്‍ കാറുകള്‍ നിരോധിക്കുന്നു

റോമാ നഗരം ഡീസല്‍ കാറുകള്‍ നിരോധിക്കുന്നു

റോം: യൂറോപ്പിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന നഗരങ്ങളിലൊന്നായ റോം, 2024-ാടെ ഡീസല്‍ കാറുകള്‍ നിരോധിക്കാന്‍ തീരുമാനിച്ചെന്നു മേയര്‍ പറഞ്ഞു. പുരാതന സ്മാരകങ്ങള്‍ സ്ഥിതി ചെയ്യുന്ന നഗരം കൂടിയാണു റോം. വാഹനപ്പെരുപ്പവും ഇതുമൂലമുണ്ടാകുന്ന വായു മലിനീകരണവും ഉയര്‍ത്തുന്ന ഭീഷണിയെ നേരിടാനാണു ഡീസല്‍ കാറുകള്‍ നിയന്ത്രിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണു മേയര്‍ ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ വര്‍ഷം ഇറ്റലിയില്‍ വില്‍പന നടത്തിയ 1.8 ദശലക്ഷം പുതിയ കാറുകളില്‍ മൂന്നില്‍ രണ്ടും ഡീസല്‍ കാറുകളായിരുന്നു. റോമാ നഗരത്തില്‍ പ്രമുഖ വ്യവസായ സ്ഥാപനങ്ങളൊന്നും തന്നെ പ്രവര്‍ത്തിക്കുന്നില്ല. പക്ഷേ നഗരത്തില്‍ മോട്ടോര്‍ വാഹനങ്ങള്‍ പുറന്തള്ളുന്ന മാലിന്യം നിറഞ്ഞ പുക, വ്യവസായശാലകള്‍ പുറന്തള്ളുന്നതിനേക്കാള്‍ കൂടുതല്‍ ഭവിഷ്യത്ത് ഉളവാക്കുന്നതാണെന്നു വിദഗ്ധര്‍ പറയുന്നു. വര്‍ഷങ്ങളായി ഇതിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലായിരുന്നു അധികൃതര്‍.

പഴയ വാഹനങ്ങള്‍ക്കു നിരോധനമേര്‍പ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങളെ കുറിച്ചു ചിന്തിച്ചിരുന്നെങ്കിലും അവയൊന്നും നടപ്പിലാക്കുവാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇക്കഴിഞ്ഞ ദിവസം ജര്‍മനിയില്‍ കോടതി, നഗരങ്ങള്‍ക്കു മാലിന്യ തോത് കുറച്ചു കൊണ്ടുവരാന്‍ ഡീസല്‍ കാറുകള്‍ക്കു നിരോധനമേര്‍പ്പെടുത്തുന്ന കാര്യം ചിന്തിക്കാവുന്നതാണെന്ന് ഉത്തരവിട്ടത് റോം നഗരത്തിന്റെ ഭരണാധികാരികള്‍ക്ക് പ്രചോദനമാവുകയായിരുന്നു. വായു മലിനീകരണത്തെ തുടര്‍ന്നു റോമില്‍ 3,600 സ്മാരകശിലകള്‍ക്കും, 60 വെങ്കല ശില്‍പങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി സാംസ്‌കാരിക വകുപ്പ് കഴിഞ്ഞ വര്‍ഷം നടത്തിയ പഠനത്തില്‍ കണ്ടെത്തുകയുണ്ടായി.

Comments

comments

Categories: Auto, World