നിക്ഷേപ പലിശയ്ക്ക് പുറകെ വായ്പാ പലിശ നിരക്കും എസ്ബിഐ ഉയര്‍ത്തി

നിക്ഷേപ പലിശയ്ക്ക് പുറകെ വായ്പാ പലിശ നിരക്കും എസ്ബിഐ ഉയര്‍ത്തി

ന്യൂഡെല്‍ഹി: സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തിയതിന് പിന്നാലെ വായ്പാ പലിശയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉയര്‍ത്തി. ഒരു വര്‍ഷത്തെ എംസിഎല്‍ആര്‍ (മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് ലെന്‍ഡിംഗ് റേറ്) അഥവാ ബെഞ്ച്മാര്‍ക്ക് പലിശ നിരക്ക് 7.95 ശതമാനത്തില്‍ നിന്നും 8.15 ശതമാനമായാണ് എസ്ബിഐ വര്‍ധിപ്പിച്ചത്. എല്ലാ കാലാവധിയിലുള്ള വായ്പകള്‍ക്കും പുതുക്കിയ നിരക്ക് ബാധകമാകും. ഇന്നലെ മുതല്‍ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നു.

2016 ഏപ്രിലിലാണ് എംസിഎല്‍ആര്‍ എന്ന പുതിയ വായ്പാ നിരക്ക് സംവിധാനം നിലവില്‍ വന്നത്. ഇതിനു ശേഷം ഇതാദ്യമായാണ് വായ്പാ പലിശ നിരക്ക് എസ്ബിഐ ഉയര്‍ത്തുന്നത്. ബുധനാഴ്ച സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തിയതായും ബാങ്ക് അറിയിച്ചിരുന്നു. ഒരു കോടി രൂപവരെയുള്ള നിക്ഷേപങ്ങളുടെ പലിശ അര ശതമാനം വരെയാണ് ബാങ്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ 6.25 ശതമാനത്തില്‍ നിന്നും 6.40 ശതമാനമായാണ് ബാങ്ക് ഉയര്‍ത്തിയത്. വിവിധ കാലാവധികളിലുള്ള വന്‍ തുകയുടെ നിക്ഷേപങ്ങള്‍ക്ക് 0.75 ശതമാനം വരെയാണ് നിരക്ക് ഉയര്‍ത്തിയിട്ടുള്ളത്.

നിക്ഷേപത്തിലും വായ്പയിലും രാജ്യത്തെ മുന്‍നിരക്കാരാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. കഴിഞ്ഞ പാദം മുതല്‍ മിക്ക ബാങ്കുകളും വായ്പാ-നിക്ഷേപ നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു. എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയവ പോലുള്ള സ്വകാര്യ ബാങ്കുകള്‍ ശരാശരി അഞ്ച് മുതല്‍ പത്ത് ബേസിസ് പോയ്ന്റ് വരെയാണ് വായ്പാ പലിശ നിരക്കുകള്‍ ഉയര്‍ത്തിയത്.

മിക്ക പൊതുമേഖലാ ബാങ്കുകളും വമ്പന്‍ നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ 15-125 ബേസിസ് പോയ്ന്റ് വരെയാണ് വര്‍ധന വരുത്തുന്നത്. പൊതു ഉടമസ്ഥതയിലുള്ള പഞ്ചാബ് നാഷണല്‍ ബാങ്കും വായ്പാ പലിശ നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്. ഒരു വര്‍ഷത്തെ എംസിഎല്‍ആര്‍ നിരക്ക് 8.15 ശതമാനത്തില്‍ നിന്നും 8.30 ശതമാനമായാണ് പിഎന്‍ബി വര്‍ധിപ്പിച്ചത്. നിരക്ക് വര്‍ധന ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു.

Comments

comments

Categories: Banking