ഇന്ത്യയുടെ ധനക്കമ്മി 6.77 ലക്ഷം കോടി രൂപയായി ഉയര്‍ന്നു

ഇന്ത്യയുടെ ധനക്കമ്മി 6.77 ലക്ഷം കോടി രൂപയായി ഉയര്‍ന്നു

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ജനുവരി അവസാനം വരെ ഇന്ത്യയുടെ ധനക്കമ്മി 6.77 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. നടപ്പു സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ നിലനിര്‍ത്താന്‍ ലക്ഷ്യമിടുന്ന ധനക്കമ്മി പരിധിയുടെ 113.7 ശതമാനം വരുമിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ പ്രഖ്യാപിത ലക്ഷ്യത്തിന്റെ 105.7 ശതമാനമായിരുന്നു ധനക്കമ്മി.

ഈ സാമ്പത്തിക വര്‍ഷം മൊത്തം ധനക്കമ്മി 5.95 ലക്ഷം കോടി രൂപയ്ക്കുള്ളില്‍ നിര്‍ത്താനാണ് ലക്ഷ്യമിട്ടിരുന്നത്. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി)ത്തിന്റെ 3.5 ശതമാനമായി ധനക്കമ്മി നിലനിര്‍ത്തുന്നതിനായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നീക്കം. നേരത്തെ 5.33 ലക്ഷം കോടി രൂപയായിരുന്നു മൊത്തം ധനക്കമ്മി ലക്ഷ്യം നിശ്ചയിച്ചിരുന്നത്. സമ്പദ്‌വ്യവസ്ഥയിലെ നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കഴിഞ്ഞ മാസം അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പുതിയ ധനക്കമ്മി ലക്ഷ്യം പ്രഖ്യാപിക്കുകയായിരുന്നു.

സര്‍ക്കാര്‍ ചെലവിടല്‍ വര്‍ധിച്ചതാണ് ധനക്കമ്മി ഉയരാന്‍ കാരണം. സര്‍ക്കാരിന്റെ ചെലവും വരുമാനവും തമ്മിലുള്ള അന്തരമാണ് ധനക്കമ്മി. ഏപ്രില്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ 15.75 ലക്ഷം കോടി രൂപയാണ് സര്‍ക്കാരിന്റെ വരുമാന ചെലവ്. ഈ സാമ്പത്തിക വര്‍ഷം ലക്ഷ്യമിട്ടിരുന്ന മൊത്തം തുകയുടെ 81 ശതാനമാണിത്. നടപ്പു സാമ്പത്തിക വര്‍ഷം ലക്ഷ്യമിടുന്നതിന്റെ 96.9 ശതമാനമായ 2.64 ലക്ഷം കോടി രൂപയാണ് മൂലധന ചെലവ്. ആദ്യ പത്ത് മാസത്തെ സര്‍ക്കാരിന്റെ മൊത്തം ചെലവ് 18.39 ലക്ഷം കോടി രൂപയാണ്. ഈ സാമ്പത്തിക വര്‍ഷം മൊത്തം 22.17 കോടി രൂപയുടെ ചെലവാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

പത്ത് മാസംകൊണ്ട് സര്‍ക്കാരിലേക്കെത്തിയ അറ്റ നികുതി വരുമാനം 9.7 ലക്ഷം കോടി രൂപയാണ്. മൊത്തം വരുമാനമാകട്ടെ ലക്ഷ്യമിട്ടതിന്റെ 71.7 ശതമാനമായ 11.63 ലക്ഷം കോടി രൂപയും. കണ്‍ട്രോളര്‍ ജനറല്‍ ഓഫ് എക്കൗണ്ട്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 4.80 ലക്ഷം കോടി രൂപയാണ് എപ്രില്‍-ജനുവരി കാലയളവില്‍ ഇന്ത്യയുടെ വരുമാനക്കമ്മി. അടുത്ത സാമ്പത്തിക വര്‍ഷം ധനക്കമ്മി 3.3 ശതമാനത്തില്‍ പിടിച്ചുനിര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2019 ഓടെ ധനക്കമ്മി മൂന്ന് ശതമാനമാക്കി നിലനിര്‍ത്തുമെന്നായിരുന്നു കേന്ദ്രം നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

Comments

comments

Categories: Business & Economy