മരണശേഷവും നാടകീയത തുടര്‍ന്ന ചാപ്ലിന്‍

മരണശേഷവും നാടകീയത തുടര്‍ന്ന ചാപ്ലിന്‍

തന്റെ അഭിനയത്തിലൂടെ ലോകത്തെ വിസ്മയിപ്പിച്ച വ്യക്തിയാണ് ചാര്‍ളി ചാപ്ലിന്‍. അദ്ദേഹത്തിന്റെ മരണശേഷവും ഈ നാടകീയത തുടര്‍ന്നു. ഒരുപക്ഷേ, ഒരു മനുഷ്യന്റെ അന്ത്യത്തിന് ലഭിക്കാവുന്ന ഏറ്റവും വലിയ നാടകീയത. ജീവനില്ലാത്ത ശരീരം മേഷ്ടിച്ചു കൊണ്ടുപോയി വിലപേശുകയെന്ന അപൂര്‍വ സംഭവം ചാപ്ലിന്റെ ജീവിതാവസാനം ഉണ്ടായി. 1977ലെ ക്രിസ്തുമസ് ദിവസം തന്റെ 88ാം വയസിലാണ് അദ്ദേഹം മരണപ്പെടുന്നത്. രണ്ടുമാസങ്ങള്‍ക്കിപ്പുറം 1978 മാര്‍ച്ച് രണ്ടിന് സ്വിറ്റ്‌സര്‍ലന്‍ഡിലെ ലേക്ക് ജനീവയ്ക്ക് സമീപമുള്ള ശവകുടീരത്തില്‍ നിന്നും ആ കലാകാരന്റെ ഭൗതിക ശരീരം മോഷണം പോയി.

സ്വിറ്റ്‌സര്‍ലന്‍ഡ് പോലീസിനെ കുഴക്കിയ ഒരു കേസായിരുന്നു അത്. മോഷ്ടിച്ച ശവശരീരവുമായി കുറ്റവാളികള്‍ ചാപ്ലിന്റെ വിധവ ഊനയോട് നടത്തിയ വില പേശലുകള്‍ക്ക് അവര്‍ വഴങ്ങിയില്ല. പോലീസ് ഈ കേസില്‍ തുടക്കം മുതല്‍ വലിയ താല്‍പര്യം കാണിച്ചിരുന്നു. അഞ്ച് ആഴ്ച നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ പോളണ്ടുകാരനായ റോമന്‍ വര്‍ദാസ്, ബള്‍ഗേറിയയില്‍ നിന്നുള്ള ഗണ്‍സ്‌റ്റോ ഗനേവ് എന്നീ രണ്ട് ഓട്ടോ മെക്കാനിക്കുകളെ പൊലീസ് അറസ്റ്റ് ചെയ്തു. കിഴക്കന്‍ യൂറോപ്പില്‍ നിന്നുള്ള രാഷ്ട്രീയ അഭയാര്‍ത്ഥികളായ ഇവര്‍ തങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായാണ് ചാപ്ലിന്റെ ഭൗതിക ശരീരം കവര്‍ന്നത്. സംഭവത്തിന്റെ പ്രധാന സൂത്രധാരനായ വര്‍ദാസിനെ നാലര വര്‍ഷത്തെ കഠിന തടവിനാണ് വിധിച്ചത്. ഗനേവിന് 18 മാസത്തെ തടവും വിധിച്ചു. ഭാവിയിലെ മോഷണശ്രമങ്ങള്‍ തടയുന്നതിനായി ചാപ്ലിന്റെ മൃതദേഹം അദ്ദേഹത്തിന്റെ കുടുംബം ഒരു കോണ്‍ക്രീറ്റ് കല്ലറയില്‍ പുനസംസ്‌കരിച്ചു.

Comments

comments

Categories: Life, World