വോക്‌സ് സിനിമാസ് സൗദിയില്‍ അരങ്ങേറ്റം കുറിക്കുന്നു

വോക്‌സ് സിനിമാസ് സൗദിയില്‍ അരങ്ങേറ്റം കുറിക്കുന്നു

റിയാദ്: ഗള്‍ഫ് മേഖലയിലെ പ്രധാന സിനിമാ കമ്പനി വോക്‌സ് സൗദിയില്‍ അരങ്ങേറ്റം കുറിക്കുന്നു. സൗദി അറേബ്യയിലെ ആദ് പബ്ലിക്ക് സ്‌ക്രീനിംഗിന് ഒരുങ്ങുകയാണ് ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വോക്‌സ്. അല്‍ഷിമേഴ്‌സ് രോഗത്തിന് എതിരായ ചാരിറ്റി പ്രോഗ്രാമിന്റെ ഭാഗമായാണ് പബ്ലിക്ക് സ്‌ക്രീനിംഗ്. റിയാദ് ഡെപ്യൂട്ടി ഗവര്‍ണറായ പ്രിന്‍സ് മൊഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ അബ്ദുളസീസിന്റെ അനുഗ്രാഹാശിസുകളോടെ എംസ്വല സിറ്റി ഇനിഷ്യേറ്റീവുമായി സഹകരിച്ചാണ് വോക്‌സിന്റെ സ്‌ക്രീനിംഗ്. മാര്‍ച്ച് 1-3 തിയതികളിലായാണ് പരിപാടി.

റിയാദിലെ ഡിജിറ്റല്‍ സിറ്റിയിലാണ് പരിപാടി നടക്കുക. ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ സിനിമാ ഓപ്പറേറ്ററായാണ് വോക്‌സ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയോടെയാണ് വോക്‌സിന്റെ സൗദിയിലേക്കുള്ള അരങ്ങേറ്റത്തെ ബിസിനസ് ലോകം കാണുന്നത്.

അടുത്തിടെയാണ് സൗദിയില്‍ സിനിമയ്ക്കുള്ള വിലക്ക് നീക്കിയത്. അതിനെത്തുടര്‍ന്ന് ഡിസംബറില്‍ യുഎസ് സിനിമ ചെയ്‌നായ എഎംസി എന്റര്‍ടെയ്ന്‍മെന്റ് രാജ്യത്ത് സിനിമാ തിയറ്ററുകള്‍ തുറക്കാനും പ്രവര്‍ത്തിപ്പിക്കാനുമുള്ള കരാറില്‍ ഒപ്പുവെച്ചിരുന്നു.

സൗദി കിരീടാവകാശി പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്‍ നടപ്പാക്കുന്ന ഉദാരവല്‍ക്കരണ നയങ്ങളുടെ ഭാഗമായി വിനോദരംഗത്തും വലിയ ഉണര്‍വാണ് രാജ്യത്തുണ്ടായിക്കൊണ്ടിരിക്കുന്നത്. വിനോദത്തിന് അത്ര പ്രാധാന്യം നല്‍കാതിരുന്ന സൗദിയുടെ ആവാസവ്യവസ്ഥയില്‍ സിനിമ തിയറ്ററുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതും സിനിമയ്ക്കുള്ള വിലക്ക് നീക്കിയതുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. വിനോദ മേഖലയില്‍ 64 ബില്ല്യണ്‍ ഡോളറിന്റെ വമ്പന്‍ നിക്ഷേപമാണ് അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഉണ്ടാകുകയെന്നാണ് അടുത്തിടെ സൗദി പ്രഖ്യാപിച്ചത്.

സൗദിയുടെ ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് അതോറിറ്റി തലവന്‍ അഹമ്മദ് ബിന്‍ അഖീല്‍ അല്‍ ഖാതിബ്ബാണ് വിനോദ രംഗത്ത് വമ്പന്‍ നിക്ഷേപം എത്തുമെന്ന് പ്രഖ്യാപിച്ചത്. പൊതുമേഖലയ്‌ക്കൊപ്പം തന്നെ സ്വകാര്യ മേഖലയും വിനോദരംഗത്തേക്ക് പണമൊഴുക്കാനാണ് പദ്ധതി.

2018ല്‍ മാത്രം വിനോദരംഗത്ത് 5,000 ഇവന്റുകളാണ് സൗദി പദ്ധതിയിട്ടിരിക്കുന്നത്. ആഭ്യന്തര തലത്തിലും ആഗോളതലത്തിലും ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ഇതിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഞങ്ങള്‍ ഇതിനെല്ലാമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്-ഖാതിബ്ബ് പറഞ്ഞു. 2020 ആകുമ്പോഴേക്കും സൗദിയില്‍ നിങ്ങള്‍ യഥാര്‍ത്ഥമാറ്റം കാണുമെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Arabia, Movies