നെസ്‌ലേ ഇന്ത്യ ഹൈപ്പര്‍ലോക്കല്‍ ബിസിനസിലേക്ക് ചുവടുവെക്കുന്നു

നെസ്‌ലേ ഇന്ത്യ ഹൈപ്പര്‍ലോക്കല്‍ ബിസിനസിലേക്ക് ചുവടുവെക്കുന്നു

ന്യൂഡെല്‍ഹി: മാര്‍ക്കറ്റിംഗ്, വിതരണ വിഭാഗങ്ങളില്‍ ഹൈപ്പര്‍ലോക്കല്‍ ബിസിനസ് മാതൃക സ്വീകരിക്കാനൊരുങ്ങി നെസ്‌ലേ ഇന്ത്യ. കൂടുതല്‍ ഉപഭോക്താക്കളിലേക്ക് ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് സ്വിസ് കമ്പനി വിപണന-വിതരണ രംഗങ്ങളില്‍ പ്രാദേശിക സ്ഥാപനമെന്ന് നിലയില്‍ പ്രവര്‍ത്തിക്കാനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി കമ്പനി പ്രാദേശിക ഉപഭോക്താക്കളുടെ ഭക്ഷ്യതാല്‍പര്യങ്ങളെ അടിസ്ഥാനമാക്കി ഇന്ത്യയെ 15 വ്യത്യസ്ത സമൂഹങ്ങളായി തിരിക്കും. വിവിധ ആവശ്യങ്ങള്‍ കണക്കിലെടുത്ത് വ്യത്യസ്തമായ വിപണികളായി കണക്കാക്കിയാകും ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുക.

ഓരോ ഉപവിപണിക്കും വില്‍പ്പന, വിപണനം, വിതരണശൃംഖല തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നും 10-20 ജീവനക്കാരടങ്ങിയ പ്രത്യേക സംഘത്തെ നിയമിക്കും. ഓരോ വിപണിയുടെയും പ്രത്യേക സ്വഭാവത്തിനനുസരിച്ചാകും അവിടുത്തെ കമ്പനിയുടെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍. ഇന്ത്യയില്‍ ഓരോരുത്തരുടെയും ആവശ്യങ്ങള്‍ വൈവിധ്യം നിറഞ്ഞതാണ്. ഇവരുടെയെല്ലാം ആവശ്യങ്ങള്‍ വ്യത്യസ്തമായി നിറവേറ്റപ്പെടേണ്ടതാണെന്നും നെസ്‌ലേ ഇന്ത്യ സിഎംഡി സുരേഷ് നാരായണന്‍ പറഞ്ഞു. ഭാവിയില്‍ വ്യത്യസ്ത ഉപവിപണികള്‍ക്കായി ഒരു ഉല്‍പ്പന്നത്തിന്റെ തന്നെ ഒന്നിലേറെ പതിപ്പ് അവതരിപ്പിക്കാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 100 മുന്‍നിര നഗരങ്ങളിലേക്ക് എന്ന ലക്ഷ്യത്തിനപ്പുറത്തേക്ക് ബിസിനസ് വികസിപ്പിക്കാന്‍ ഈ സമീപനം കമ്പനിയെ സഹായിക്കുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2016ല്‍ സിഗരറ്റ് മുതല്‍ നൂഡില്‍സ് വരെ നിര്‍മിക്കുന്ന ഐടിസിയും ഹൈപ്പര്‍ലോക്കല്‍ ബിസിനസ് മാതൃക സ്വീകരിച്ചിരുന്നു.

ഇന്ത്യയിലെ പെറ്റ് കെയര്‍ വിപണിയിലേക്ക് ചുവടുവെച്ച കമ്പനി പത്ത് മാസത്തിനുള്ളില്‍ മറ്റു പുതിയ ഉല്‍പ്പന്ന വിഭാഗങ്ങളില്‍ ഭാഗ്യം പരീക്ഷിക്കാന്‍ തയാറെടുക്കുന്നുണ്ട്. ഇത് പൂര്‍ണമായും പുതിയ ബിസിനസ് ആയിരിക്കില്ലെന്നും കമ്പനിയുടെ നിലവിലുള്ള വിഭാഗത്തിന്റെ തന്നെ അനുബന്ധ സേവനമായിട്ടാകും പുതിയവ ആരംഭിക്കുകയെന്നും സുരേഷ് നാരായണന്‍ അറിയിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ 40 പുതിയ ഉല്‍പ്പന്നങ്ങള്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 10,135.11 കോടി രൂപയുടെ മൊത്തവില്‍പ്പനയാണ് കമ്പനി നേടിയത്. ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 10.9 ശതമാനമായിരുന്നു നെസ്‌ലേയുടെ വരുമാന വളര്‍ച്ച. വരും പാദങ്ങളില്‍ രണ്ടക്ക വളര്‍ച്ചയാണ് വരുമാനത്തില്‍ കമ്പനി പ്രതീക്ഷിക്കുന്നത്.

 

Comments

comments

Categories: Business & Economy