എട്ട് പ്രമുഖ വ്യവസായങ്ങളുടെ വളര്‍ച്ച 6.7 ശതമാനമായി വര്‍ധിച്ചു

എട്ട് പ്രമുഖ വ്യവസായങ്ങളുടെ വളര്‍ച്ച 6.7 ശതമാനമായി വര്‍ധിച്ചു

ന്യൂഡെല്‍ഹി: രാജ്യത്തെ എട്ട് പ്രധാന വ്യവസായ മേഖലകളിലെ (കോര്‍ സെക്റ്റര്‍) മൊത്തം ഉല്‍പ്പാദനത്തില്‍ ജനുവരി മാസത്തില്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തിയതായി ഔദ്യോഗിക റിപ്പോര്‍ട്ട്. ഡിസംബറില്‍ 4.2 ശതമാനത്തിന്റെ വളര്‍ച്ച നിരീക്ഷിച്ച സ്ഥാനത്ത് ജനുവരിയില്‍ 6.7 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നടപ്പു സാമ്പത്തിക വര്‍ഷം നാലാം പാദത്തിന്റെ ശക്തമായ തുടക്കം കൂടിയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

സിമന്റ്, റിഫൈനിംഗ്, കല്‍ക്കരി, വളങ്ങള്‍, വൈദ്യുതി, സ്റ്റീല്‍, ക്രൂഡ് ഓയില്‍, പ്രകൃതി വാതകം എന്നീ വ്യാവസായിക മേഖലകളെയാണ് കോര്‍ സെക്റ്റര്‍ വിഭാഗത്തില്‍ പരിഗണിക്കുന്നത്. ഇതില്‍ സിമന്റ്, വൈദ്യുതി, കല്‍ക്കരി, റിഫൈനറി, സ്റ്റീല്‍ തുടങ്ങിയ മേഖലകളിലെ ഉല്‍പ്പാദനത്തിലുണ്ടായ വര്‍ധനയാണ് ജനുവരിയില്‍ കോര്‍ സെക്റ്ററിന്റെ മൊത്തം ഉല്‍പ്പാദന വളര്‍ച്ചയില്‍ പ്രതിഫലിച്ചിട്ടുള്ളതെന്നാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വ്യാവസായിക ഉല്‍പ്പാദന സൂചികയില്‍ (ഐഐപി) 40 ശതമാനം പങ്കാളിത്തമാണ് എട്ട് പ്രമുഖ വ്യവസായങ്ങള്‍ക്കുള്ളത്.

കല്‍ക്കരി ഉല്‍പ്പാദനത്തില്‍ മൂന്ന് ശതമാനത്തിന്റെ വര്‍ധനയാണ് ജുവരിയിലുണ്ടായത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഉല്‍പ്പാദനത്തില്‍ 0.1 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയ സ്ഥാനത്താണിത്. സിമന്റ് ഉല്‍പ്പാദനം ജനുവരിയില്‍ 20.7 ശതമാനം വര്‍ധിച്ചു. വൈദ്യുതി ഉല്‍പ്പാദനത്തില്‍ 8.2 ശതമാനത്തിന്റെ വര്‍ധനയാണ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ആഭ്യന്തര കല്‍ക്കരി ഉല്‍പ്പാദനത്തിലും കല്‍ക്കരി ഇറക്കുമതിയിലും ഉണ്ടായ വീണ്ടെടുപ്പ് ജനുവരിയിലെ വൈദ്യുതി ഉല്‍പ്പാദനത്തില്‍ വലിയ പങ്കാളിത്തം വഹിച്ചിട്ടുണ്ടെന്നും ഔദ്യോഗിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

രാസവളം, ക്രൂഡ് ഓയില്‍, പ്രകൃതി വാതകം എന്നീ മേഖലകളില്‍ നിന്നുള്ള ഉല്‍പ്പാദനത്തിലാണ് ജനുവരിയില്‍ ഇടിവ് അനുഭവപ്പെട്ടത്. ക്രൂഡ് ഓയില്‍ ഉല്‍പ്പാദനത്തില്‍ 3.2 ശതമാനവും രാസവളങ്ങളുടെ ഉല്‍പ്പാദനത്തില്‍ 1.6 ശതമാനവും ഇടിവാണുണ്ടായത്. നാലാം പാദത്തിലും സിമന്റ് ഉല്‍പ്പാദനത്തില്‍ ആരോഗ്യകരമായ വര്‍ധനയുണ്ടാകുമെന്നാണ് വ്യാവസായിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. അതേസമയം ഈ വളര്‍ച്ച ഉയര്‍ന്ന തലത്തില്‍ തന്നെ സുസ്ഥിരമായിരിക്കില്ലെന്നും വിലയിരുത്തപ്പെടുന്നു.

ഖനന, വൈദ്യുതി ഉല്‍പ്പാദനത്തില്‍ ഈ വര്‍ഷം ജനുവരിയിലും വര്‍ധന രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഐക്രയില്‍ നിന്നുള്ള മുഖ്യ സാമ്പത്തികവിദഗ്ധ അദിതി നയ്യാര്‍ പറഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെയുള്ള കണക്കെടുത്താല്‍ എട്ട് പ്രമുഖ വ്യവസായങ്ങളുടെ മൊത്തം ഉല്‍പ്പാദനത്തില്‍ 4.3 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

Comments

comments

Categories: Business & Economy