സാനിറ്ററി പാഡ് നിര്‍മാണത്തില്‍ വിജയിച്ച ദമ്പതികള്‍

സാനിറ്ററി പാഡ് നിര്‍മാണത്തില്‍ വിജയിച്ച ദമ്പതികള്‍

സ്വന്തമായൊരു സംരംഭം എന്ന മോഹത്തില്‍ ഉറച്ചുനിന്ന് പരിഹാസങ്ങള്‍ക്കു മുന്നില്‍ പതറാതെ വിജയം കൈവരിച്ച സംരംഭകരാണ് നിയാസ്ഖാന്‍- അഷ്‌നിജ ദമ്പതികള്‍. കോഴിക്കോട് ‘ ഫിഗി’ എന്ന പേരില്‍ സാനിറ്ററി നാപ്കിന്‍ നിര്‍മാണ രംഗത്ത് സ്വന്തമായൊരു ബ്രാന്‍ഡ് കെട്ടിപ്പടുക്കാനും ഇവര്‍ക്കു കഴിഞ്ഞു

സംരംഭക രംഗത്ത് വ്യത്യസ്ത വഴിയിലൂടെ സഞ്ചരിച്ച സംരംഭകരാണ് നിയാസ് ഖാനും ഭാര്യ അഷ്‌നിജയും. സ്വന്തമായൊരു സംരംഭം എന്ന ആഗ്രഹ സാഫല്യത്തിനായി കൃഷിയില്‍ നിന്നും വേറിട്ട ആശയത്തിലേക്കു തിരിഞ്ഞ ഈ ദമ്പതികള്‍ക്ക് സംരംഭക മേഖലയിലെ വിജയകഥയാണ് പങ്കുവെക്കാനുള്ളത്. നാല് വര്‍ഷങ്ങള്‍ക്കു മുമ്പ് ‘ ഫിഗി’ എന്ന ബ്രാന്‍ഡ് നെയിമില്‍ സാനിറ്ററി നാപ്കിന്‍ നിര്‍മാണ സംരംഭം തുടങ്ങുമ്പോള്‍ നിരുല്‍സാഹപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്തവര്‍ക്ക് തങ്ങളുടെ വിജയത്തിലൂടെ മറുപടി നല്‍കാനും കഴിഞ്ഞിരിക്കുന്നു. കോഴിക്കോട് തമ്പലമണ്ണയില്‍ പ്രവര്‍ത്തിക്കുന്ന ഫിഗി ഇന്ന് നാപ്കിന്‍ പാഡ് നിര്‍മാണ രംഗത്ത് അറിയപ്പെടുന്ന നാമധേയമായി മാറുകയാണ്. ബിസിനസിനൊപ്പം സാമൂഹ്യപ്രവര്‍ത്തനങ്ങളിലും ഈ സംരംഭക ദമ്പതികള്‍ ഭാഗഭാക്കാകുന്നുണ്ട്. ഫിഗിയുടെ തുടക്കത്തെകുറിച്ചും പ്രവര്‍ത്തനങ്ങളെകുറിച്ചും നിയാസ്ഖാനും അഷ്‌നിജയും ഫ്യൂച്ചര്‍ കേരളയോട് പങ്കുവെക്കുന്നു.

സാനിറ്ററി പാഡ് സംരംഭത്തിലേക്ക് എത്താനുണ്ടായ സാഹചര്യം?

തിരുവമ്പാടിയിലെ ഒരു മലയോര മേഖലയിലാണ് ഞങ്ങളുടെ താമസം. റബര്‍ ആയിരുന്നു പ്രധാന കൃഷി. വിദേശത്തും ജോലി ചെയ്തിട്ടുണ്ട്. പണ്ടുകാലം മുതലേ മനസിലുണ്ടായ സ്വപ്‌നമാണ് സ്വന്തമായി ഒരു സംരംഭം. ഭാര്യ അഷ്‌നിജയ്ക്കും ബിസിനസില്‍ താല്‍പര്യമുള്ളതുകൊണ്ട് ഇരുവരും ചേര്‍ന്ന് ഒരു സംരംഭം തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. പിന്നീട് മകന്‍ ജനിച്ചതോടെ ഡയപ്പര്‍ വാങ്ങാന്‍ തുടങ്ങിയപ്പോഴാണ് എന്തുകൊണ്ട് ഡയപ്പര്‍ നിര്‍മാണം സംരംഭമാക്കിക്കൂടാ എന്ന് ആലോചിച്ചത്. എന്നാല്‍ ഡയപ്പര്‍ മെഷീനുകളുടെ ഭീമമായ വില ഞങ്ങളുടെ മോഹങ്ങള്‍ക്കു തടസമായി. പിന്നീട് റബര്‍ ഉല്‍പ്പന്നത്തിലേക്കു ചിന്ത വഴിമാറിയെങ്കിലും ഒടുവില്‍ സാനിറ്ററി നാപ്കിന്‍ നിര്‍മാണത്തില്‍ എത്തുകയായിരുന്നു.

ബിസിനസിന് സാനിറ്ററി പാഡ് എന്ന ആശയം തെരഞ്ഞെടുത്തപ്പോള്‍ പലരും പരിഹസിച്ചെങ്കിലും പിന്നീട് വിജയം കണ്ട് പ്രോല്‍സാഹിപ്പിച്ചവരും ഏറെയാണ്. ബിസിനസ് വിപുലീകരിച്ച് സാനിറ്ററി നാപ്കിന്‍ നിര്‍മാണത്തിനൊപ്പം ഡയപ്പര്‍ നിര്‍മാണത്തിലേക്കും കടക്കണമെന്നാണ് ആഗ്രഹം

നിയാസ്ഖാന്‍

ഫിഗി ബ്രാന്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍? പ്രത്യേകതകള്‍?

ഫിഗി എന്ന പേരില്‍ ബ്രാന്‍ഡ് തുടങ്ങിയിട്ട് നാല് വര്‍ഷമായി. ഉല്‍പ്പന്നം നന്നായി ഡിസൈന്‍ ചെയ്ത് ഫിഗി എന്ന പേരില്‍ ട്രേഡ്മാര്‍ക്ക് എടുത്തു. തുടക്കത്തില്‍ മെറ്റേണിറ്റി പാഡുകളാണ് നിര്‍മിച്ചത്. ഉല്‍പ്പന്നം പരിചയപ്പെടുത്തുന്നതിനും മറ്റുമായി ഞങ്ങള്‍ ഇരുവരും തന്നെ വിപണിയിലേക്ക് ഇറങ്ങി ഓരോ ഇടങ്ങളിലും മാര്‍ക്കറ്റ് ഉണ്ടാക്കിയെടുത്തു. ആദ്യ ഉല്‍പ്പന്നം മെറ്റേണിറ്റി പാഡുകള്‍ ആയതുകൊണ്ടുതന്നെ ആശുപത്രികളായിരുന്നു പ്രധാന വിപണി. ഈ മേഖലയില്‍ ബ്രാന്‍ഡ് ചെയ്യപ്പെട്ട നിരവധി ഉല്‍പ്പന്നങ്ങള്‍ നിലവിലുണ്ട്. അതിനാല്‍ പുതിയ ഉല്‍പ്പന്നത്തിന്റെ ക്വാളിറ്റിയെ സംബന്ധിച്ച് ആളുകളില്‍ ധാരാളം സംശയങ്ങളും തുടക്കത്തില്‍ ഉണ്ടായി. എന്നാല്‍ ഇന്ന് കേരളത്തില്‍ മുഴുവനും ബെംഗളൂരും ഹൈദരാബാദിലും ഞങ്ങള്‍ക്ക് ഉപഭോക്താക്കളുണ്ട്. പ്രതിദിനം 3000ല്‍ അധികം പായ്ക്കറ്റുകളാണ് ഫിഗി ഉല്‍പ്പാദിപ്പിക്കുന്നത്. സാനിറ്ററി നാപ്കിനുകളുടെ വില 30 രൂപയില്‍ തുടങ്ങുമ്പോള്‍ മെറ്റേണിറ്റി നാപ്കിനുകള്‍ക്ക് 66 മുതല്‍ 96 വരെയാണ് നിരക്ക്. ഒരു സുഹൃത്തിന്റെ പ്ലാന്റില്‍ കരാര്‍ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സാനിറ്ററി നാപ്കിനുകള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ആറ് സ്ഥിരം സ്റ്റാഫുകള്‍ക്കു പുറമെ നിരവധി വിതരണക്കാരും ഇന്ന് ഞങ്ങള്‍ക്കുണ്ട്.

ഇന്ന് കേരളത്തില്‍ മുഴുവനും ബെംഗളൂരും ഹൈദരാബാദിലും ഫിഗിക്ക് ഉപഭോക്താക്കളുണ്ട്. പ്രതിദിനം 3000ല്‍ അധികം പായ്ക്കറ്റുകളാണ് ഉല്‍പ്പാദിപ്പിക്കുന്നത്. സാനിറ്ററി നാപ്കിനുകളുടെ വില 30 രൂപയില്‍ തുടങ്ങുമ്പോള്‍ മെറ്റേണിറ്റി നാപ്കിനുകള്‍ക്ക് 66 മുതല്‍ 96 വരെയാണ് നിരക്ക്

സംരംഭം തുടങ്ങുന്നതിനു മുമ്പുള്ള പരിശീലനത്തെക്കുറിച്ച്?

ബിസിനസ് തുടങ്ങാനുള്ള ചിന്തയില്‍ നില്‍ക്കുമ്പോഴാണ് വഞ്ചിയൂരില്‍ റബര്‍ ബോര്‍ഡ് സംഘടിപ്പിക്കുന്ന ക്ലാസില്‍ പങ്കെടുക്കാന്‍ ഇടയായത്. ക്ലാസില്‍ പരിചയപ്പെട്ടവരില്‍ നിന്നും മുംബൈയില്‍ കുറഞ്ഞ നിരക്കില്‍ ഡയപ്പര്‍ മെഷീനുകള്‍ ലഭിക്കുമെന്ന് അറിയാനിടയായി. മുംബൈയില്‍ ചെന്നപ്പോഴാണ് അത് സാനിറ്ററി നാപ്കിന്‍ മെഷീനാണെന്ന് മനസിലായത്. അവിടെ നിന്നും പാഡ്മാന്‍ അരുണാചലം മുരുഗാനന്ദനെ പരിചയപ്പെടാനിടയായി. തിരുപ്പതിയില്‍ അദ്ദേഹത്തിനു കീഴില്‍ ഞങ്ങള്‍ രണ്ടു പേരും പരിശീലനം നേടി. കുറഞ്ഞ നിരക്കില്‍ മെഷീനുകളും വാങ്ങിയാണ് മടങ്ങിയത്. മേഖലയെകുറിച്ച് പഠിച്ചതിനുശേഷം ഞങ്ങള്‍ ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെട്ടു. പ്രധാനമന്ത്രിയുടെ പിഎംഇജിപി പദ്ധതി വഴി അഞ്ച് ലക്ഷം രൂപ വായ്പയെടുത്തു. ഒപ്പം വനിതാ സംരംഭം ആയതുകൊണ്ട് സബ്‌സിഡിയും ലഭിച്ചു. എല്ലാ കാര്യങ്ങള്‍ക്കും പൂര്‍ണ പിന്തുണയുമായി നിന്നിരുന്നത് ജില്ലാ വ്യവസായ കേന്ദ്രമാണ്.

മെന്‍സ്‌ട്രേഷന്‍ കപ്പുകള്‍ പോലുള്ളവ മാര്‍ക്കറ്റിലെത്തുന്നത് നാപ്കിന്‍ പാഡുകള്‍ക്ക് ഭീഷണിയല്ലേ ?

മെന്‍സ്‌ട്രേഷന്‍ കപ്പുകള്‍ അധികമാരും ഉപയോഗിച്ചു തുടങ്ങിയിട്ടില്ല. ആളുകള്‍ അതിനെക്കുറിച്ച് അറിഞ്ഞു തുടങ്ങുന്നതേയുള്ളൂ. മെന്‍സ്‌ട്രേഷന്‍ കപ്പുകളുടെ ഉപയോഗം അല്‍പ്പം ബുദ്ധിമുട്ട് ഉള്ളതിനാല്‍ അവ ഉപയോഗിച്ച് തുടങ്ങിയാലും നാപ്കിന്‍ പാഡുകളുടെ വിപണി ഇല്ലാതാകില്ല. മാത്രമല്ല അവയുടെ ഉപയോഗം റിസ്‌കായതിനാല്‍ ആളുകള്‍ സജീവമായി ഉപയോഗിക്കാനും മടിക്കും. ഇത് ഒരിക്കലും ഫിഗി പോലുള്ള ബ്രാന്‍ഡുകള്‍ക്ക് വെല്ലുവിളിയാകില്ല.

സേവന മേഖലയിലെ ഫിഗി?

ബിസിനസിനൊപ്പം ഫിഗി എന്ന സ്ഥാപനം ചില സാമൂഹ്യ പ്രവര്‍ത്തനങ്ങളിലേക്കും ഇറങ്ങി ചെല്ലാറുണ്ട്. പാലിയേറ്റീവ് കെയറുകള്‍, വൃദ്ധസദനങ്ങള്‍ എന്നിവ മുഖാന്തിരം പ്രായമായവര്‍ക്കുള്ള ഡയപ്പര്‍ ആവശ്യക്കാരില്‍ എത്തിച്ചു നല്‍കുന്നുണ്ട്. അതില്‍ അഡള്‍ട്ട് ഡയപ്പറും അണ്ടര്‍ പാഡുകളുമുണ്ട്. ഇവ ഞങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നില്ല. പുറത്തു നിന്നും ഇറക്കുമതി ചെയ്യുകയാണ് പതിവ്. മാര്‍ക്കറ്റില്‍ ലഭ്യമാകുന്നതിന്റെ പകുതി വിലയിലാണ് ഇവയെല്ലാം നല്‍കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി കേരളത്തില്‍ എല്ലായിടത്തും ഈ സേവനം എത്തുന്നുണ്ട്. ഇതില്‍ ലാഭമൊന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. നന്മ ചെയ്യുമ്പോള്‍ ലഭിക്കുന്ന ആത്മ സംതൃപ്തി മാത്രമാണ് പ്രധാനം.

 

Comments

comments