എച്ച് 1ബി വിസാ പ്രോഗ്രാമില്‍ അടിസ്ഥാനപരമായ യാതൊരു മാറ്റവുമില്ല: യുഎസ് നയതന്ത്രജ്ഞന്‍

എച്ച് 1ബി വിസാ പ്രോഗ്രാമില്‍ അടിസ്ഥാനപരമായ യാതൊരു മാറ്റവുമില്ല: യുഎസ് നയതന്ത്രജ്ഞന്‍

നാഗ്പ്പൂര്‍: എച്ച് 1ബി വിസാ പ്രോഗ്രാമില്‍ അടിസ്ഥാനപരമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് യുഎസ് നയതന്ത്രവിദഗ്ധന്‍ എഡ്ഗാഡ് ഡി കാഗന്‍. എച്ച് 1ബി വിസാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കികൊണ്ടുള്ള യുഎസ് ഉത്തരവ് ഇന്ത്യയിലെ ഐടി കമ്പനികള്‍ക്കും വിദഗ്ധ തൊഴിലാളികള്‍ക്കും തിരിച്ചടിയാകുമെന്ന ആശങ്കകളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. മുബൈയിലെ യുഎസ് കോണ്‍സുലേറ്റില്‍ നിന്നും എച്ച് 1ബി വിസ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നാണ് എഡ്ഗാഡ് ഡി കാഗന്‍ വ്യക്തമാക്കുന്നത്. മുംബൈയിലെ യുഎസ് കോണ്‍സുല്‍ ജനറല്‍ ആണ് അദ്ദേഹം.

എച്ച് 1ബി വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കികൊണ്ടുള്ള പുതിയ വിസാ നയം കഴിഞ്ഞയാഴ്ചയാണ് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചത്. ഒന്നോ അതിലധികമോ തേഡ് പാര്‍ട്ടി വര്‍ക്ക് സൈറ്റുകളില്‍ ജോലി ചെയ്യുന്നവര്‍ക്കായി എച്ച് 1ബി വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളാണ് യുഎസ് ഭരണകൂടം കടുപ്പിച്ചത്. പുതിയ നയം പ്രകാരം, മൂന്നാം കക്ഷി തൊഴിലിടങ്ങളിലേക്ക് ജോലിക്കയക്കുന്ന തൊഴിലാളികള്‍ക്ക് വിസാ കാലാവധി തീരുന്നതുവരെ മറ്റ് തൊഴിലുകളിലേക്കോ കമ്പനികളിലേക്കോ മാറാന്‍ കഴിയില്ല. മൂന്നാം കക്ഷി തൊഴിലിടങ്ങളിലേക്ക് അയക്കുന്ന ജീവനക്കാരന് അവിടെ പ്രത്യേകം അസൈന്‍മെന്റ് ഉണ്ടെന്ന് അതത് കമ്പനികള്‍ തെളിയിക്കുകയും വേണം.

നയത്തില്‍ വരുത്തിയ മാറ്റങ്ങള്‍ ഇന്ത്യക്കാരെ വലിയ രീതിയില്‍ ബാധിക്കുമെന്ന ആശങ്കകള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പങ്കുവെച്ചിട്ടുണ്ടെന്നും അവയുടെ പ്രാധാന്യം യുഎസ് തിരിച്ചറിഞ്ഞതായും എഡ്ഗാഡ് പറഞ്ഞു. എച്ച് 1ബി വിസാ മാനദണ്ഡങ്ങള്‍ കടുപ്പിക്കുന്നത് ഇന്ത്യയെയോ യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെയോ ലക്ഷ്യം വെക്കുന്നതല്ലെന്ന് ഇന്ത്യക്കാര്‍ തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അമേരിക്കയുടെ കാഴ്ചപ്പാടില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രാജ്യങ്ങളെ ബാധിക്കുന്ന വിശാലമായ ഒരു നയമാണ് എച്ച് 1ബി വിസ. അതുകൊണ്ട് നയം ശരിയായ രീതിയില്‍ നടപ്പാക്കുക എന്നത് വളരെ പ്രധാനമാണെന്നും എഡ്ഗാഡ് കൂട്ടിച്ചേര്‍ത്തു.

യുഎസ് കമ്പനികള്‍ക്ക് വിദേശത്തുനിന്നും ജീവനക്കാരെ നിയമിക്കുന്നതിന് അനുവദിക്കുന്ന നോണ്‍ ഇമിഗ്രന്റ് വിസാ പദ്ധതിയാണ് എച്ച് 1ബി വിസ. സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകളിലാണ് പ്രധാനമായും എച്ച് 1ബി വിസ ഉപയോഗിച്ച് നിയമനം നടക്കുന്നത്. യുഎസ് അനുവദിക്കുന്ന എച്ച് 1ബി വിസയില്‍ ഭൂരിപക്ഷവും ഉപയോഗപ്പെടുത്തുന്നത് ഇന്ത്യന്‍ ഐടി കമ്പനികളാണ്.

Comments

comments

Categories: World