അന്റാര്‍ട്ടിക്കയെ വന്യജീവി സങ്കേതമാക്കണമെന്ന് ആവശ്യം

അന്റാര്‍ട്ടിക്കയെ വന്യജീവി സങ്കേതമാക്കണമെന്ന് ആവശ്യം

വൈവിധ്യങ്ങളുള്ള ജീവജാലങ്ങളുടെ നാടാണ് അന്റാര്‍ട്ടിക്ക. പക്ഷേ കാലാവസ്ഥ വ്യതിയാനവും, അനിയന്ത്രിത തോതിലുള്ള മത്സ്യബന്ധനവും പ്രദേശത്തെ ജീവജാലങ്ങള്‍ക്കു ഭീഷണിയായിരിക്കുന്നു. ഇതിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ ചെറിയ തോതില്‍ യൂറോപ്പിലുള്ള ഏതാനും രാജ്യങ്ങളും പരിസ്ഥിതി സംഘടനകളും ചേര്‍ന്നെടുത്തിരിക്കുന്നു. ഇവരുടെ ലക്ഷ്യം ഫലപ്രാപ്തിയിലെത്തുമോ എന്ന് ഉറ്റുനോക്കുകയാണു ശാസ്ത്രലോകം.

കാലാവസ്ഥ വ്യതിയാനം ഒരു യാഥാര്‍ഥ്യമാണ്. കാലാവസ്ഥ വ്യതിയാനത്തിന്റെ മാറ്റങ്ങളും അതു സമ്മാനിക്കുന്ന ദുരിതങ്ങളും അനുഭവിക്കുന്ന ഒരു പ്രദേശമാണ് അന്റാര്‍ട്ടിക്ക. അന്റാര്‍ട്ടിക്കയുടേത് പ്രത്യേകതയുള്ള ഭൂപ്രദേശമായതിനാല്‍ ഇവിടെ സാധാരണ ജീവജാലങ്ങള്‍ക്ക് അതിജീവിക്കാന്‍ സാധ്യമല്ല. പായലുകള്‍ (ആല്‍ഗ) പോലുള്ള സസ്യങ്ങളും, നട്ടെല്ലില്ലാത്ത ജീവികളുമാണ് അന്റാര്‍ട്ടിക്കയിലുള്ളത്. മഞ്ഞില്‍ ജീവിക്കാന്‍ തക്ക പ്രാപ്തിയുള്ള ജീവജാലങ്ങള്‍ മാത്രമാണ് അന്റാര്‍ട്ടിക്കയില്‍ ജീവിക്കുന്നത്. ഈയൊരു പ്രത്യേകതയുള്ളതിനാല്‍ അന്റാര്‍ട്ടിക്കയില്‍ തിമിംഗലം, പെന്‍ഗ്വിന്‍, leopard seals തുടങ്ങിയ ജീവികളാണ് അന്റാര്‍ട്ടിക്കയില്‍ പൊതുവേ കാണപ്പെടുന്നത്.

സമീപകാലത്തു ശാസ്ത്രജ്ഞര്‍ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്, ഈ ജീവികള്‍ ഇപ്പോള്‍ പുതിയ ഭീഷണി നേരിടുന്നുണ്ടെന്നാണ്. ഭക്ഷ്യക്ഷാമം അനുഭവിക്കുന്നുണ്ടെന്നതാണ് ആ ഭീഷണി. ക്രില്‍(krill) എന്ന കൊഞ്ച് വര്‍ഗത്തില്‍പ്പെട്ട ചെറുമത്സ്യം, ഞണ്ട്, ചെമ്മീന്‍ തുടങ്ങിയ വിഭാഗത്തില്‍പ്പെടുന്ന Crustaceans തുടങ്ങിയവയാണു തിമിംഗലത്തിന്റെയും പെന്‍ഗ്വിന്റെയുമൊക്കെ പ്രധാന ഭക്ഷണം. എന്നാല്‍ സമീപകാലത്തായി ഈ മത്സ്യങ്ങള്‍ അപ്രത്യക്ഷമായിരിക്കുന്നു. ഇതാകട്ടെ പെന്‍ഗ്വിന്റെയും തിമിംഗലത്തിന്റെയും നിലനില്‍പ്പിനെ തന്നെ അപകടത്തിലാക്കിയിരിക്കുന്നു. കാലാവസ്ഥ വ്യതിയാനവും, വന്‍തോതിലുള്ള മത്സ്യബന്ധനവുമാണ് അന്റാര്‍ട്ടിക്കയില്‍ ക്രില്‍ വിഭാഗത്തില്‍പ്പെടുന്ന മത്സ്യസമ്പത്തിനെ ദോഷകരമായി ബാധിച്ചത്. ഇവയ്ക്കു വംശനാശം സംഭവിക്കുന്നത് തിമിംഗലത്തിന്റെയും പെന്‍ഗ്വിന്റെയും നിലനില്‍പ്പിനെ ബാധിക്കുമെന്നു ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈയടുത്ത കാലത്തു പുറത്തിറങ്ങിയ ഒരു പുതിയ റിപ്പോര്‍ട്ട്പ്രകാരം, പെന്‍ഗ്വിന്റെ എണ്ണം ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ മൂന്നിലൊന്നായി ചുരുങ്ങുമെന്നു വിശദമാക്കുന്നു.

അന്റാര്‍ട്ടിക്കയില്‍ കാണപ്പെടുന്ന ക്രില്‍ എന്ന മത്സ്യത്തിന്റെ ഉത്പന്നങ്ങള്‍ക്ക് ആരോഗ്യമേഖലയില്‍ വന്‍ ഡിമാന്‍ഡ് ഉണ്ട്. രക്തസമ്മര്‍ദം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവയ്ക്ക് അത്യുത്തമമാണ് ഈ ഉത്പന്നങ്ങള്‍. വാണിജ്യാടിസ്ഥാനത്തില്‍ വന്‍സാധ്യത കണ്ടെത്തിയതോടെ ക്രില്‍ മത്സ്യങ്ങളെ വേട്ടയാടുന്ന തോതും വര്‍ധിച്ചു.

കാലാവസ്ഥ വ്യതിയാനം സമുദ്രത്തിലെ അന്തരീക്ഷത്തിന്റെ ചൂട് വര്‍ധിപ്പിക്കുന്നു. ഇത്തരത്തില്‍ ചൂട് ഉയരുന്നത് ക്രില്‍ എന്ന മത്സ്യത്തിനു ഭീഷണിയാണ്. ഉയര്‍ന്ന താപനില, അന്റാര്‍ട്ടിക്കയിലെ സ്‌കോട്ടിയ കടലിലുള്ള ക്രില്‍ മത്സ്യസമ്പത്ത് 40 ശതമാനത്തോളം ഇടിവ് വരുത്താന്‍ കാരണമാകുമെന്ന് റിപ്പോര്‍ട്ട് വിശദമാക്കുന്നു. ഇതാകട്ടെ അന്റാര്‍ട്ടിക്കയില്‍ കഴിയുന്ന തിമിംഗലത്തിന്റെയും പെന്‍ഗ്വിന്റെയും ഹിമപ്പുലിയുടെയുമൊക്കെ അതിജീവനം ദുസഹമാക്കുകയും ചെയ്യുന്നു.

1970-നു ശേഷം ക്രില്‍ മത്സ്യസമ്പത്ത് 80 ശതമാനത്തോളം ഇടിയുകയുണ്ടായി. ആഗോള താപനമാണ് ഈ ഇടിവിന്റെ ഒരു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ആല്‍ഗ (പായല്‍) എന്ന സസ്യവിഭാഗത്തിന്റെയും, ജലാശയങ്ങളില്‍ ഒഴുകിനടക്കുന്ന ജീവിയായ ക്രില്‍ മത്സ്യത്തിന്റെയും വാസസ്ഥലമായ മഞ്ഞുകട്ടി ഉരുകി അതിന്റെ തോത് കുറഞ്ഞുവരികയാണ്. ഇതിനു പുറമേയാണ് ക്രില്‍ മത്സ്യത്തിനെ വേട്ടയാടുന്നത്. ഇത്തരം അപകടകരമായ സാഹചര്യം ഒഴിവാക്കാന്‍ അന്റാര്‍ട്ടിക്കയില്‍ മത്സ്യബന്ധനം പൂര്‍ണമായും നിരോധിക്കണമെന്നാണു ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്. അതിനോടൊപ്പം, ക്രില്‍ മത്സ്യത്തെ സംരക്ഷിക്കാന്‍ പ്രത്യേക നടപടികളും സ്വീകരിക്കണമെന്ന് അവര്‍ അഭിപ്രായപ്പെടുന്നു.

അന്റാര്‍ട്ടിക്കയ്ക്കു ചുറ്റുമുള്ള വലിയൊരു പ്രദേശം ലോകത്തിലെ ഏറ്റവും വലിയ വന്യജീവി റിസര്‍വ് ആക്കി മാറ്റുകയെന്നതാണ് പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ പ്രദേശത്ത് മത്സ്യബന്ധനം പൂര്‍ണമായും നിരോധിക്കുകയെന്നതും ഈ പ്രചാരണത്തിനു നേതൃത്വം കൊടുക്കുന്നവരുടെ ലക്ഷ്യമാണ്.

രക്തസമ്മര്‍ദ്ദം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവയ്ക്ക് ക്രില്‍ മത്സ്യം അടിസ്ഥാനമാക്കിയ ആരോഗ്യഉത്പന്നങ്ങള്‍ അത്യുത്തമമാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഈയൊരു ഘടകം ക്രില്‍ മത്സ്യത്തെ അമിത തോതില്‍ വേട്ടയാടാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്നതു മറ്റൊരു കാരണമാണ്. ക്രില്‍ ഫിഷിംഗ് ഇന്‍ഡസ്ട്രി അടുത്ത മൂന്ന് വര്‍ഷത്തിനകം 12 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ ക്രില്‍ മത്സ്യത്തിനു വന്‍ ഡിമാന്‍ഡ് കൈവന്നതോടെ ഇവയെ വേട്ടയാടുന്നതും വര്‍ധിച്ചു. ഈ പശ്ചാത്തലത്തില്‍ അന്റാര്‍ട്ടിക്കയിലെ മത്സ്യസമ്പത്ത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കിയ ശാസ്ത്രലോകം ഈയടുത്ത കാലം മുതല്‍ പ്രചാരണം ആരംഭിച്ചിരിക്കുകയാണ്.
നോര്‍വേ, ചൈന, ദക്ഷിണ കൊറിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളാണ് ക്രില്‍ ഫിഷിംഗ് ഇന്‍ഡസ്ട്രിയില്‍ മുന്‍നിരക്കാര്‍.

അന്റാര്‍ട്ടിക്കയ്ക്കു ചുറ്റുമുള്ള വലിയൊരു പ്രദേശം ലോകത്തിലെ ഏറ്റവും വലിയ വന്യജീവി റിസര്‍വ് ആക്കി മാറ്റുകയെന്നതാണ് പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ പ്രദേശത്ത് മത്സ്യബന്ധനം പൂര്‍ണമായും നിരോധിക്കുകയെന്നതും ഈ പ്രചാരണത്തിനു നേതൃത്വം കൊടുക്കുന്നവരുടെ ലക്ഷ്യമാണ്. റിസര്‍വ് ആക്കി മാറ്റണമെന്ന് നിര്‍ദേശിക്കുന്നത്, വെഡ്ഡല്‍ കടലിന്റെ വലിയൊരു പ്രദേശവും, അന്റാര്‍ട്ടിക്ക പെനിന്‍സുലയുടെ ചെറിയൊരു ഭാഗവുമാണ്. 7,00,000 സ്‌ക്വയര്‍ മൈല്‍ (1.8 മില്യന്‍ സ്‌ക്വയര്‍ കിലോമീറ്റര്‍) പ്രദേശം വരുമിത്. അതായതു ജര്‍മനിയുടെ അഞ്ചിരട്ടി വലുപ്പം. ഇങ്ങനെ സംരക്ഷിക്കാന്‍ ഉദ്ദേശിക്കുന്ന പ്രദേശം കടല്‍ മാത്രമല്ല, കരഭാഗവും ഉള്‍പ്പെടുന്നുണ്ട്. പ്രചാരണത്തിനു നേതൃത്വം കൊടുക്കുന്നത് ഗ്രീന്‍പീസ് എന്ന പരിസ്ഥിതി സംഘടനയാണ്. അന്റാര്‍ട്ടിക്കയ്ക്കു ചുറ്റുമുള്ള വലിയ പ്രദേശം ലോകത്തിലെ ഏറ്റവും വലിയ വന്യജീവി റിസര്‍വ് ആക്കി മാറ്റണമെന്ന് നിര്‍ദേശിച്ചു കൊണ്ടു നടത്തുന്ന പ്രചാരണത്തിനു ജര്‍മനി, ഇംഗ്ലണ്ട് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പിന്തുണയുണ്ട്. ഈ നിര്‍ദേശം ഈ വര്‍ഷം ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന കമ്മിഷന്‍ ഫോര്‍ ദി കണ്‍സര്‍വേഷന്‍ ഓഫ് അന്റാര്‍ട്ടിക് മറീന്‍ ലിവിംഗ് റിസോഴ്‌സ് (CCAMLR) കോണ്‍ഫറന്‍സിനു മുന്‍പാകെ സമര്‍പ്പിക്കാനിരിക്കുകയാണ്. ക്രില്‍ മത്സ്യങ്ങളെ വേട്ടയാടുന്ന മുന്‍നിര രാജ്യങ്ങളെ ഇക്കാര്യത്തില്‍നിന്നും പിന്തിരിപ്പിക്കാനും അവരുടെ പിന്തുണ പ്രചാരണത്തിലൂടെ നേടാനും സാധിച്ചാല്‍ ദൗത്യം വിജയിക്കുമെന്നാണു പൊതുഅഭിപ്രായം.

24 രാജ്യങ്ങളും, യൂറോപ്യന്‍ യൂണിയനും അംഗങ്ങളായ സംഘടനയാണു CCAMLR. അന്റാര്‍ട്ടിക് ജലാശയത്തിന്റെ സംരക്ഷണത്തിന് ഉത്തരവാദികളാണ് ഈ സംഘടന.
വൈവിധ്യമാര്‍ന്ന ജീവജാലങ്ങള്‍ വസിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രങ്ങളാണ് അന്റാര്‍ട്ടിക്കയ്ക്കു ചുറ്റുമുള്ളത്. ഇവിടെ സംഭവിക്കുന്ന ഏതൊരു നശീകരണ പ്രവര്‍ത്തിയും അത് ആഗോളതലത്തിലുള്ള ആവാസവ്യവസ്ഥയെ ബാധിക്കുമെന്നാണു ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് പ്രദേശം സംരക്ഷിക്കണമെന്ന ആവശ്യം ഉയര്‍ന്നുവന്നിരിക്കുന്നത്.

അന്റാര്‍ട്ടിക്കയ്ക്കു ചുറ്റുമുള്ള പ്രദേശം സംരക്ഷിത മേഖലയാക്കണമെന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് യൂറോപ്യന്‍ യൂണിയനാണ്. ഇതിനെ ഗ്രീന്‍പീസ് പിന്തുണച്ചു. തുടര്‍ന്ന് ഗ്രീന്‍പീസ് ഇതിന്റെ പ്രചാരണവും ഏറ്റെടുത്തു. ഈ നിര്‍ദേശത്തിനു യുകെ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളുടെ പിന്തുണയുമുണ്ട്. അന്റാര്‍ട്ടിക്കയിലെ റോസ് കടലില്‍ ചെറിയ സംരക്ഷണകേന്ദ്രം രൂപീകരിക്കാനുള്ള ശ്രമം 2016-ല്‍ വിജയച്ചിരുന്നു. ഇത് ആഗോള സഹകരണത്തിലൂടെയായിരുന്നു സാധ്യമായത്. സമുദ്രങ്ങളുടെ സംരക്ഷണത്തിന് ആഗോള പിന്തുണ ഉറപ്പാക്കാനായാല്‍ ഇത്തരം ശ്രമങ്ങള്‍ വിജയകരമാകുമെന്നതിനുള്ള തെളിവാണ് 2016-ലേതെന്ന് ഗ്രീന്‍പീസ് പ്രചാരണത്തിനു നേതൃത്വം കൊടുക്കുന്ന വില്‍ മാക്കെല്ലം പറയുന്നു.

Comments

comments

Categories: Business & Economy, Slider