സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് 2021 വരെ വര്‍ധിപ്പിക്കില്ല: ഷേഖ് മൊഹമ്മദ്

സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് 2021 വരെ വര്‍ധിപ്പിക്കില്ല: ഷേഖ് മൊഹമ്മദ്

ദുബായ്: യുഎഇയിലെ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് ചുരുങ്ങിയത് അടുത്ത മൂന്ന് വര്‍ഷത്തേക്കെങ്കിലും കൂട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. യുഎഇ കാബിനറ്റ് മീറ്റിംഗില്‍ അധ്യക്ഷത വഹിച്ച യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മൊഹമ്മദ് ബിന്‍ റഷിദ് അല്‍ മക്തൂം ആണ് പ്രഖ്യാപനം നടത്തിയത്.

അടുത്ത മൂന്ന് വര്‍ഷത്തേക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസുകളില്‍ വര്‍ധന വരുത്തേണ്ടെന്നാണ് തീരുമാനം. സാമൂഹ്യ, സാമ്പത്തിക സ്ഥിരത കൊണ്ടുവരുന്നതിന്റെയും വ്യവാസയ, വാണിജ്യമേഖലകളെ പിന്തുണയ്ക്കുന്നതിന്റെയും കൂടുതല്‍ നേരിട്ടുള്ള വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതിന്റെയും ഭാഗമായാണ് നടപടിയെന്ന് ഷേഖ് മൊഹമ്മദ് ട്വിറ്ററില്‍ പറഞ്ഞു.

യുഎഇയെ മത്സരക്ഷമതയുള്ള രാജ്യമാക്കുകയാണ് സര്‍ക്കാരിന്റെ മുന്‍ഗണന. പുതിയ നിരവധി സാമൂഹ്യ വികസന പദ്ധഥികള്‍ സര്‍ക്കാര്‍ ആരംഭിക്കും. യുഎഇയിലെ യുവാക്കള്‍ക്ക് കൂടി രാജ്യത്തിന്റെ വികസനത്തില്‍ നിന്ന് നേട്ടം കിട്ടുന്ന തരത്തിലായിരിക്കും പദ്ധതികള്‍-അദ്ദേഹം പറഞ്ഞു.

ഇന്നൊവേഷനിലും നവ സാങ്കേതികവിദ്യകളിലും അധിഷ്ഠിതമായാണ് ഷേഖ് മൊഹമ്മദ് യുഎഇയുടെ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. ഭാവി മുന്‍കൂട്ടിക്കണ്ടുള്ള ക്രിയാത്മകമായ തീരുമാനങ്ങളാണ് സര്‍ക്കാര്‍ കൈകൊള്ളുന്നത്. കൃത്രിമ ബുദ്ധി പോലുള്ള സങ്കേതങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കിയുള്ളതാണ് യുഎഇയുടെ വികസന പദ്ധതികള്‍.

Comments

comments

Categories: Arabia