‘അഴിമതിയെന്ന അര്‍ബുദത്തെ തൂത്തെറിയാനാണ് പരിഷ്‌കരണങ്ങള്‍’

‘അഴിമതിയെന്ന അര്‍ബുദത്തെ തൂത്തെറിയാനാണ് പരിഷ്‌കരണങ്ങള്‍’

റിയാദ്: നയം വ്യക്തമാക്കി സൗദി അറേബ്യയുടെ കിരീടാവകാശി പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്‍. അഴിമതിയെന്ന അര്‍ബുദത്തെ തുടച്ചു നീക്കാനാണ് രാജ്യത്ത് നടക്കുന്ന പരിഷ്‌കരണ നടപടികളെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം അവസാനം രാജകുടുംബത്തിലേതടക്കമുള്ള വമ്പന്‍മാര്‍ക്കെതിരെ രാജ്യം കൈക്കൊണ്ട നടപടികള്‍ അഴിമതിയുടെ വ്യാപനം തടയുന്നതിനുള്ള ഷോക്ക് തെറാപ്പിയായിരുന്നുവെന്നും രാജ്യത്ത് ഇന്ന് ഏറ്റവും ശക്തനായി വിലയിരുത്തപ്പെടുന്ന പ്രിന്‍സ് സല്‍മാന്‍ പറഞ്ഞു.

എല്ലായിടത്തും കാന്‍സര്‍ ബാധിച്ച ഒരു ശരീരമാണ് നിങ്ങള്‍ക്കുള്ളത്. അഴിമതിയെന്ന കാന്‍സര്‍ ബാധിച്ച ശരീരം. അപ്പോള്‍ നിങ്ങള്‍ക്ക് ഒരു കീമോ ആവശ്യമാണ്. കീമോയുടെ ആ ഷോക്ക് വേണം. അല്ലെങ്കില്‍ ആ കാന്‍സര്‍ നിങ്ങളുടെ ശരീരത്തെ കാര്‍ന്ന് തിന്നും-വാഷിംഗ്ടണ്‍ പോസ്റ്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.

ഈ കൊള്ളയടി തടയാതെ രാജ്യത്തിന്റെ ബജറ്റ് ലക്ഷ്യങ്ങള്‍ നേടുകയെന്നത് സാധ്യമല്ലെന്നും സൗദിയുടെ പുതിയ പ്രതീക്ഷയായ പ്രിന്‍സ് സല്‍മാന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് രാജ്യത്തിന്റെ പ്രതിരോധ സേനകളിലും വ്യാപക അഴിച്ചുപണി സര്‍ക്കാര്‍ നടത്തിയത്. ഗവണ്‍മെന്റ് ബ്യൂറോക്രസിയിലും ഉടച്ചുവാര്‍ക്കലുണ്ടാകും. മികച്ച ഊര്‍ജ്ജമുള്ള വ്യക്തികളെ സൗദിയുടെ ഭരണസംവിധാനത്തിന്റെ ഭാഗമാക്കി പരിഷ്‌കരണലക്ഷ്യങ്ങള്‍ എത്തിപ്പിടിക്കാനാണ് ഇത്തരം നടപടികളെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലാണ് വിഷന്‍ 2030യുടെ ബാനറല്‍ രാജ്യത്ത് സാമ്പത്തിക, സാമൂഹ്യ പരിഷ്‌കരണ പദ്ധതികള്‍ അരങ്ങേറുന്നത്. എണ്ണ അധിഷ്ഠിതമായി നില്‍ക്കുന്ന സമ്പദ് വ്യവസ്ഥയെ ഉടച്ചുവാര്‍ത്ത് പുതുമേഖലകളിലേക്ക് വ്യാപിക്കുകയാണ് പ്രധാന ലക്ഷ്യം. ടൂറിസം ഉള്‍പ്പടെയുള്ള മേഖലകളില്‍ ശ്രദ്ധ വെക്കുന്നതോടൊപ്പം തന്നെ വനിതകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കിയുള്ളതാണ് പരിഷ്‌കരണ നടപടികള്‍. സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതും സ്വകാര്യവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതുമെല്ലാം അദ്ദേഹത്തിന്റെ മുഖ്യ അജണ്ടയാണ്. ലോകത്തെ പുതിയ സമാനതകളില്ലാത്ത അല്‍ഭുതം എന്ന നിലയില്‍ നിയോം നഗരം നിര്‍മിക്കാനും പ്രിന്‍സ് സല്‍മാന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു.

Comments

comments

Categories: Arabia