തേസില്‍ ടാപ് ആന്‍ഡ് പേ ഓപ്ഷന്‍, എസ്ബിഐയുമായി സഹകരിക്കും

തേസില്‍ ടാപ് ആന്‍ഡ് പേ ഓപ്ഷന്‍, എസ്ബിഐയുമായി സഹകരിക്കും

മുംബൈ : ഗൂഗിളിന്റെ പേമെന്റ് ആപ്ലിക്കേഷനായ തേസില്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ കാര്‍ഡ് ലോഡ് ചെയ്തുകൊണ്ട് പേമെന്റിന് സഹായിക്കുന്ന ടാപ് ആന്‍ഡ് പേ ഓപ്ഷന്‍ വരുന്നു. ഗൂഗിളിന്റെ മറ്റ് ഉല്‍പ്പന്ന/സേവനങ്ങള്‍ക്കൊപ്പവും തേസ് പേമെന്റ് ലഭ്യമാക്കാന്‍ കമ്പനി ശ്രമിക്കുന്നുണ്ട്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ഉപഭോക്താക്കള്‍ക്ക് ഇ-മെയില്‍ വഴി പേമെന്റ് നടത്താനും തേസ് വഴി പണം സ്വീകരിക്കുന്ന കടകളെ ഗൂഗിള്‍ മാപ്പിലൂടെ കണ്ടെത്താനും കഴിയും.

നിലവില്‍ വ്യക്തികള്‍ തമ്മിലുള്ള പണമിടപാടുകളാണ് തേസ് വഴി കൂടുതലായി നടക്കുന്നതെന്നും കച്ചവടക്കാര്‍ക്കുള്ള ഏറ്റവും അനുയോജ്യമായ സേവനമാണിതെന്ന് അവരെ ബോധ്യപ്പെടുത്തി കൂടുതല്‍ കച്ചവടക്കാരെ ഈ പ്ലാറ്റ്‌ഫോമിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും ഗൂഗിള്‍ വൈസ് പ്രസിഡന്റ് ഡയാന ലേഫീല്‍ഡ് പറഞ്ഞു.

എസ്ബിഐയുമയി സഹകരിച്ചുകൊണ്ട് തേസ് ഉപഭോക്താക്കള്‍ക്ക് എസ്ബിഐ യുണിഫൈഡ് പേമെന്റ്‌സ് ഇന്റര്‍ഫേസ്(യുപിഐ)ഐഡി-@oksbi രൂപീകരിക്കാന്‍ അവസരം നല്‍കാനും ഗൂഗിള്‍ പദ്ധതിയിടുന്നുണ്ട്. സഹകരണത്തിന്റെ ഭാഗമായി എസ്ബിഐ ഉപഭോക്താക്കളായ തേസ് ഉപയോക്താക്കള്‍ക്ക് പുതിയ എസ്ബിഐ ഓഫറുകള്‍ ഉപയോഗപ്പെടുത്താനും സാധിക്കും. കൂടുതല്‍ ഇന്ത്യക്കാരെ ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് പ്രോല്‍സാഹിപ്പിക്കുന്ന സാഹചര്യം സൃഷ്ടിക്കാന്‍ ബാങ്കിന് ഉത്തരവാദിത്വമുണ്ടെന്നും തേസുമായുള്ള പങ്കാളിത്തം ബാങ്കിന്റെ 400 ദശലക്ഷത്തിലധികം വരുന്ന ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകവും നൂതനവുമായ അവസരങ്ങള്‍ നല്‍കാന്‍ സഹായിക്കുമെന്നും എസ്ബിഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലെ അവതരണത്തിനുശേഷം 250 ദശലക്ഷം ഇടപാടുകള്‍ പൂര്‍ത്തിയാക്കിയതായാണ് തേസ് അവകാശപ്പെടുന്നത്. 13.5 ദശലക്ഷം പ്രതിമാസ സജീവ ഉപഭോക്താക്കളാണ് തേസിന് ഇന്ത്യയിലുള്ളത്. ഉപഭോക്താക്കളെ തങ്ങളുടെ ബാങ്ക് എക്കൗണ്ടില്‍ നിന്ന് 70 ലധികം യുപിഐ അധിഷ്ഠിത ബാങ്കുകളുടെ എക്കൗണ്ടിലേക്ക് പേമെന്റ് നടത്താന്‍ സഹായിക്കുന്ന തേസ് അടുത്തിടെ വാട്ടര്‍, ഇലക്ട്രിസിറ്റി തുടങ്ങിയ ബില്ലുകള്‍ അടക്കാന്‍ സഹായിക്കുന്ന ബില്‍ പേ എന്ന സൗകര്യം ആരംഭിച്ചിരുന്നു. നിലവില്‍ തേസില്‍ 90 ബില്ലര്‍മാരാണുള്ളത്. ഇതില്‍ ഭൂരിപക്ഷവും യൂട്ടിലിറ്റി, സാമ്പത്തിക സേവന സ്ഥാപനങ്ങളാണ്. തേസ് പേമെന്റുകള്‍ സ്വീകരിക്കുന്നതിനായി ഓണ്‍ലൈന്‍ കമ്പനികള്‍ക്കായി ഒരു പ്രത്യേക ബിസിനസ് പോര്‍ട്ടലും തേസിനുണ്ട്.

Comments

comments

Categories: Business & Economy, Tech