ആന്ധ്രാപ്രദേശില്‍ 13,000 കോടി നിക്ഷേപിക്കാന്‍ റിന്യൂ പവര്‍

ആന്ധ്രാപ്രദേശില്‍ 13,000 കോടി നിക്ഷേപിക്കാന്‍ റിന്യൂ പവര്‍

വിശാഖപട്ടണം: ഹരിതോര്‍ജ്ജ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ ‘റിന്യൂ പവര്‍’ ആന്ധ്രാ പ്രദേശില്‍ 13,000 കോടി രൂപ നിക്ഷേപിക്കും. സംസ്ഥാനത്ത് പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജത്തിന്റെ ശേഷി വികസിപ്പിക്കുന്നതിനായാണ് അടുത്ത അഞ്ചു വര്‍ഷത്തില്‍ വമ്പന്‍ തുക നിക്ഷേപിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. വിശാഖപട്ടണത്ത് നടന്ന സിഐഐ പാര്‍ട്ണര്‍ഷിപ്പ് ഉച്ചകോടിയില്‍ വച്ച് സംസ്ഥാന സര്‍ക്കാരുമായി റിന്യൂ പവര്‍ ധാരണാപത്രത്തില്‍ ഒപ്പിട്ടു.

അടുത്ത അഞ്ചു വര്‍ഷത്തില്‍ സൗരോര്‍ജത്തില്‍ നിന്നും കാറ്റില്‍ നിന്നും 1000 മെഗാവാട്ട് വീതം വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് ധാരണാപത്രമെന്ന് കമ്പനി വ്യക്തമാക്കി. രണ്ടു പദ്ധതികളിലുമായി 4000 പേര്‍ക്ക് പ്രത്യക്ഷമായും 6000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും സംസ്ഥാനത്തിന് ശുദ്ധ ഊര്‍ജ്ജത്തിന്റെ പ്രാപ്യത ഉറപ്പു വരുത്തുമെന്നും റിന്യൂ പവര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

‘ആന്ധ്രാപ്രദേശില്‍ ഞങ്ങള്‍ക്ക് നിലവില്‍ 300 മെഗാവാട്ടിന്റെ സ്ഥാപിത ഹരിതോര്‍ജ്ജ ശേഷിയുണ്ട്. നിര്‍ദ്ദിഷ്ട നിക്ഷേപത്തോടെ കൂടുതല്‍ സുസ്ഥിരമായ മാര്‍ഗത്തിലൂടെ സംസ്ഥാനത്തിന്റെ ഊര്‍ജ്ജ ആവശ്യകത നിറവേറ്റാനും ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള അവസരമാണ് ഒരുങ്ങുന്നത്’-റിന്യൂ പവര്‍ ചീഫ് എക്‌സിക്യൂട്ടീവ് സുമന്ത് സിന്‍ഹ പറഞ്ഞു.

Comments

comments

Categories: Business & Economy