2018ല്‍ ശരാശരി 9.4% ശമ്പള വര്‍ധനവുണ്ടാകും

2018ല്‍ ശരാശരി 9.4% ശമ്പള വര്‍ധനവുണ്ടാകും

ന്യൂഡെല്‍ഹി: 2018ല്‍ ഇന്ത്യന്‍ കമ്പനികളിലെ തൊഴിലാളികള്‍ക്ക് 9.4 ശതമാനം വരെ ശരാശരി ശമ്പള വര്‍ധനവ് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. 2017ന് സമാനമായ പ്രവണതയാണ് ഇക്കാര്യത്തില്‍ തുടരുക. പ്രകടനത്തില്‍ കമ്പനികള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നതിനാല്‍ മുഖ്യ നൈപുണ്യമുള്ളവര്‍ക്ക് 15.4 ശതമാനം വരെ ശമ്പള വര്‍ധനവ് ലഭിക്കുമെന്ന് എച്ച്ആര്‍ കണ്‍സള്‍ട്ടന്‍സിയായ എയൊണ്‍ ഹെവിറ്റ്‌സിന്റെ വാര്‍ഷിക ശമ്പള വര്‍ധന റിപ്പോര്‍ട്ട് പറയുന്നു. ഇരുപതിലധികം വ്യവസായങ്ങളില്‍ നിന്നുള്ള 1000ത്തിലേറെ കമ്പനികളിലാണ് സര്‍വെ നടത്തിയത്.

ഇന്ത്യയിലെ ശരാശരി ശമ്പള വര്‍ധനവ് 9.4-9.6 ശതമാനത്തിനുമിടയില്‍ തുടരുമെന്നാണ് സര്‍വെ പറയുന്നത്. 2017ല്‍ 9.3 ശതമാനം ശരാശരി ശമ്പള വര്‍ധനവാണ് ഇന്ത്യയിലെ കമ്പനികളിലുണ്ടായത്. എന്നാല്‍ ശരാശരി വേതന വര്‍ധനവില്‍ ഇരട്ടയക്ക വളര്‍ച്ചയുണ്ടാവുമെന്നാണ് കഴിഞ്ഞ വര്‍ഷത്തെ സര്‍വെയില്‍ കമ്പനികള്‍ ചൂണ്ടിക്കാണിച്ചിരുന്നത്.

ഏഷ്യാ പസഫിക് മേഖലയില്‍ ശമ്പള വര്‍ധനയുടെ കാര്യത്തില്‍ ഇന്ത്യയാണ് മുന്നില്‍ നില്‍ക്കുന്നത്. ഈ വര്‍ഷം ചൈനയില്‍ 6.7 ശതമാനവും, ഫിലിപ്പിന്‍സില്‍ 5.8 ശതമാനവും മലേഷ്യയില്‍ 5.1 ശതമാനവും സിംഗപ്പൂരില്‍ 4 ശതമാനവും ആസ്‌ട്രേലിയയില്‍ 3.2 ശതമാനവും ജപ്പാനില്‍ 2.5 ശതമാനവും ശമ്പള വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച പ്രകടനം കാഴ്ചവെക്കുന്നവര്‍ക്ക് ലഭിക്കുന്ന 15.4 ശതമാനം ശരാശരി ശമ്പള വര്‍ധനവ്, ശരാശരി പ്രകടനം കാഴ്ചവെക്കുന്ന ഒരു തൊഴിലാളിയുടെ ശമ്പള വര്‍ധനവിനെ അപേക്ഷിച്ച് 1.9 മടങ്ങാണ്.

‘തൊഴില്‍ വൈദഗ്ധ്യത്തിന്റെ അഭാവം ഒരു പ്രധാന ആശങ്കയാണ്. അതിനാല്‍ വൈദഗ്ധ്യത്തെ തിരിച്ചറിഞ്ഞ് പ്രതിഫലം കൊടുക്കുന്നതില്‍ കമ്പനികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നു’, എയൊണ്‍ ഇന്ത്യ കണ്‍സള്‍ട്ടിംഗ് പാര്‍ട്ണര്‍ ആനന്ദോര്‍പ് ഘോഷ് പറയുന്നു. പ്രൊഫഷണല്‍ സേവനങ്ങള്‍, കണ്‍സ്യൂമര്‍ ഇന്റര്‍നെറ്റ്, ലൈഫ് സയന്‍സ്, ഓട്ടോമോട്ടിവ്, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ഈ വര്‍ഷം ശരാശരി ശമ്പള വര്‍ധനവിന്റെ നിരക്ക് ഇരട്ടയക്കത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സൂക്ഷ്മ സാമ്പത്തിക വളര്‍ച്ചയില്‍ മെച്ചപ്പെടല്‍ പ്രതീക്ഷയുണ്ടെങ്കിലും ശമ്പള വര്‍ധനവിലെ പ്രതീക്ഷ കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായ നിലയില്‍ തുടരുകയാണ്. കമ്പനിയുടെ വലുപ്പം, ഉപ വ്യവസായങ്ങള്ളിലെ ബിസിനസ് ചലനാത്മകത, നൈപുണ്യ ആവശ്യകതകള്‍, പ്രകടനം തുടങ്ങിയവ ഉള്‍പ്പെടെ നിരവധി ഘടകങ്ങള്‍ ഇപ്പോള്‍ ശമ്പള വര്‍ധനവിനെ സ്വാധീനിക്കുന്നുണ്ടെന്ന് സര്‍വെ ചൂണ്ടിക്കാട്ടി. അതേസമയം രാജ്യത്തെ തൊഴില്‍ശക്തി ക്ഷയിപ്പിക്കല്‍ നിരക്ക് തുടര്‍ച്ചയായി കുറയുന്ന പ്രവണതയാണ് കണ്ടുവരുന്നതെന്നും സര്‍വെ പറയുന്നു. മൊത്തത്തിലുള്ള ശക്തിക്ഷയിപ്പിക്കല്‍ നിരക്ക് മുന്‍ ദശാബ്ദത്തിലെ ശരാശരി 20 ശതമാനത്തില്‍ നിന്ന് 2017ല്‍ 15.7 ശതമാനത്തിലേക്ക് താഴ്ന്നു.

 

Comments

comments

Categories: Business & Economy