വിനിമയത്തിലുള്ള കറന്‍സി മൂല്യം നോട്ട് അസാധുവാക്കലിന് മുമ്പുള്ളതിന്റെ 99.17%ല്‍ എത്തി

വിനിമയത്തിലുള്ള കറന്‍സി മൂല്യം നോട്ട് അസാധുവാക്കലിന് മുമ്പുള്ളതിന്റെ 99.17%ല്‍ എത്തി

ന്യൂഡെല്‍ഹി: രാജ്യത്ത് വിനിമയത്തിന് ലഭ്യമായ കറന്‍സിയുടെ മൂല്യം നോട്ട് അസാധുവാക്കലിന് മുമ്പുണ്ടായിരുന്നതിന്റെ 99.17 ശതമാനത്തിലേക്ക് എത്തിച്ചേര്‍ന്നുവെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). 2016 നവംബര്‍ 8നാണ് കേന്ദ്രസര്‍ക്കാര്‍ ഉയര്‍ന്ന മൂല്യമുള്ള 500,1000 രൂപ നോട്ടുകള്‍ രാജ്യത്ത് നിരോധിച്ചത്. 2016 നവംബര്‍ 4ലെ തലത്തിലേക്ക് കറന്‍സി വിനിമയം ഏറക്കുറെ എത്തിച്ചേര്‍ന്നിരിക്കുന്നത് 15 മാസങ്ങള്‍ക്ക് ശേഷമാണ്. 2018 ഫെബ്രുവരി 23വരെയുള്ള കണക്കുകള്‍ പ്രകാരം 17,82 ലക്ഷം കോടി രൂപയുടെ കറന്‍സിയാണ് രാജ്യത്ത് വിനിമയത്തിനായുള്ളത്. 2016 നവംബര്‍ 4ലെ കണക്ക്പ്രകാരം ഇത് 17.97 ലക്ഷം കോടിരൂപയായിരുന്നു.

നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിലൂടെ രാജ്യത്തെ വിനിമയത്തിലിരുന്ന കറന്‍സി മൂല്യത്തിന്റെ 80 ശതമാനത്തിലധികമാണ് കേന്ദ്ര സര്‍ക്കാര്‍ ഇല്ലാതാക്കിയിരുന്നത്. തുടര്‍ന്ന് പുതിയ നോട്ടുകള്‍ പുറത്തിറക്കിയെങ്കിലും കറന്‍സി ക്ഷാമം പരിഹരിക്കപ്പെടാന്‍ ഏറെ കാലമെടുത്തു. അസാധു നോട്ടുകള്‍ തിരികെ നല്‍കാനുള്ള കാലാവധി അവസാനിച്ച 2016 ഡിസംബര്‍ 30ന് 8.93 ലക്ഷം കോടി രൂപ മാത്രമായിരുന്നു രാജ്യത്ത് വിതരണം ചെയ്യപ്പെട്ടിരുന്നത്.

നോട്ട് അസാധുവാക്കലിന് ശേഷം ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ വഴിയുള്ള പേമെന്റുകള്‍ പല മാസങ്ങളിലും ഉയര്‍ന്നു. എന്നാല്‍ വിനിമയത്തിലുള്ള കറന്‍സിയുടെ മൂല്യം പഴയ തലത്തിലേക്ക് എത്തിയതോടെ ഡിജിറ്റല്‍ ഇടപാടുകളുടെ വളര്‍ച്ചയില്‍ മാന്ദ്യം പ്രകടമായിട്ടുണ്ട്. ‘ പണത്തിലൂടെയുള്ള ഇടപാടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഡിജിറ്റല്‍ ഇടപാടുകള്‍ വളരേ ചെറുതാണ്. നോട്ട് അസാധുവാക്കല്‍ സമയത്ത് പ്രകടിപ്പിച്ച രീതിയിലുള്ള വളര്‍ച്ച ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഇപ്പോഴില്ല’, ഫ്രീചാര്‍ജ് സിഇഒ സംഗ്രാം സിംഗ് പറഞ്ഞു.

നോട്ട് അസാധുവാക്കല്‍ വഴി സമ്പദ്ഘടനയില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിക്കുമെന്നും ബാങ്കിംഗ് സംവിധാനം കൂടുതല്‍ പേരിലേക്കെത്തുമെന്നുമാണ് പ്രധാന നേട്ടങ്ങളായി ഉയര്‍ത്തിക്കാട്ടപ്പെട്ടിരുന്നത്. എന്നാല്‍ വിനിമയത്തിലുള്ള കറന്‍സിയുടെ മൂല്യത്തില്‍ സമീപകാലത്ത് ഇത്രയധികം വളര്‍ച്ച ഉണ്ടായതിനുള്ള കാരണം സംബന്ധിച്ച് സാമ്പത്തിക വിദഗ്ധര്‍ക്കും വ്യക്തതയില്ല. ഡിജിറ്റല്‍ ലക്ഷ്യങ്ങള്‍ മാറ്റിവെച്ച് സാമ്പത്തിക പ്രവര്‍ത്തനങ്ങളെ പുനരുജ്ജീവിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ചിലര്‍ ചൂണ്ടിക്കാിക്കുന്നു. സാധാരണയായി പൊതുതെരഞ്ഞെടുപ്പുകള്‍ക്കു മുന്നോടിയായി കറന്‍സി വിനിമയം ഉയരാറുണ്ടെന്നും ചിലര്‍ നിരീക്ഷിക്കുന്നു. വിനിമയത്തിലുള്ള കറന്‍സിയുടെ മൂല്യം ഒരിക്കലും പഴയ തലത്തിലേക്ക് എത്തിക്കില്ലെന്നായിരുന്നു നേരത്തേ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കിയിരുന്നത്.

Comments

comments

Categories: Business & Economy