‘പത്തായ’ത്തില്‍ നിത്യം പത്തോണം

‘പത്തായ’ത്തില്‍ നിത്യം പത്തോണം

‘അന്നം ബ്രഹ്മ’ അഥവാ ആഹാരം ഈശ്വരനാണെന്ന ഭാരതീയ ചിന്തയെ അന്നം മരുന്നാണെന്ന് കൂടി പുനര്‍നിര്‍വചിക്കുകയാണ് ‘പത്തായം’ എന്ന പ്രകൃതി ഭക്ഷണശാലയിലൂടെ ചികിത്സകന്‍ കൂടിയായ ഡോ. ഗംഗാധരന്‍ ചിന്നങ്ങത്ത്. ഇന്ത്യയിലെ ആദ്യ ഓര്‍ഗാനിക് റെസ്റ്ററന്റായ ‘പത്തായം’ വിശപ്പടക്കുന്നതിനൊപ്പം രോഗമുക്തിയും ലക്ഷ്യമിടുന്നു. അടുക്കളയില്ലാതെ മൂന്നു നേരം ആഹാരം വിളമ്പുന്ന ഭക്ഷണശാലയാണ് പുതിയ പരീക്ഷണം

പത്തായമെന്ന് കേള്‍ക്കുമ്പോള്‍ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന ഒരുപിടി പഴഞ്ചൊല്ലുകളും രസകരമായ കഥകളുമില്ലേ? പുന്നെല്ലുമായും കൃഷിയുമായുമൊക്കെ പൊക്കിള്‍ക്കൊടി ബന്ധമുള്ള, മണ്ണിന്റെയും ഗ്രാമീണതയുടെയും ഗന്ധം പേറുന്ന വിരവധി പഴഞ്ചൊല്ലുകള്‍. അച്ഛന്‍ പത്തായത്തിലൊളിച്ചിരിപ്പില്ലെന്ന കൊച്ചുകുട്ടിയുടെ നിഷ്‌കളങ്കത ഓര്‍മയില്ലേ? കന്നിക്കൊയ്ത്തും മകരക്കൊയ്ത്തുമൊക്കെ മുറക്ക് നടന്നിരുന്ന കാലത്തെ സുഭിക്ഷതയുടെ പ്രതീകങ്ങളായിരുന്ന പത്തായമെന്ന തടിപ്പെട്ടിയെ ഇന്നത്തെ തലമുറ പരിചയപ്പെടുന്നത് ഈ പഴഞ്ചൊല്ലുകളിലൂടെയും കഥകളിലൂടെയുമൊക്കെ മാത്രമായിരിക്കും. കീടനാശിനികളുടെയും രാസവളങ്ങളുടെയും വിഷം തീണ്ടാത്ത ധാന്യങ്ങളും പച്ചക്കറികളും പഴങ്ങളുമൊക്കെ പോഷകങ്ങള്‍ ചോരാതെ എല്ലാ രോഗങ്ങള്‍ക്കുമുള്ള മരുന്നായി അവതരിപ്പിക്കുമ്പോള്‍ സമൃദ്ധിയുടെ പ്രതീകമായ ‘പത്തായം’ എന്ന പേരാണ് ഡോ. ഗംഗാധരന്‍ നല്‍കിയത്. തിരുവന്തപുരത്തും കോഴിക്കോടും പ്രകൃതി ഭക്ഷണം വിളമ്പുന്ന പത്തായപ്പുരകള്‍ അദ്ദേഹം സജ്ജമാക്കിയിരിക്കുന്നു. വിഷമൊട്ടും ചേരാതെയും രുചിയൊട്ടും ചോരാതെയും ഗംഗാധരന്‍ ഡോക്ടറുടെ പത്തായങ്ങള്‍ നമുക്കു മുന്നില്‍ വിഭവങ്ങളുടെ പെരുവയറ് തുറക്കും.

അന്നന്നേക്കുള്ള ആഹാരം മാത്രമേ ഇന്ത്യയിലെ ആദ്യ ഓര്‍ഗാനിക് റെസ്റ്ററന്റായ പത്തായത്തില്‍ തയാറാക്കൂ. റഫ്രിജറേറ്ററും ഫ്രീസറും ഇവിടെ കാണാനാവില്ല. ചുവന്ന മുളകും മസാലപ്പൊടികളും പടിക്ക് പുറത്ത്. അടുക്കളയില്‍ ആകെയുള്ളത് മല്ലിപ്പൊടിയും മഞ്ഞള്‍ പൊടിയും മാത്രം. കായം, പുളി, പരിപ്പ് എന്നിവക്കും സ്ഥാനമില്ല. വറുത്തരക്കലും കടുകുപൊട്ടിക്കലും നിഷിദ്ധം. അച്ചാര്‍, പപ്പടം, എണ്ണപ്പലഹാരങ്ങള്‍ എന്നിവയും പത്തായത്തില്‍ ലഭിക്കില്ല. എന്നാല്‍ ഇവക്കെല്ലാം ബദലുകള്‍ സജ്ജമാണിവിടെ.

തുണി നല്ലതാണെങ്കിലും തയ്യല്‍ മോശമായാല്‍ വസ്ത്രം ധരിക്കാന്‍ കൊള്ളാതെ വരും. ജൈവ ഉത്പന്നങ്ങള്‍ ആണെങ്കിലും മറ്റ് പച്ചക്കറികളാണെങ്കിലും തെറ്റായ രീതിയില്‍ പാകം ചെയ്യുമ്പോഴും സംഭവിക്കുന്നത് ഇതേ കാര്യമാണ്

ജ്യൂസുകള്‍

പാല്‌ പഞ്ചസാര, ഐസ് എന്നിവക്ക് പത്തായത്തില്‍ സ്ഥാനമില്ല. പകരം തേങ്ങാപ്പാലും തേനും ചേര്‍ന്ന ഒന്നാന്തരം ജ്യൂസുകള്‍ ലഭ്യം. ഗോതമ്പ് ഇലകള്‍ കൊണ്ടുണ്ടാക്കിയ ജ്യൂസാണ് സ്‌പെഷല്‍. മിക്‌സഡ് ഫ്രൂട്ട് ജ്യൂസ്, പപ്പായ, പൈനാപ്പിള്‍, ഓറഞ്ച്, ക്യാരറ്റ്, തണ്ണിമത്തന്‍ തുടങ്ങി ജ്യൂസുകളുടെ ധാരാളിത്തമുണ്ടെങ്കിലും ഒന്നിലും കൃത്രിമ വസ്തുക്കളുടെ സാന്നിദ്ധ്യമുണ്ടാവില്ല. രുചികരമായ ജ്യൂസുകള്‍ക്ക് അന്‍പത് രൂപ മാത്രമാണ് ഈടാക്കുന്നത്. നാരുകള്‍ നീക്കാത്ത ജ്യൂസുകള്‍ ആരോഗ്യത്തിന് അത്യുത്തമമെന്ന് ഡോ. ഗംഗാധരന്‍ ചൂണ്ടിക്കാട്ടുന്നു. പശുവിന്‍െ പാല്‍ മാറ്റി നിര്‍ത്തുന്നതിനും കാരണമുണ്ട്. ‘അന്യ ജീവിയുടെ പാല്‍ കുടിക്കുന്ന ജീവി മനുഷ്യന്‍ മാത്രമാണ്. പശു ഇന്ന് സസ്യാഹാരിയല്ല. മത്സ്യങ്ങള്‍ ഉണക്കിപ്പൊടിച്ചതും രാസവസ്തുക്കളുമാണ് കാലിത്തീറ്റയിലുള്ളത്. പാലും ഇന്ന് സസ്യാഹാരമല്ല. പെണ്‍കുട്ടികള്‍ നേരത്തെ പ്രായപൂര്‍ത്തിയാവുന്നതിന് പിന്നില്‍ ഇതാണ് കാരണം’-അദ്ദേഹം പറയുന്നു. പഞ്ചസാരക്ക് പകരം മധുരത്തിന് ശര്‍ക്കരയും തേനുമാണ് ബദലുകള്‍. തേങ്ങായും മാങ്ങയും നന്നായി അരച്ച് വെള്ളം ചേര്‍ത്താല്‍ മോരായി. പാലില്ലാത്ത ഈ മോരാണ് ഇവിടെ ലഭിക്കുക.

ചായക്കും കാപ്പിക്കും പകരം ജാപ്പി

മല്ലി, ഉലുവ, ഏലക്കായ്, ജീരകം, കരിപ്പെട്ടി, ചുക്ക് എന്നിവ ചേര്‍ന്ന ആരോഗ്യ പാനീയമാണ് പത്തായത്തിന്റെ സ്വന്തം ജാപ്പി. പാല്‍ ആവശ്യമുണ്ടെങ്കില്‍ ഇതിലേക്ക് തേങ്ങാപ്പാല്‍ ചേര്‍ക്കാമെന്നും അദ്ദേഹം പറയുന്നു. ചായ ഏതു തരത്തിലുള്ളതാണെങ്കിലും പൂര്‍ണമായി ഉപേക്ഷിക്കണം. ഇലയില്‍ വളം ചെയ്യുകയും വിഷമടിക്കുകയും ചെയ്യുന്ന തേയിലയാണ് ഒട്ടുമിക്ക വീട്ടമ്മമാരും പ്രഭാതത്തില്‍ കുട്ടികള്‍ക്കടക്കം നല്‍കുന്നത്.

പരിധിയില്ലാതെ പ്രാതല്‍

ഉഴുന്നു ചേര്‍ക്കാത്ത ഇഡ്ഡലിയും ദോശയുമാണ് ബ്രേക്ക് ഫാസ്റ്റ് സ്‌പെഷല്‍. 6 മണിക്കൂര്‍ ദഹനദൈര്‍ഘ്യമുള്ള ഉഴുന്നും 3 മണിക്കൂര്‍ മാത്രം ദഹന ദൈര്‍ഘ്യമുള്ള അരിയും ചേരുന്ന ഇഡ്ഡലിയും ദോശയുമൊക്കെ വിരുദ്ധാഹാരങ്ങളാണെന്ന് അദ്ദേഹം മനസിലാക്കി. വയറ്റിലും ഇഡ്ഡലി പുളിച്ചു പൊന്തുന്നതിനാലാണ് ഗ്യാസിന്റെ പ്രശ്‌നം ഉണ്ടാകുന്നത്. ചെറുപയര്‍ മുളപ്പിച്ചതും, പുഴുങ്ങിയ ഉരുളക്കിഴങ്ങും അരിയും നാളികേരവുമായി ചേര്‍ത്തരച്ച ഇഡ്ഡലികളും അരിക്ക് പകരം റാഗിയും ഗോതമ്പും ചേരുന്ന നാലുതരം ഇഡ്ഡലികളാണ് ഭക്ഷണ പ്രേമികള്‍ക്കായി പട്ടായത്തില്‍ ചൂടോടെ ലഭിക്കുക. റാഗി, അരി, ഗോതമ്പ് ഒക്കെ കൊണ്ടുണ്ടാക്കിയ പുട്ടുകള്‍, ഗോതമ്പിന്റെയും അവലിന്റെയും ഉപ്പുമാവ് എന്നിവയാണ് പ്രാതല്‍ വിഭവങ്ങള്‍.
പത്തായത്തിന്റെ പ്രാതലുണ്ടാല്‍ പത്തോണമുണ്ട പ്രതീതിയെന്നുറപ്പ്

മെച്ചമേറിയ ഉച്ചഭക്ഷണം

പഴങ്ങളും തേനും തേങ്ങാപ്പാലുമെല്ലാം ചേര്‍ന്ന ഫ്രൂട്ട് പായസത്തോടെയാണ് പത്തായത്തിലെ ഉച്ച ഭക്ഷണം ആരംഭിക്കുക. 3 തരം പഴങ്ങളും പച്ചക്കറി സാലഡും മുളപ്പിച്ച പയറു വര്‍ഗങ്ങള്‍ ചേര്‍ത്ത സലാഡും പിന്നാലെയെത്തും. കക്കിരിക്ക കൂടി എത്തുന്നതോടെ ആദ്യ ഘട്ടം പൂര്‍ത്തിയായി. രണ്ടാമതായി പച്ചക്കറി സൂപ്പാണ് വിളമ്പുക. വെജിറ്റബിള്‍ ബിരിയാണിയും ലെമണ്‍ റൈസും ടോമാറ്റോ റൈസും അടക്കം വിവിധ തരം ചോറുകള്‍, ചപ്പാത്തി എന്നിവ കനമായി കഴിക്കാം. അവിയലും തോരനും പച്ചടിയും ചമ്മന്തിയുമൊക്കെ സാത്വിക രൂപത്തില്‍ മുന്നിലെത്തും. കറികളില്‍ തേങ്ങ വറുത്തരക്കലോ കടുക് താളിക്കലോ ഇല്ല. എണ്ണ ചൂടാക്കിയാലാണ് ദോഷം ചെയ്യുകയെന്നാണ് ഗംഗാധരന്‍ ഡോക്ടറുടെ പക്ഷം. തോരനും കറികളുമൊക്കെ വേവിച്ച് അടുപ്പില്‍ നിന്നും ഇറക്കി വെച്ചതിന് ശേഷമാണ് എണ്ണയും നാളികേരവുമൊക്കെ ചേര്‍ക്കുക. എരിവിന് പച്ചമുളകും കുരുമുളകും ചുക്കും ഇഞ്ചിയുമൊക്കെയാണ് ഉപയോഗിക്കുക. പുളി രസത്തിന് തക്കാളി, നാരങ്ങ, പച്ചമാങ്ങ, തുടങ്ങിയവ. വിഭവ സമൃദ്ധവും വിഷരഹിതവുമായ ഈ സദ്യക്ക് 150 രൂപ മാത്രമാണ് ഈടാക്കുക. ചോറും കറികളും മാത്രമായും പായസം മാത്രമായുമൊക്കെ കഴിക്കുമ്പോഴും വില കണ്ണു തള്ളിക്കില്ല. കച്ചവടക്കണ്ണോടെയല്ല പത്തായത്തിന്റെ പ്രവര്‍ത്തനമെന്ന് വ്യക്തം.

പ്രമേഹ രോഗികള്‍ക്ക് പ്രത്യേക ഭക്ഷണം നല്‍കുന്ന റെസ്റ്ററന്റാണിത്. പാവക്ക തോരനും മുരിങ്ങയും ഗോതമ്പും ചേര്‍ന്ന ചപ്പാത്തി, തവിടുള്ള കുത്തരിച്ചോറ് എന്നിവയെല്ലാമടങ്ങിയ ഡയബറ്റിക് ഉച്ചയൂണ് പത്തായത്തിന്റെ മാത്രം പ്രത്യേകത.

നാലുമണിക്ക് നന്നാലു കൂട്ടം

ചൂടന്‍ ജാപ്പിയുടെ സമയമാണിത്. ജാപ്പിക്കൊപ്പം നാലുമണി പലഹാരമായി തേങ്ങയും ശര്‍ക്കരയും ഫില്ലിംഗായി വെച്ച അരിയുടെയും ഗോതമ്പിന്റെയും റാഗിയുടെയും ഇലയടകള്‍. മണ്‍ചട്ടിയില്‍ ചുട്ടെടുത്ത ഓട്ടടകളും രണ്ടു തരം കൊഴുക്കട്ടയും എണ്ണപ്പലഹാരങ്ങളെ കവച്ചു വെക്കും. എണ്ണയില്‍ പൊരിക്കാതെ ചുട്ടെടുത്ത സമോസയാണ് പത്തായത്തിന്റെ നാലുമണി സ്‌പെഷല്‍ എന്ന് മാത്രം. കപ്പയും ചേമ്പും ചേര്‍ത്ത പുഴുക്കും തയാര്‍.

അത്താഴം അരവയറാക്കേണ്ട

അരിയുടെയും ഗോതമ്പിന്റെയും കഞ്ഞിയും ചപ്പാത്തിയുമാണ് രാത്രി മെനുവിലുള്ളത്. റാഗി, ചോളം, അരി എന്നിവയുടെ ചിരട്ടപ്പുട്ടുകളും രാത്രി 9 മണി വരെ ലഭിക്കും.

തൃശൂരിലെ മുരിക്കുമ്മേല്‍ ഗ്രാമത്തില്‍ ചിന്നങ്ങത്ത് വേലപ്പന്‍ ലക്ഷ്്മി ദമ്പതികളുടെ മകനായി ജനിച്ച ഗംഗാധരന് ചെറുപ്പത്തില്‍ തന്നെ പാരമ്പര്യ കൃഷിയോട് താത്പര്യമുണ്ടായിരുന്നു. ഇരുപത്തി നാലാം വയസില്‍ കോഴിക്കോട്ടെത്തി കേരളത്തിലെ ആദ്യ ജൈവവള ഫാക്ടറി ആരംഭിച്ചതോടെ കൃഷിക്കാരോടുള്ള ബന്ധം കൂടുതല്‍ ദൃഢമായി. ജൈവിക രീതിയില്‍ കൃഷി ഉത്പാദിപ്പിക്കുന്ന കര്‍ഷകര്‍ വിപണിയില്‍ നേരിടുന്ന അവഗണനയും ചൂഷണവും മനസിലാക്കിയതോടെ ഉത്പന്നങ്ങളുടെ വിപണനത്തിനായി രംഗത്തിറങ്ങി. കോഴിക്കോട് സംസ്ഥാനത്തെ ആദ്യ ജൈവ സൂപ്പര്‍മാര്‍ക്കറ്റായ ‘എലമന്റ്‌സ്’ സ്ഥാപിക്കുന്നതിലേക്ക് നയിച്ചത് ഈ പ്രവര്‍ന്നനങ്ങളാണ്. ജൈവ കൃഷിയിലൂടെ വിഷരഹിതമായ ജൈവ ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ചിട്ട് മാത്രം കാര്യമില്ലെന്നും വൈകാതെ അദ്ദേഹം മനസിലാക്കി. അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ ‘തുണി നല്ലതാണെങ്കിലും തയ്യല്‍ മോശമായാല്‍ വസ്ത്രം ധരിക്കാന്‍ കൊള്ളാതെ വരും. ജൈവ ഉത്പന്നങ്ങള്‍ ആണെങ്കിലും മറ്റ് പച്ചക്‌റികളാണെങ്കിലും തെറ്റായ രീതിയില്‍ പാകം ചെയ്യുമ്പോഴും സംഭവിക്കുന്നത് ഇതേ കാര്യമാണ്’. പ്രകൃതിയോടിണങ്ങിയ ഭക്ഷണം വിളമ്പുന്ന ആദ്യ ‘പത്തായം’ അങ്ങനെ കോഴിക്കോട് സിവില്‍ സ്‌റ്റേഷനില്‍ ആരംഭിക്കുകയായിരുന്നു. ആദ്യ കാലത്തൊക്കെ ചോറും കറികളും മാത്രമായിരുന്നു. പിന്നീട് പരീക്ഷണ നിരീക്ഷണങ്ങളുടെ ഫലമായി വിഭവങ്ങളും രുചിക്കൂട്ടുകളും പെരുകി വന്നു.

സ്ഥിരമായി കഴിക്കാനെത്തുമായിരുന്ന പത്രപ്രവര്‍ത്തകനായ ‘ചിന്ത’ ചന്ദ്രന്റെ നിര്‍ബന്ധം സഹിക്കവയ്യാതെയാണ് തിരുവനന്തപുരത്ത് പാളയത്തിന് സമീപം പ്രസ് റോഡില്‍ അദ്ദേഹം പത്തായത്തിന്റെ രണ്ടാമത്തെ ഭക്ഷണശാല തുടങ്ങുന്നത്. ശുദ്ധഭക്ഷണം വിളമ്പിയ തലസ്ഥാനത്തെ രുചിപ്പത്തായം ഡോ. ഗംഗാധരനെ ഉയരങ്ങളിലേക്ക് നയിച്ചു. തൃശൂരും ഒരു ഫ്രാഞ്ചൈസി ആരംഭിച്ചു. 6 മാസം മുന്‍പ് കിഴക്കേകോട്ടയില്‍ പഴവങ്ങാടിക്ക് സമീപം അടുക്കളയില്ലാത്ത ആദ്യ റെസ്റ്ററന്റ് പിറന്നു. ‘അടുക്കളകളില്ലാത്ത’ വീട് യഥാര്‍ഥ ആരോഗ്യത്തിലേക്കും രോഗമുക്തിയിവേക്കുമുള്ള പടിയാണെന്ന അദ്ദേഹത്തിന്റെ സങ്കല്‍പമാണ് ‘റോ ഫുഡ്’ അഥവാ വേവിക്കാത്ത ഭക്ഷണം മാത്രം വിളമ്പുന്ന ഈ ഹോട്ടലിന്റെ പിറവിക്ക് നിദാനമായത്.

കോയമ്പത്തൂര്‍, ഊട്ടി, വയനാട് എന്നിവിടങ്ങള്‍ക്കു പുറമെ തിരുവനന്തപുരത്തെ ജൈവ കൃഷിക്കാരുടെ ഉല്‍പ്പന്നങ്ങളും പത്തായത്തില്‍ ആഹാരമായി മാറുന്നു.

അടുക്കള വേണ്ടേ വേണ്ട!

ഉച്ചക്ക് 12 മണി മുതല്‍ രാത്രി 9 മണി വരെ പ്രവര്‍ത്തിക്കുന്ന പത്തായത്തിന്റെ പഴവങ്ങാടിയിലെ ഹോട്ടലില്‍ തീയുമില്ല പുകയുമില്ല. പക്ഷേ അഞ്ച് തരം ഉച്ചയൂണ് റെഡി. അരി, ഗോതമ്പ്, തോളം, റാഗി, യവം എന്നീ ധാന്യങ്ങളുടെ അവിലുകള്‍ തേങ്ങാപ്പാലുമായി ചേര്‍ത്തിളക്കിയ അഞ്ചിനം അവില്‍ ചോറുകള്‍ ആരുടെ വായിലും കപ്പലോടിക്കും. പലതരത്തിലുള്ള പച്ചടികള്‍, പഴലും തേങ്ങാപ്പാലുമെല്ലാം ചേര്‍ന്ന വേവിക്കാത്ത പായസം, മല്ലിയിലയും പുതിനയിലയും പച്ചമുളയും ഇഞ്ചിയും തേങ്ങയും മാങ്ങയുമെല്ലാം ചേര്‍ന്ന ടോണിക് ചമ്മന്തി, മൂന്നിനം സലാഡുകള്‍ എന്നിവയും റെഡി. 200 രൂപ മാത്രമാണ് അടുക്കളയില്ലാ ഹോട്ടലിലെ വേവിക്കാത്ത ഉച്ചയൂണിന്റെ വില. നേന്ത്രപ്പഴം നിറച്ചതും ഈന്തപ്പഴും നിറച്ചതുമെല്ലാമാണ് നാലുമണിപ്പലഹാരങ്ങള്‍. മുളപ്പിച്ച പയറുകളും കശുവണ്ടിയും ബദാമും പിസ്തയുമെല്ലാം ചേര്‍ത്ത പത്തായം സ്‌പെഷല്‍ അത്താഴമാണ് രാത്രിയിലെ പ്രത്യേകത.

ചികിത്സയും ഭക്ഷണവും

41 ദിവസം അടുക്കള പൂട്ടിയാല്‍ പ്രമേഹം, കൊളസ്‌ട്രോള്‍, രക്ത സമ്മര്‍ദ്ദം, ഹൃദ്രോഗം, സോറിയാസിസ്, ആസ്ത്മ, പൊണ്ണത്തടി എന്നിവയെല്ലാം മരുന്നില്ലാതെ കുറയുമെന്ന് പ്രകൃതി ചികിത്സകന്‍ കൂടിയായ ഡോ. ഗംഗാധരന്‍ ഉറപ്പ് പറയുന്നു. ഇത്തരം രോഗങ്ങളുമായി എത്തുന്നവരുടെ അസുഖം 100 ശതമാനം മാറ്റിത്തരുമെന്നും മറിച്ചാണെങ്കില്‍ ചെലവായ തുക തിരികെ നല്‍കുമെന്നുമാണ് ഇദ്ദേഹത്തിന്റെ വാഗ്ദാനം. യോഗ, മഡ്ബാത്ത്്, മസാജ് തുടങ്ങി ചികിത്സാ രീതികളും പ്രകൃതിയോടിണങ്ങിയ ഭക്ഷണങ്ങളും കൂടി സംയോജിപ്പിക്കുന്നതാണ് ചികിത്സ. 10 വര്‍ഷം മുന്‍പ് കോവളത്താണ് പ്രണാണാം എന്ന പേരില്‍ ആദ്യ ചികിത്സാലയം തുടങ്ങിയത്. കരുനാഗപ്പള്ളിയിലും രണ്ടു വര്‍ഷം മുന്‍പ് ചികിത്സാലയം ആരംഭിച്ചു. ഇവിടങ്ങളിലെല്ലാം പ്രകൃതി ഭക്ഷണം വിളമ്പുന്ന റെസ്റ്ററന്റുകളുണ്ട്. 6 മാസം മുന്‍പ് അമ്പലത്തറയില്‍ പെയ്ന്‍ ആന്റ് പാലിയേറ്റീവ് കഌനിക്കും സജ്ജമാക്കി. നാച്ചുറോപ്പതിക് ഡോക്ടറായ സായൂജും ഭാര്യ സുകന്യയുമാണ് ചികിത്സാലയങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നത്. ഭാര്യ ശോഭന എല്ലാ പിന്തുണയും നല്‍കി ഡോ. ഗംഗാധരന് ഒപ്പമുണ്ട്. മറൈന്‍ എന്‍ജിനീയറായ രണ്ടാമത്തെ മകന്‍ സനജ് ഗംഗാധരനെ ഒന്‍പത് വര്‍ഷം മുന്‍പ് നഷ്ടപ്പെട്ടതാണ് അദ്ദേഹത്തെ അലട്ടുന്ന ദു:ഖം. സിബിഐ അന്വേഷണവും തെളിവൊന്നും ലഭിക്കാതെ ആത്മഹത്യ എന്ന അനുമാനത്തില്‍ അവസാനിച്ചു. കപ്പല്‍ യാത്രക്കിടെ ഖത്തറിലെ ഫുജൈറയില്‍ വെച്ച്് കാണാതായ മകന്‍ തിരികെ എത്തുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.

ഭാവി പരിപാടി

രോഗങ്ങള്‍ക്ക് പാരമ്പര്യത്തെ കുറ്റം പറയുന്നത് ശരിയല്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഭക്ഷണത്തിലെ പോരായ്മകള്‍ തന്നെയാണ് എല്ലാ രോഗങ്ങള്‍ക്കും അടിസ്ഥാന കാരണം. ‘മനുഷ്യന്‍ ഇണചേരുമ്പോള്‍ കഴിക്കുന്ന ഭക്ഷണം പോലും കുട്ടിയുടെ സ്വഭാവത്തെ സ്വാധിനിക്കുന്നു. ഗര്‍ഭകാലത്ത് അമ്മ കഴിക്കുന്ന മരുന്നുകളും പിന്നീട് മുലയൂട്ടുന്ന കാലത്ത് കഴിക്കുന്ന പ്രസവരക്ഷാ മരുന്നുകളുമെല്ലാം കുട്ടിയിലേക്കെത്തുന്നു’. ഏറ്റവും അടിസ്ഥാനമായി അമ്മമാരെ പാചകം പഠിപ്പിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. രണ്ടാഴ്ച കൂടുമ്പോള്‍ പാചക പഠന കഌസുകള്‍ സംഘടിപ്പിക്കുന്നു. വീടുകളിലും പ്രകൃതി ഭക്ഷണം ഒരുക്കാന്‍ പരിശീലനം കൊടുത്താലേ സമൂഹത്തില്‍ മാറ്റം കൊണ്ടുവരാനാവൂയെന്ന് ഡോ. ഗംഗാധരന്‍ പറയുന്നു. 25 പേര്‍ ചേര്‍ന്ന് വിളിച്ചാല്‍ കേരളത്തില്‍ എവിടെ എത്തിയും പാചകം പഠിപ്പിക്കാന്‍ തയാറാണ്. കേരളത്തിലെങ്ങും പ്രകൃതിയോടിണങ്ങിയ ഭക്ഷണരീതി ഒരു സംസ്‌കാരമായി മാറ്റാനാണ് ശ്രമം. ഇന്ത്യന്‍ കോഫീ ഹൗസ് മാതൃകയില്‍ സ്ത്രീകളുടെ കൂട്ടായമ്കള്‍ നടത്തുന്ന ഭക്ഷണ ശാലകള്‍ ഓരോ നഗരത്തിലും കൊണ്ടു വരാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എംപിമാരും എംഎല്‍എമാരും ഫണ്ട് ഉപയോഗിച്ചും ബാങ്കുകളില്‍ നിന്ന് ലോണ്‍ അനുവദിച്ചും ഇത്തരം കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ജൈവ ആഹാര ശാലകള്‍ ആരംഭിക്കാം. ഇവിടെ തന്നെ കൂടുതല്‍ സ്ത്രീകള്‍ക്ക് പരിശീലനവും നല്‍കാം. ജൈവകര്‍ഷകര്‍ക്കും ഗുണകരമായിരിക്കും. ആരോഗ്യമുള്ള ഒരു മാതൃകാ സമൂഹത്തെ ഇപ്രകാരം വാര്‍ത്തെടുക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ സര്‍ക്കാരിനോട് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചെങ്കിലും തണുപ്പന്‍ പ്രത്ികരണമാണ് ലഭിച്ചത്. രോഗമില്ലാത്ത സമൂഹത്തെക്കുറിച്ച് സര്‍ക്കാരിന്റെ ആരോഗ്യ വകുപ്പിനും സ്വകാര്യ ആശുപത്രി വ്യവസായികള്‍ക്കുമൊക്കെ ചിന്തിക്കാനാവില്ല. പ്രകൃതി ഭക്ഷണത്തിന്റെ മേന്‍മകളും മറ്റ് ഭക്ഷണരീതികളുടെ ദേഷവും ചൂണ്ടിക്കാണിക്കുന്നതിനാല്‍ ശത്രുക്കളുടെ എണ്ണം കൂടുതലാണെന്നും അദ്ദേഹം പറയുന്നു.

Comments

comments