ന്യൂജനറേഷന്‍ ജീവനക്കാര്‍

ന്യൂജനറേഷന്‍ ജീവനക്കാര്‍

പ്രായോഗികതയില്‍ ഊന്നിയ ജോലിസംസ്‌കാരം ആഗ്രഹിക്കുന്ന പുതുതലമുറ ജീവനക്കാര്‍ ജോലിയെ പുനര്‍നിര്‍വചിക്കുന്നു

ലണ്ടനിലെ പത്തൊമ്പതുകാരനായ എംബിഎ വിദ്യാര്‍ത്ഥി ഡാന്‍ മില്ലര്‍, യംഗ് പ്രൊഫഷണല്‍സ് യുകെ എന്ന സമൂഹമാധ്യമസ്ഥാപനത്തിന്റെ സിഇഒ കൂടിയാണ്. 2022 ആകുമ്പോഴേക്കും അഞ്ചു ദശലക്ഷം ബ്രിട്ടീഷ്‌യുവാക്കളെ ഉപയോക്താക്കളാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇപ്പോള്‍ ഈ പ്ലാറ്റ്‌ഫോം ബ്രിട്ടണിലെ 400ലധികം സ്‌കൂളുകളിലും സര്‍വകലാശാലകളിലും ലഭ്യമാണ്. വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള ലിങ്കെഡ്ന്‍ ആകുകയാണു ലക്ഷ്യമെന്ന് ഡാന്‍ പറയുന്നു. കാരണം, അവരുടെ ഭാഷയില്‍ സംവദിക്കാത്ത ലിങ്കെഡ്‌ന് വിദ്യാര്‍ത്ഥികളുടെ പ്രീതി പിടിച്ചു പറ്റാനാകുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.

ഇതിനായി കമ്പനി രണ്ടു വര്‍ഷം മുമ്പ് സംരംഭകസംബന്ധിയായ സ്‌കോളര്‍ഷിപ്പ് പദ്ധതി ആരംഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 45,000 പൗണ്ട് സ്‌കോളര്‍ഷിപ്പിനു ചെലവാക്കിയപ്പോള്‍ 50,000 പൗണ്ടിന്റെ നിക്ഷേപമാണ് കമ്പനി നടത്തിയത്. ബ്രിട്ടണിലെ ഓഫിസുകളില്‍ 10 പേരെ നിയമിച്ചു. ബാര്‍ക്ലേയ്‌സ്, കെപിഎംജി, റോള്‍സ് റോയ്‌സ്, ലൊ റിയാല്‍ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും തുടങ്ങി. ഭാവിയില്‍ ജോലിചെയ്യുന്നത് എങ്ങനെയായിരിക്കുമെന്ന് നിര്‍വചിക്കുന്ന പുതുതലമുറ ഇന്നൊവേറ്റര്‍മാരുടെ പ്രതിനിധിയായി ഡാന്‍ മില്ലറെ കാണാം.

1990കളുടെ പകുതിയിലും 2000ത്തിന്റെ ആദ്യപാദത്തിലും ജനിച്ചവരെയാണ് ജെനറേഷന്‍ സെഡ് എന്നു വിവക്ഷിക്കുന്നത്. ഏകദേശം 22 വയസു വരെ പ്രായമുള്ളവരെ ഈ വിഭാഗത്തില്‍പ്പെടുത്താം. കോളെജ് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച് ജോലിക്ക് അപേക്ഷിക്കുന്നവരും സംരംഭത്തിനു തുടക്കമിടുന്നവരാകും ഇവര്‍. ഇവരാണ് ഇന്ന് സഹസ്രാബ്ദശിശുക്കള്‍ക്കു പകരം തൊഴില്‍ശക്തിയില്‍ പ്രധാനപങ്ക് വഹിക്കുന്നത്

1990കളുടെ പകുതിയിലും 2000ത്തിന്റെ ആദ്യപാദത്തിലും ജനിച്ചവരെയാണ് ജെനറേഷന്‍ സെഡ് (ഐ ജെന്‍) എന്നു വിവക്ഷിക്കുന്നത്. ഏകദേശം 15 മുതല്‍ 22 വയസു വരെ പ്രായമുള്ളവരെ ഈ വിഭാഗത്തില്‍പ്പെടുത്താം. കോളെജ് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച് ജോലിക്ക് അപേക്ഷിക്കുന്നവരും സംരംഭത്തിനു തുടക്കമിടുന്നവരുമാകും ഇവര്‍. ഇവരാണ് ഇന്ന് സഹസ്രാബ്ദശിശുക്കള്‍ക്കു പകരം തൊഴില്‍ശക്തിയില്‍ പ്രധാനപങ്ക് വഹിക്കുന്നത്. യഥാര്‍ത്ഥ സഹസ്രാബ്ദശിശുക്കളിലെ സീനിയേഴ്‌സ് അവരുടെ 30കളുടെ മധ്യത്തിലെത്തിക്കഴിഞ്ഞു. ഇവരില്‍ പലരും സ്വന്തമായി വലിയ കമ്പനികള്‍ നടത്തുന്നവരോ മധ്യനിര മാനെജര്‍മാരോ ആയിരിക്കാം. ആസന്നഭാവിയില്‍ ജെനറേഷന്‍ സെഡിന്റെ വീക്ഷണങ്ങളും ശീലങ്ങളുമാകും ലോകത്തിലെ തൊഴില്‍ അന്തരീക്ഷത്തിനു രൂപം നല്‍കുക.

യൂട്യൂബിലൂടെ ആഗോളപ്രശസ്തിയിലേക്കുയര്‍ന്ന വിഖ്യാതഗായകന്‍ ജസ്റ്റിന്‍ ബീബറെ പോലെ, സമൂഹമാധ്യമങ്ങള്‍ക്കൊപ്പമായിരുന്നു ഐ ജെനിന്റെ വളര്‍ച്ച. ഈ തലമുറയും സമൂഹമാധ്യമങ്ങളും തമ്മിലുള്ള കൊള്ളക്കൊടുക്കയുടെ പ്രസക്തി അവഗണിക്കത്തക്കതല്ല. നിരവധി മാര്‍ഗങ്ങളിലൂടെ സജീവമായ, വളര്‍ന്നുവരുന്ന സംരംഭക അവസരങ്ങള്‍ ലഭിച്ചു കൊണ്ടിരിക്കുന്ന തലമുറയാണിത്. ഇന്‍സ്റ്റഗ്രാമിലൂടെ സ്വന്തം ബ്രാന്‍ഡ് കൈകാര്യം ചെയ്യാനുള്ള ശേഷി കൈവരിച്ചു കഴിഞ്ഞാല്‍ ഒരു യാന്ത്രികസംവിധാനത്തിലെ അപ്രധാനഘടകത്തെപ്പോലെ നിങ്ങള്‍ പിന്നെ ഭയക്കേണ്ടതില്ല. സമൂഹമാധ്യമങ്ങള്‍ക്ക് വലിയ സ്വാധീനമുള്ള സമൂഹമാണിതെന്ന് ഡാന്‍ സമ്മതിക്കുന്നു. സ്വന്തം കമ്പനി തുടങ്ങാമെന്ന ആത്മവിശ്വാസം ഇവ നിങ്ങളില്‍ നിറയ്ക്കുന്നു. അതു വരെ അജ്ഞാതരായിരുന്നവര്‍ യൂട്യൂബിലൂടെ അവലോകനം നടത്തി, സ്വന്തം വളര്‍ച്ചയ്ക്ക് വളക്കൂറുള്ള മണ്ണു കണ്ടെത്തുകയാണ്. അതിന്റെ തുടര്‍ച്ചയായി വീണ്ടും പുസ്തകമെഴുതാനും തയാറാകുന്നു. പരിശീലകരെയോ അപരിചിതരെയോ കണ്ടെത്തി വിഡിയോ ഗെയിമുകളില്‍ പങ്കാളികളാക്കുന്നു.

തൊഴില്‍ദാതാക്കളെ സൂക്ഷ്മമായി പരിശോധിക്കാന്‍ പുത്തന്‍ തലമുറയിലെ തൊഴിലന്വേഷകര്‍ ശ്രദ്ധിക്കാറുണ്ട്. സമൂഹമാധ്യമങ്ങളെത്തന്നെയാണ് അവര്‍ ഇതിന് പ്രധാനമായും ആശ്രയിക്കുന്നത്. സ്മാര്‍ട്ട്‌ഫോണുകള്‍ ഇതില്‍ നിര്‍ണായക സഹായമാകുന്നു. ഒരു തൊഴില്‍ദാതാവിലേക്ക് ഉറ്റുനോക്കാന്‍ സഹായിക്കുന്ന ഭൂതക്കണ്ണാടിയാണ് സ്മാര്‍ട്ട്‌ഫോണുകള്‍

ഉദ്യോഗത്തിനു നിരവധി തെരഞ്ഞെടുപ്പുകള്‍ക്കു സാധ്യതയുള്ള കരാര്‍തൊഴിലാളികളും ഫ്രീലാന്‍സ് ജോലിക്കാരും നിറഞ്ഞ, ഓണ്‍ലൈന്‍ ജോലികളിലൂടെ വരുമാനം നേടാനാകുന്ന, ഒരു തൊഴില്‍വിപണിയില്‍, പരമ്പരാഗത തൊഴിലിലൂടെ ഉപജീവനം കണ്ടെത്തുന്നതിനു പകരം മൈക്രോ സംരംഭകത്വത്തിലേക്കായിരിക്കും പുത്തന്‍തലമുറ ആകൃഷ്ടരാകുക. ഉപജീവനത്തിനായി സ്ഥിരം ജോലിയേക്കാള്‍ സംരംഭകത്വത്തെ പരിഗണിക്കുന്ന ആദ്യതലമുറയാകും ഇവര്‍. സംരംഭകത്വം എന്ന വാക്കിന് ഇവിടെ വിമര്‍ശനാത്മകമായ വിവേചനമുണ്ടെന്ന് ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ ബിസിനസ് പ്രൊഫസര്‍ അരുണ്‍ സുന്ദരരാജന്‍ വിലയിരുത്തുന്നു. എങ്കിലും ജെനറേഷന്‍ സെഡിനെ സംരംഭകരായി അടയാളപ്പെടുത്തുന്നത് സാമാന്യമായി പറഞ്ഞാല്‍ ഒരു തെറ്റായിരിക്കുമെന്നാണ് ഐജെന്നിനെ അപഗ്രഥിച്ച് ഗ്രന്ഥരചന നടത്തിയ സാന്‍ഡിയാഗോ സര്‍വകലാശാലയിലെ മനഃശാസ്ത്ര പ്രൊഫസര്‍ ജീന്‍ ട്വെംഗെയുടെ അഭിപ്രായം. യുഎസിലെ സഹസ്രാബ്ദാനന്തര ശിശുക്കളെ ആധാരമാക്കിയുള്ള പഠനമാണ് പുസ്തകത്തിലുള്ളത്.

ഭയവും അഭിവാഞ്ഛയുമാണ് ഈ ചെറുപ്പക്കാരെ നയിക്കുന്നതെന്ന് ട്വെംഗെ പറയുന്നു. ഒരു നഷ്ടവും സഹിക്കാന്‍ അവര്‍ക്കു ത്രാണിയില്ല. അമേരിക്കന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ 55 ശതമാനവും അധികസമയം ജോലി ചെയ്യാന്‍ തയാറാണെന്ന് വ്യക്തമാക്കിയതായി മിഷിഗണ്‍ സര്‍വകലാശാല നടത്തിയ ഒരു പഠനത്തെ ഉദ്ധരിച്ച് പുസ്തകം പറയുന്നു. 2015ലെ അവസാന വര്‍ഷക്കാരില്‍ നടത്തിയ സര്‍വേയിലെ ഈ വിവരത്തില്‍ നിന്നു ലഭിക്കുന്നത് ഇത്തരം പ്രഖ്യാപനം നടത്തിയ വിദ്യാര്‍ത്ഥികളില്‍ 1993 മുതലുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യയാണിതെന്ന് മനസിലാക്കാം. 2016-ല്‍ സര്‍വകലാശാലയിലെ 37ശതമാനം വിദ്യാര്‍ത്ഥികള്‍ സ്വന്തമായി ബിസിനസ് നടത്തി വിജയം വരിക്കാനാണ് താല്‍പര്യപ്പെടുന്നതെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ 1984-ല്‍ ഇങ്ങനെ അഭിപ്രായപ്പെട്ടവര്‍ 50 ശതമാനമായിരുന്നു. വന്‍മാന്ദ്യകാലത്തിലൂടെ കടന്നുപോയ തലമുറയുടെ മനോഭാവമാണിത്. സമ്പല്‍സമൃദ്ധിയില്‍ വളര്‍ന്ന സഹസ്രാബ്ദശിശുക്കള്‍ ജീവിതവും ജോലിയും എളുപ്പമാണെന്നു കരുതുമ്പോള്‍ സഹസ്രാബ്ദാനന്തര ശിശുക്കളായ ഐ ജെനുകള്‍ക്ക് ഇത്തരം മിഥ്യാധാരണകളില്ലെന്നതു ശ്രദ്ധേയമാണ്.

വന്‍ വിജയം വരിച്ച മാര്‍ക്ക് സുക്കര്‍ബെര്‍ഗിനെയും ഇവാന്‍ സ്പീഗലിനെയും പോലുള്ള വന്‍കിട ടെക് സംരംഭകരെയോ വിന്‍സേഴ്‌സണ്‍ ന്യൂണ്‍സിനെയും യുയയെയും പോലുള്ള സ്വപ്രയത്‌നത്താല്‍ വളര്‍ന്ന യൂട്യൂബ് താരങ്ങളെയോ പോലെയല്ല ജെനറേഷന്‍ സെഡ്. അവര്‍ കൂടുതല്‍ പ്രായോഗികമതികളും അപകടസാധ്യതയോട് പരമാവധി വിമുഖത കാട്ടുന്നവരുമാണ്

തൊഴില്‍ദാതാക്കളെ സൂക്ഷ്മമായി പരിശോധിക്കാന്‍ പുത്തന്‍ തലമുറയിലെ തൊഴിലന്വേഷകര്‍ ശ്രദ്ധിക്കാറുണ്ട്. സമൂഹമാധ്യമങ്ങളെത്തന്നെയാണ് അവര്‍ ഇതിന് പ്രധാനമായും ആശ്രയിക്കുന്നത്. സ്മാര്‍ട്ട്‌ഫോണുകള്‍ ഇതില്‍ നിര്‍ണായകസഹായമാകുന്നു. ഒരു തൊഴില്‍ദാതാവിലേക്ക് ഉറ്റുനോക്കാന്‍ സഹായിക്കുന്ന ഭൂതക്കണ്ണാടിയാണ് സ്മാര്‍ട്ട്‌ഫോണുകളെന്ന് സെന്റര്‍ ഫോര്‍ ജെനറേഷണല്‍ കൈനെറ്റിക്‌സ് എന്ന ഗവേഷണസ്ഥാപനം നടത്തുന്ന ജാസണ്‍ ഡോഴ്‌സി ചൂണ്ടിക്കാട്ടുന്നു. സഹസ്രാബ്ദശിശുക്കള്‍ക്കു മാത്രമല്ല, സമൂഹമാധ്യമങ്ങളില്‍ സജീവമായ ആര്‍ക്കും ഇത് ഉപയോഗിക്കാനാകും. എന്നാല്‍ സ്‌കൈപ്പ് പോലുള്ള ചാറ്റിംഗ് സംവിധാനങ്ങളില്‍ ജെനറേഷന്‍ സെഡ് വലിയ ഭാവി കാണുന്നില്ല. ലോകത്തിന്റെ മറുകോണില്‍ നിന്ന് ഒരാളുമായി മുഖാമുഖം സംസാരിക്കുന്നതില്‍ അവര്‍ അത്രയ്ക്ക് ആവേശഭരിതരല്ല. എന്നാല്‍ മൊബീല്‍ സാങ്കേതികവിദ്യയോടുള്ള അവരുടെ താല്‍പര്യം അവരെ തൊഴില്‍ശക്തിയിലേക്ക് അടുപ്പിക്കും. മൊബീല്‍ ഫോണിലൂടെ അപേക്ഷ സ്വീകരിക്കാനായില്ലെങ്കില്‍ ജെനറേഷന്‍ സെഡ് വിഭാഗത്തില്‍പ്പെട്ട യുവാക്കളെ ജോലിക്കായി കിട്ടില്ലെന്ന് തൊഴില്‍ദാതാക്കളോട് തങ്ങള്‍ പറയാറുണ്ടെന്ന് ഡോഴ്‌സി വ്യക്തമാക്കുന്നു.

ഡാന്‍ മില്ലറുടെ മൊബീല്‍ ആപ്ലിക്കേഷന്‍ സമൂഹമാധ്യമങ്ങളുടെ നിരവധി ഘടകങ്ങള്‍ സ്വായത്തമാക്കുന്നുണ്ട്. വീഡിയൊ രൂപത്തില്‍ കരിക്കുലംവിറ്റെ സ്വീകരിക്കാനും കമ്പനിയിലെ അപ്രന്റീസുകളുമായും മുന്‍ജീവനക്കാരുമായും നേരിട്ടു സംവദിക്കാനും സ്ഥാപനം സംവിധാനമൊരുക്കുന്നു. മൊബീല്‍ഫോണിനൊപ്പം പിച്ചവെച്ചു വളര്‍ന്ന ഈ തലമുറയെ സ്‌ക്രീന്‍ജീവികള്‍ എന്നു വിളിക്കാമെന്ന് മാന്‍ചെസ്റ്റര്‍ സര്‍വകലാശാല അധ്യാപകന്‍ കാരി കൂപ്പര്‍ പറയുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എത്രമാത്രം സഹായകമാണെന്ന് സാങ്കേതികവിദ്യയുമായി ഇണങ്ങിച്ചേര്‍ന്ന ഈ തലമുറയ്ക്ക് വ്യക്തമായി അറിയാം. തൊഴില്‍സാഹചര്യങ്ങളോട് പെട്ടെന്ന് ഇഴുകിച്ചേരുന്ന ജീവനക്കാരാണ് ഇവരെന്നാണ് സിംഗപ്പുരിലെ നാനിയാംഗ് ബിസിനസ് സ്‌കൂള്‍ അധ്യാപകന്‍ ട്രെവര്‍ യു പറയുന്നത്. സാങ്കേതികവിദ്യയില്‍ വരുന്ന മാറ്റങ്ങളോട് അതിവേഗം അനുകൂലമായി പ്രതികരിക്കുന്ന ഇവര്‍ ഇതരജീവനക്കാരോടും നന്നായി ഇടപഴകാന്‍ കഴിവുള്ളവരാണ്. അതിര്‍വരമ്പുകള്‍ നിശ്ചയിക്കാത്ത ജോലിക്കു പറ്റിയവരാണിവര്‍. കഴിഞ്ഞ നൂറ്റാണ്ടിലെ ഭരണപരമായ നിയന്ത്രണങ്ങളുടെയും കാല,ദേശാന്തര അതിരുകളുടെയും പ്രസക്തി നശിച്ച ഇക്കാലത്ത്, ഇത്തരം ജീവനക്കാര്‍ക്ക് തൊഴില്‍മേഖലയെ സജീവമാക്കാന്‍ കഴിയും.

വന്‍ വിജയം വരിച്ച മാര്‍ക്ക് സുക്കര്‍ബെര്‍ഗിനെയും ഇവാന്‍ സ്പീഗലിനെയും പോലുള്ള വന്‍കിട ടെക് സംരംഭകരെയോ വിന്‍സേഴ്‌സണ്‍ ന്യൂണ്‍സിനെയും യുയയെയും പോലുള്ള സ്വപ്രയത്‌നത്താല്‍ വളര്‍ന്ന യൂട്യൂബ് താരങ്ങളെയോ പോലെയല്ല ജെനറേഷന്‍ സെഡ്. അവര്‍ കൂടുതല്‍ പ്രായോഗികമതികളും അപകടസാധ്യതയോട് പരമാവധി വിമുഖത കാട്ടുന്നവരുമാണ്. ഉദാഹരണത്തിന് ഒരു വീടു സ്വന്തമാക്കുന്നതിനേക്കാള്‍ തങ്ങളുടെ വിദ്യാഭ്യാസവായ്പ അടച്ചു തീര്‍ക്കാനാണ് അവര്‍ താല്‍പര്യപ്പെടുക. തങ്ങള്‍ കല്‍പ്പിക്കുന്ന ജീവിതമൂല്യങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന കമ്പനികളില്‍ ജോലി ചെയ്യാനാണ് ഇവരില്‍ ഭൂരിഭാഗവും ആഗ്രഹിക്കുന്നത്. ലൈംഗിക ന്യൂപക്ഷങ്ങളുടെ അവകാശപ്പോരാട്ടം അടക്കമുള്ള വിഷയങ്ങളോട് ഏറെ മമത സൂക്ഷിക്കുന്ന തലമുറയാണിത്. സ്ഥാപനത്തില്‍ കൂടുതല്‍ വ്യതിരിക്തത അവര്‍ പ്രതീക്ഷിക്കുന്നുവെന്ന് ഡോഴ്‌സി പറയുന്നു. ട്വീറ്റുകളുടെയും ഫേസ്ബുക്ക് സ്റ്റാറ്റസ് അപ്‌ഡേഷനുകളുടെയും കാലത്തെ തലമുറ, കുറിക്കുകൊള്ളുന്ന അഭിപ്രായപ്രകടനത്തിനും ഇന്റര്‍നെറ്റ് ഇടപെടലിലൂടെ ലോകത്തെ സ്വാധീനിക്കാനും ശ്രമം നടത്തുന്നുമുണ്ട്. വിവരസാങ്കേതികവിദ്യയുടെ കരുത്ത് മനസിലാക്കിയ അവര്‍ക്ക് തൊഴിലിലും ആ അറിവുകള്‍ ഉപയോഗപ്പെടുത്താനാകും. ഞാന്‍ വായ് തുറന്നു പറയാന്‍ പോകുകയാണ്, അതോടെ കാര്യങ്ങള്‍ മാറിമറയും എന്ന ചിന്താഗതിക്കാരാണ് ജെനറേഷന്‍ സെഡ് എന്ന് കൂപ്പര്‍ വിലയിരുത്തുന്നു. മുന്‍തലമുറകളെ സാകൂതം നിരീക്ഷിച്ച ഒരു തലമുറയാണിത്.

കാലിഫോര്‍ണിയയിലെ സ്റ്റന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ 19കാരനായ കംപ്യൂട്ടര്‍സയന്‍സ് വിദ്യാര്‍ത്ഥി മിഹിര്‍ ഗരിമെല്ലയുടെ കാര്യം എടുത്തു നോക്കൂ. എംഐടി ലാബുകളില്‍ ജോലി ചെയ്ത മിഹിര്‍, രാജ്യത്തെ ഏറ്റവും വലിയ ഹാക്കത്തോണിന്റെ സംഘാടകനുമാണ്. മനുഷ്യന് എത്തിച്ചേരാന്‍ കഴിയാത്ത ദുരന്തമേഖലകളിലേക്ക് പറക്കാന്‍ കഴിയുന്ന ആളില്ലാവിമാനങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്ന പദ്ധതിയിലാണ് അദ്ദേഹം ഇപ്പോള്‍ പങ്കാളിയായിരിക്കുന്നത്. ജെനറേഷന്‍ സെഡിനെപ്പറ്റി വിദഗ്ധര്‍ പറഞ്ഞ പലകാര്യങ്ങളും അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ശരിവെക്കുന്നു. കഠിനാധ്വാനം ചെയ്യാന്‍ തയാറാണോ എന്ന ചോദ്യത്തിന് എല്ലാ കാര്യങ്ങളും ഗൂഗിളില്‍ നിന്നു പഠിക്കാനാകുമെന്ന മറുപടിയാണ് അദ്ദേഹം നല്‍കുന്നത്. എങ്കിലും ക്ലാസുകളില്‍ ഇരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. പ്രായോഗികക്ലാസുകള്‍ ആസ്വദിക്കാറുണ്ട്. അധ്യാപകരെയും ഇഷ്ടമാണ്. എന്റെ പ്രായത്തിലുള്ളവര്‍ വളരെ പ്രയോഗികമതികളാണ്. സിദ്ധാന്തം എങ്ങനെയാണ് പ്രയോഗവല്‍ക്കരിക്കേണ്ടതെന്ന് ഞങ്ങള്‍ എപ്പോഴും തേടിക്കൊണ്ടിരിക്കും.

അപകടസാധ്യതകളോട് വിമുഖനാണെന്ന് മിഹിര്‍ സമ്മതിക്കുന്നു. കോളെജ് വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാത്ത സുക്കര്‍ബെര്‍ഗ് തന്റെ സംരംഭം കരുപ്പിടിക്കുമെന്നും വിജയം വരിക്കുമെന്നും കണക്കു കൂട്ടിയാണ് ഇറങ്ങിത്തിരിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ക്യാംപസ് അന്തരീക്ഷം അതിനൊരു മികച്ച പാതയൊരുക്കലാണെന്നാണ് തന്റെ അഭിപ്രായം. നന്മ പ്രചോദനമാണോ എന്നതിന് ഗൂഗിളിനെപ്പോലെ ശതകോടി വരുന്ന ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്ന എന്തെങ്കിലും സൃഷ്ടിക്കുകയാണ് തന്റെ സ്വപ്‌നമെന്ന് അദ്ദേഹം നിലപാട് വ്യക്തമാക്കുന്നു.

ഗാരിമെല്ലയും മില്ലറും വന്‍നേട്ടം കൊയ്ത അസാധാരണക്കാരാണെങ്കിലും തങ്ങളുടെ പ്രായപരിധിയിലുള്ളവരുടെ പ്രതിനിധികളായാണ് വര്‍ത്തിക്കുന്നത്. അവര്‍ സ്വയം പ്രചോദിതരും അപകടങ്ങളെ കൃത്യമായ കണക്കുകൂട്ടലുകളോടെ നേരിടുന്നവരുമാണ്. സാങ്കേതികവിദ്യയെയും സമൂഹമാധ്യമങ്ങളെയും തങ്ങളുടെ കഴിവുകളുടെ വികസനത്തിനും ഉദ്ദിഷ്ട സന്ദേശം കൃത്യമായി കൈമാറാനും എങ്ങനെ ഉപയോഗപ്പെടുത്താമെന്നും സദാ ആലോചിച്ചു കൊണ്ടിരിക്കുന്നവരുമാണ്. കഠിനാധ്വാനികളും സ്വയംപര്യാപ്തരുമായിത്തീരണമെന്ന് അവരുടെ മാതാപിതാക്കള്‍ ഉപദേശിക്കുന്നു. നിങ്ങളുടെ ഭാവി തീരുമാനിക്കേണ്ടത് നിങ്ങള്‍ തന്നെയാണെന്നാണ് ആ ഉപദേശത്തിന്റെ കാതല്‍. നമുക്കു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആരെങ്കിലും പുതിയ പാത തുറക്കുന്നുവെങ്കില്‍ അത് സഹസ്രാബ്ദാനന്തര ശിശുക്കള്‍ തന്നെയാകുമെന്ന് പ്രതീക്ഷിക്കാം.

Comments

comments

Categories: Slider, Top Stories, Trending