ജിഎസ്ടി വരുമാനം 86,318 കോടി രൂപയായി ചുരുങ്ങി

ജിഎസ്ടി വരുമാനം 86,318 കോടി രൂപയായി ചുരുങ്ങി

ന്യൂഡെല്‍ഹി: ഏകീകൃത ചരക്ക് സേവന നികുതിയില്‍ നിന്നുള്ള വരുമാനത്തില്‍ കഴിഞ്ഞ മാസവും കുറവ് രേഖപ്പെടുത്തി. ജനുവരിയില്‍ 86,318 കോടി രൂപയാണ് ജിഎസ്ടിയില്‍ നിന്നും നേടാനായാതെന്ന് കേന്ദ്ര ധനമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. ഡിസംബറില്‍ 86,703 കോടി രൂപയുടെ വരുമാനമാണ് ജിഎസ്ടി വഴി സര്‍ക്കാരിലേക്കെത്തിയിരുന്നത്.

കഴിഞ്ഞ വര്‍ഷം നവംബര്‍, ഒക്‌റ്റോബര്‍ മാസങ്ങളിലും ജിഎസ്ടി വരുമാനത്തില്‍ കാര്യമായ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പിന്നിട് ഡിസംബറില്‍ വരുമാനം വര്‍ധിച്ചു. 200 ഓളം ഉല്‍പ്പന്നങ്ങളുടെ നികുതി നിരക്ക് ജിഎസ്ടി കൗണ്‍സില്‍ വെട്ടിക്കുറച്ചതാണ് ഒക്‌റ്റോബര്‍ നവംബര്‍ മാസങ്ങളിലെ ജിഎസ്ടി വരുമാനത്തില്‍ പ്രതിഫലിച്ചത്. ഡിസംബറില്‍ വരുമാനത്തിലുണ്ടായ വര്‍ധന ജനുവരിയിലും പ്രകടമാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത്. ജനുവരിയിലെ മൊത്തം നികുതി വരുമാനത്തില്‍ 86,318 കോടി രൂപ സിജിഎസ്ടി (കേന്ദ്ര ജിഎസ്ടി)യില്‍ നിന്നുള്ള വരുമാനമാണ്. 19,961 കോടി രൂപ സംസ്ഥാന ജിഎസ്ടിയില്‍ നിന്നും 43,794 കോടി രൂപയുടെ വരുമാനം സംയോജിത ജിഎസ്ടി (ഐജിഎസ്ടി)യില്‍ നിന്നും ലഭിച്ചതാണ്. 8,331 കോടി രൂപ നഷ്ടപരിഹാര സെസ് ഇനത്തില്‍ നിന്നുള്ളതാണെന്നും ധനമന്ത്രാലയം പറഞ്ഞു.

ഫെബ്രുവരി 25 വരെയുള്ള കണക്കെടുത്താല്‍ രാജ്യത്തെ 1.03 കോടി നികുതിദായകരാണ് ജിഎസ്ടിക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 17.65 ലക്ഷം പേര്‍ കോംപോസിഷന്‍ ഡീലര്‍മാര്‍ ആണെന്നും ഇവര്‍ എല്ലാ പാദത്തിലും റിട്ടേണ്‍ സമര്‍പ്പിക്കേണ്ടവരാണെന്നും ധനമന്ത്രാലയം പറഞ്ഞു. ഇതില്‍ 1.23 ലക്ഷം കോംപോസിഷന്‍ ഡീലര്‍മാര്‍ പദ്ധതിയില്‍ നിന്നും ഒഴിവായിട്ടുണ്ട്. ഇവര്‍ സാധാരണ നികുതിദായകരായാണ് കണക്കാക്കുന്നത്. 87.03 ലക്ഷം നികുതിദായകരാണ് പ്രതിമാസ റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത്. ഫെബ്രുവരി 25 വരെയുള്ള കാലയളവില്‍ 57.78 ലക്ഷം പേരാണ് ജനുവരി മാസത്തെ ജിഎസ്ടിആര്‍-3ബി റിട്ടേണ്‍ സമര്‍പ്പിച്ചിട്ടുള്ളത്. പ്രതിമാസ റിട്ടേണ്‍ സമര്‍പ്പിക്കേണ്ട മൊത്തം നികുതിദായകരുടെ 69 ശതമാനം മാത്രമാണിതെന്നും ധനമന്ത്രാലയം വ്യക്തമാക്കി. ജിഎസ്ടി നികുതി വരുമാനം ഇടിയുന്നത് ചെലവിടല്‍ സംബന്ധിച്ച സര്‍ക്കാരിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതാണ്.

Comments

comments

Categories: Business & Economy
Tags: GST, gst revenue