കിഫ്ബിയുടെ കീഴില്‍ അസറ്റ് മാനേജ്‌മെന്റ് കമ്പനിക്ക് അനുമതി

കിഫ്ബിയുടെ കീഴില്‍ അസറ്റ് മാനേജ്‌മെന്റ് കമ്പനിക്ക് അനുമതി

തിരുവനന്തപുരം: കിഫ്ബിയുടെ കീഴില്‍ 100 കോടി രൂപയുടെ അംഗീകൃത മൂലധനവും 50 കോടി രൂപയുടെ അടച്ചുതീര്‍ത്ത മൂലധനവുമുളള അസെറ്റ് മാനേജ്‌മെന്റ് കമ്പനി രൂപീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം അനുമതി നല്‍കി. അടിസ്ഥാന സൗകര്യ വികസനത്തിന് വ്യത്യസ്ത ധനസ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തുന്നതിനായാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

പ്രധാനമന്ത്രി ആവാസ് യോജന (നഗരം) പ്രകാരം സംസ്ഥാനത്ത് നടപ്പാക്കുന്ന ഭവനപദ്ധതിയില്‍ ഒരു വീടിനുളള നിരക്ക് മൂന്നു ലക്ഷം രൂപയില്‍ നിന്ന് നാലു ലക്ഷം രൂപയായി ഉയര്‍ത്തുന്നതിനും മന്ത്രിസഭ തീരുമാനിച്ചു. നടപ്പു സാമ്പത്തികവര്‍ഷം മുതല്‍ നടപ്പാക്കുന്ന ലൈഫ് മിഷന്‍ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയില്‍ ഒരു വീടിനുളള ചെലവ് നാലു ലക്ഷം രൂപയാണ്. ലൈഫ് പദ്ധതിയുടെ യൂണിറ്റ് നിരക്കുമായി ഏകീകരിക്കാനാണ് പിഎംഎവൈ പദ്ധതിയിലെ നിരക്ക് ഉയര്‍ത്തിയത്. നടപ്പ് സാമ്പത്തികവര്‍ഷം 459 കോടി രൂപയുടെ അധികബാധ്യത ഇതുമൂലം സര്‍ക്കാരിനുണ്ടാകും.

നിലവില്‍ പിഎംഎവൈ പദ്ധതിയില്‍ 1.5 ലക്ഷം രൂപ കേന്ദ്രവിഹിതവും അമ്പതിനായിരം രൂപ സംസ്ഥാനവിഹിതവും അമ്പതിനായിരം രൂപ നഗരസഭാ വിഹിതവും അമ്പതിനായിരം രൂപ ഗുണഭോക്തൃ വിഹിതവുമാണ്. പുതിയ തീരുമാനമനുസരിച്ച് നഗരസഭാവിഹിതം രണ്ടുലക്ഷം രൂപയായി ഉയരും. ഗുണഭോക്തൃവിഹിതം ഉണ്ടാകില്ല.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ പരിധിയില്‍ ഭൂരഹിത-ഭവനരഹിതര്‍ക്ക് വീട് വെച്ചു നല്‍കുന്നതും കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. ലൈഫ് സമ്പൂര്‍ണ ഭവനപദ്ധതിയുടെ വിജയത്തിന് പൊതുസമൂഹത്തില്‍ നിന്ന് ലഭിക്കുന്ന സംഭാവനകള്‍ക്ക് പൂര്‍ണ ആദായനികുതി ഇളവ് ലഭ്യമാക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
മാര്‍ച്ച് ഒന്നുമുതല്‍ സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിക്കുമ്പോള്‍ സൂപ്പര്‍ എയര്‍ എക്‌സ്പ്രസ്, മള്‍ടി ആക്‌സില്‍, സ്‌കാനിയ, വോള്‍വോ, ജന്റം, ജന്റം എസി എന്നിവയുടെ നിരക്കും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. സൂപ്പര്‍ എയര്‍ എക്‌സ്പ്രസ്സിന്റെ നിരക്ക് കിലോമീറ്ററിന് 85 പൈസയില്‍നിന്ന് 93 പൈസയായി വര്‍ധിക്കും. മള്‍ടി ആക്‌സില്‍, സ്‌കാനിയ, വോള്‍വോ നിരക്ക് 1.91 രൂപയില്‍നിന്ന് 2 രൂപയാകും. ജന്റം എസിയുടെ കിലോമീറ്റര്‍ നിരക്കില്‍ മാറ്റമില്ല. എന്നാല്‍ മിനിമം ചാര്‍ജ് 15 രൂപയില്‍ നിന്ന് 20 രൂപയാകും. ജന്റം നോണ്‍ എസിയുടെ കിലോമീറ്റര്‍ നിരക്ക് 70 പൈസയില്‍നിന്ന് 80 പൈസയാകും.

 

Comments

comments

Categories: Business & Economy