ജാഗ്വാര്‍ ഐ-പേസിന്റെ ആഗോള അരങ്ങേറ്റം മാര്‍ച്ച് 1 ന്

ജാഗ്വാര്‍ ഐ-പേസിന്റെ ആഗോള അരങ്ങേറ്റം മാര്‍ച്ച് 1 ന്

ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ആദ്യ ഓള്‍-ഇലക്ട്രിക് വാഹനത്തിന് 500 കിലോമീറ്ററാണ് റേഞ്ച്

ജനീവ : ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ തങ്ങളുടെ ആദ്യ ഓള്‍-ഇലക്ട്രിക് വാഹനമായ ഐ-പേസ് മാര്‍ച്ച് 1 ന് അനാവരണം ചെയ്യും. ജാഗ്വാറിന്റെ പേസ് കുടുംബത്തിലെ ഏറ്റവും പുതിയ അംഗമാണ് ഐ-പേസ്. ആരാധകര്‍ക്കും ഭാവി ഉപയോക്താക്കള്‍ക്കും അനാവരണ ചടങ്ങിന്റെ ലൈവ് സ്ട്രീമിംഗ് ജാഗ്വാറിന്റെ സാമൂഹ്യ മാധ്യമ എക്കൗണ്ടുകളില്‍ കാണാം. സെന്‍ട്രല്‍ യൂറോപ്യന്‍ ടൈം (സിഇടി) വൈകീട്ട് 7 മണിക്കാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.

ഐ-പേസ് വാങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ക്കായി കമ്പനി വെബ്‌സൈറ്റില്‍ ‘ഐ വാണ്ട് വണ്‍’ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യാവുന്നതാണെന്ന് ജാഗ്വാര്‍ അറിയിച്ചു. ഇലക്ട്രിക് എസ്‌യുവി വാങ്ങാന്‍ ആയിരക്കണക്കിനാളുകള്‍ താല്‍പ്പര്യം പ്രകടിപ്പിക്കുമെന്ന് ജാഗ്വാര്‍ അവകാശപ്പെട്ടു. കാറിനെ പൊതിഞ്ഞിരിക്കുന്ന മൂടുപടം മാറ്റിയ ഉടനെ വിലയും സ്‌പെസിഫിക്കേഷനുകളും പ്രഖ്യാപിക്കും. ബുക്കിംഗ് അപ്പോള്‍തന്നെ സ്വീകരിച്ചുതുടങ്ങും. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കുന്നതിന് ഐ-പേസ് നാല് സെക്കന്‍ഡ് സമയം മാത്രമേ എടുക്കൂവെന്ന് ജാഗ്വാര്‍ അവകാശപ്പെട്ടു.

2016 ലോസ് ആഞ്ജലസ് ഓട്ടോ ഷോയിലാണ് കണ്‍സെപ്റ്റ് എന്ന നിലയില്‍ ജാഗ്വാര്‍ ഐ-പേസ് ആദ്യം പ്രദര്‍ശിപ്പിച്ചത്. കണ്‍സെപ്റ്റിന്റെ ഡിസൈനില്‍നിന്ന് വലിയ മാറ്റങ്ങളില്ലാതെയായിരിക്കും പ്രൊഡക്ഷന്‍ വേര്‍ഷന്‍. ഐ-പേസിന്റെ ഓരോ ആക്‌സിലിലും ഇലക്ട്രിക് മോട്ടോര്‍ ഉണ്ടായിരിക്കും. 90 കിലോവാട്ട്അവര്‍ ശേഷിയുള്ളതാണ് ബാറ്ററി. ആകെ 400 കുതിരശക്തി കരുത്തും പരമാവധി 700 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും പുറപ്പെടുവിക്കും. ഒരു തവണ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ ഐ-പേസിന് 500 കിലോമീറ്റര്‍ റേഞ്ച് ലഭിക്കും.

അനാവരണ ചടങ്ങിന്റെ ലൈവ് സ്ട്രീമിംഗ് സെന്‍ട്രല്‍ യൂറോപ്യന്‍ ടൈം വൈകീട്ട് 7 മണിക്ക് ജാഗ്വാറിന്റെ സാമൂഹ്യ മാധ്യമ എക്കൗണ്ടുകളില്‍ കാണാം

ഇതാദ്യമായാണ് ഒരു വാഹനത്തിന്റെ ലോഞ്ചിംഗ് സമയത്ത് താന്‍ ഇത്രയേറെ ആവേശഭരിതനാകുന്നതെന്ന് ജാഗ്വാറിലെ ഡിസൈന്‍ ഡയറക്റ്റര്‍ ഇയാന്‍ കാല്ലം പറഞ്ഞു. പരീക്ഷണ ഓട്ടത്തിന്റെ ഭാഗമായി 1.5 മില്യണ്‍ മൈലുകളാണ് ജാഗ്വാര്‍ ഐ-പേസ് താണ്ടിയത്. ഇരുനൂറിലധികം പ്രൊഡക്ഷന്‍ പ്രോട്ടോടൈപ്പുകള്‍ ഉപയോഗിച്ച് 11,000 മണിക്കൂര്‍ റിഗ് സിമുലേഷനും നടത്തി. ജാഗ്വാര്‍ ഐ-പേസ് ഇന്ത്യയിലെത്തുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല.

Comments

comments

Categories: Auto