ആമസോണിന്റെ മ്യൂസിക് സേവനം ഇന്ത്യയിലേക്ക്

ആമസോണിന്റെ മ്യൂസിക് സേവനം ഇന്ത്യയിലേക്ക്

മുംബൈ: പ്രമുഖ ഇ-കൊമേഴ്‌സ് ഭീമന്‍ ആമസോണിന്റെ മ്യൂസിക് സേവനമായ ആമസോണ്‍ മ്യൂസിക് ഇന്ത്യന്‍ വിപണിയിലെത്തി. ആമസോണിന്റെ വീഡിയോ സ്ട്രീമിംഗ് സേവനത്തില്‍ ഉള്‍പ്പെടുത്തി 2014 ല്‍ യുഎസില്‍ അവതരിപ്പിച്ച ആമസോണ്‍ പ്രൈം മ്യൂസിക് സര്‍വീസിന്റെ ഭാഗമായിട്ടാണ് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് പുതിയ സേവനം ലഭ്യമാകുന്നത്. ഇതോടെ ഇന്ത്യയില്‍ മ്യൂസിക് സേവനം ലഭ്യമാക്കുന്ന പ്ലാറ്റ്‌ഫോമുകള്‍ തമ്മില്‍ പുതിയ കിടമല്‍സരങ്ങള്‍ക്കു വഴിയൊരുങ്ങും.

നിലവിലുള്ള പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ തന്നെ ഉപയോഗപ്പെടുത്തി അധിക ചാര്‍ജ് നല്‍കാതെ തന്നെ ആമസോണ്‍ പ്രൈം മ്യൂസിക്കില്‍ പരിധികളിലാത്ത ഓഫ്‌ലൈന്‍ ഡൗണ്‍ലോഡിംഗ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. പത്ത് ഭാഷകളില്‍ ലഭ്യമായ സേവനം പരസ്യങ്ങളില്ലാതെയാണ് ലഭ്യമാക്കുന്നത്. ഇക്കോ ഉപകരണമില്ലാത്ത ഉപഭോക്താക്കള്‍ക്കും സംഗീതം ആസ്വദിക്കുന്നതിനായി വോയിസ് നിയന്ത്രിത സംഗീത സൗകര്യമൊരുക്കികൊണ്ട് അലെക്‌സാ വോയിസ് കണ്‍ട്രോള്‍സ് ഈ മ്യൂസിക് ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ഉപഭോക്താക്കളുടെ ഉപകരണങ്ങളുമായി സമന്വയിപ്പിച്ച് ഉപയോഗിക്കാവുന്നതാണ്.

സാവന്‍, ഗാന, ആപ്പിള്‍ മ്യൂസിക് എന്നിങ്ങനെ നിലവിലെ പ്രമുഖരായ മ്യൂസിക് സേവന പ്ലാറ്റ്‌പോമുകളുമായിട്ടാകും ഇന്ത്യന്‍ ഡിജിറ്റല്‍ മ്യൂസിക് വിപണിയില്‍ ആമസോണ്‍ പ്രൈം മ്യൂസിക് കൊമ്പുകോര്‍ക്കുന്നത്. വിപണിയില്‍ ആധിപത്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി ദേശീയതലത്തിലുള്ള എട്ടും പ്രാദേശികതലത്തിലുള്ള 300 ലധികം റെക്കോര്‍ഡ് ലേബലുകളുമായി കമ്പനി പങ്കാളിത്തമുണ്ടാക്കിയിട്ടുണ്ട്. ആമസോണിന്റെ പ്രൈം സേവനത്തിന് ഇന്ത്യയില്‍ പത്ത് ദശലക്ഷം ഉപഭോക്താക്കളാണുള്ളത്.

2016 ഒക്‌റ്റോബറില്‍ ഇന്ത്യയില്‍ ആരംഭിച്ച ആമസോണ്‍ മ്യൂസിക് അണ്‍ലിമിറ്റഡില്‍ നിന്ന് തികച്ചും വേറിട്ട സേവനമാണ് ആമസോണ്‍ പ്രൈം മ്യൂസിക്. പ്രസ്തുത സേവനം ഇപ്പോള്‍ ലഭ്യമല്ല.

വിപണി ഗവേഷക സ്ഥാപനമായ ഡിലോയിറ്റിന്റെ കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ഡിജിറ്റല്‍ മ്യൂസിക് വ്യവസായം രണ്ടു വര്‍ഷ കൊണ്ട് 3,100 കോടി ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിപണി വിഹിതം പരിഗണിക്കുകയാണെങ്കില്‍ ഗാന ആപ്പിന് 60 ദശലക്ഷം പ്രതിമാസ ഉപഭോക്താക്കളും സാവന് 22 ദശലക്ഷം ഉപഭോക്താക്കളുമുണ്ടെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍.

Comments

comments

Categories: Business & Economy