ഹുറുണ്‍ ബില്യണയര്‍ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്

ഹുറുണ്‍ ബില്യണയര്‍ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്

ന്യൂഡെല്‍ഹി: ലോകത്തിലെ ശതകോടിശ്വരന്മാരുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ചൈനയില്‍ നിന്നും ഓരോ ആഴ്ചയും പുതിയ ബില്യണയറുമാര്‍ ഉദയം ചെയ്യുന്നുണ്ടെന്ന് ഷാംഗ്വായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹുറുണ്‍ മാഗസിന്റെ റിപ്പോര്‍ട്ട് പറയുന്നു. യുഎസ് ഡോളറിന്റെ അടിസ്ഥാനത്തില്‍ ബില്യണയറുമാരായവരുടെ റാങ്കിംഗായ ഹുറുണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് 2018 കഴിഞ്ഞ ദിവസമാണ് മാഗസിന്‍ പുറത്തുവിട്ടത്. പട്ടികയില്‍ 131 ബില്യണയറുമാരുമായി ജര്‍മനിയെ പിന്തള്ളി ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്. 68 രാജ്യങ്ങളില്‍ നിന്നും 2157 കമ്പനികളില്‍ നിന്നുമുള്ള 2,694 ബില്യണയര്‍മാരാണ് പട്ടികയില്‍ ഇടം നേടിയിട്ടുള്ളത്.

1 ബില്യണ്‍ ഡോളറിലധികം ആസ്തിയുള്ള 131 വ്യക്തികള്‍ ഇന്ത്യയിലുണ്ട്. ഇന്ത്യന്‍ വംശജരായ ബില്യണയര്‍മാരെ കൂടി പരിഗണിച്ചാല്‍ ഈ എണ്ണം 170 വരെയാകുമെന്ന് ഹുറുണ്‍ റിപ്പോര്‍ട്ട് ഇന്ത്യ മാനേജിംഗ് ഡയറക്റ്ററും ചീഫ് റിസര്‍ച്ചറുമായ അനസ് റഹ്മാന്‍ ജുനൈദ് പറയുന്നു.

ഇന്ത്യന്‍ ബില്യണയറുമാരുടെ സംയോജിത ആസ്തി വാര്‍ഷികാടിസ്ഥാനത്തില്‍ 49 ശതമാനം വര്‍ധിച്ച് 454 ബില്യണ്‍ ഡോളറായി. ഇന്ത്യയിലെ ബില്യണയറുമാരുടെ കേന്ദ്രം മുംബൈയാണ്. തൊട്ട് പിന്നില്‍ ന്യൂഡെല്‍ഹിയുമുണ്ട്. 2020 ഓടെ ഇന്ത്യയുടെ ജിഡിപി 6 ട്രില്യണ്‍ ഡോളറിലെത്തുമ്പോള്‍ അതിസമ്പന്നരുടെ എണ്ണം നിലവിലുള്ളതിന്റെ ഇരട്ടിയാകുമെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ലോകത്തിലെ അതിസമ്പന്നരുടെ മൊത്തം ആസ്തി 31 ശതമാനം വര്‍ധിച്ച് 10.5 ട്രില്യണ്‍ ഡോളറായി. ആഗോള ജിഡിപിയുടെ 13.2 ശതമാനത്തിന് തുല്യമാണിത്. അതിസമ്പന്നര്‍ക്ക് ഇത് മികച്ച വര്‍ഷമാണെന്നും സമ്പത്ത് വര്‍ധിച്ച 1508 വ്യക്തികളും 567 പുതുമുഖങ്ങളും ലിസ്റ്റിലുണ്ടെന്ന് ഹുറുണ്‍ റിപ്പോര്‍ട്ട് ചെയര്‍മാനും ചീഫ് റിസര്‍ച്ചറുമായ റുപര്‍ട്ട് ഹൂഗ്‌വെര്‍ഫ് പറഞ്ഞു.

മറ്റു രാജ്യങ്ങളേക്കാള്‍ കൂടുതലായി ബില്യണയര്‍മാരെ കൂട്ടിച്ചേര്‍ത്തത് ചൈനയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇക്കാര്യത്തില്‍ യുഎസിനെ പിന്തള്ളി ചൈന മുന്നേറുകയാണ്. ചൈനയ്ക്ക് 819 ബില്യണയറുമാരും യുഎസിന് 571 ബില്യണയറുമാരുമാണുള്ളത്. രണ്ട് വര്‍ഷം മുമ്പ് യഥാക്രമം 534, 535 ബില്യണയറുമാരുമാണ് ഇരുരാജ്യങ്ങള്‍ക്കുമുണ്ടായിരുന്നത്. ചൈന കഴിഞ്ഞ വര്‍ഷം കൂട്ടിച്ചേര്‍ത്തത് 210 ശതകോടീശ്വരന്മാരെയാണ്. ന്യൂയോര്‍ക്കിനെ പിന്തള്ളി മൂന്നാം വര്‍ഷവും ലോകത്തിലെ അതിസമ്പന്നുടെ തലസ്ഥാനമായി ചൈനയിലെ ബെയ്ജിംഗ് നിലകൊണ്ടു. 16 ബില്യണയര്‍മാരെ കഴിഞ്ഞ വര്‍ഷം കൂട്ടിച്ചേര്‍ത്ത ഹോംങ്കോംഗ് നഗരമായ ഗുവാംഗ്‌ഷൌ പട്ടികയിലെ ആദ്യ പത്തില്‍ ഇടം നേടിയിട്ടുണ്ട്.

123 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ഇ കൊമേഴ്‌സ് കമ്പനിയായ ആമസോണിന്റെ സ്ഥാപകന്‍ ജെഫ് ബെസോസാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. വാര്‍ഷികാടിസ്ഥാനത്തില്‍ 71 ശതമാനം വര്‍ധനവാണ് ബെസോസിന്റെ സമ്പത്തിലുണ്ടായത്. 100 ബില്യണ്‍ ഡോളര്‍ സമ്പാദ്യവുമായി അമേരിക്കന്‍ നിക്ഷേപകനായ വാറന്‍ ബഫറ്റാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. 31 ശതമാനം വാര്‍ഷിക വര്‍ധനവാണ് ബഫറ്റിന്റെ ആസ്തിയിലുണ്ടായത്. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് മൂന്നാം സ്ഥാനത്തും ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗ് നാലാം സ്ഥാനത്തും ഇടം നേടി.

Comments

comments

Categories: Business & Economy, World