പി-നോട്ട് വഴി ഇന്ത്യയിലെത്തിയത് 1.19 ലക്ഷം കോടി രൂപയുടെ നിക്ഷേപം

പി-നോട്ട് വഴി ഇന്ത്യയിലെത്തിയത് 1.19 ലക്ഷം കോടി രൂപയുടെ നിക്ഷേപം

ന്യൂഡെല്‍ഹി: ജനുവരി മാസം പാര്‍ട്ടിസിപ്പേറ്ററി നോട്ട് (പി-നോട്ട്) വഴി ഇന്ത്യന്‍ മൂലധന വിപണിയിലെത്തിയത് 1.19 ലക്ഷം കോടി രൂപയുടെ നിക്ഷേപം. എട്ടര വര്‍ഷത്തിനിടെ പി-നോട്ട് വഴി ഇന്ത്യയിലെത്തുന്ന ഏറ്റവും കുറഞ്ഞ നിക്ഷേപമാണിത്. ഇന്ത്യന്‍ ഓഹരി വിപണികളില്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യമുള്ള വിദേശ നിക്ഷേപകര്‍ക്ക് സെബിയില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാതെ നിക്ഷേപം നടത്താന്‍ സൗകര്യമൊരുക്കുന്ന സംവിധാനമാണ് പി-നോട്ട് അഥവാ പാര്‍ട്ടിസിപ്പേറ്ററി നോട്ട്.

രജിസ്‌റ്റേര്‍ഡ് എഫ്‌ഐഐ (ഫോറിന്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്‌റ്റേഴ്‌സ്) ആണ് ഇവ പുറത്തിറക്കുന്നത്. എങ്കിലും ഇത്തരം നിക്ഷേപങ്ങള്‍ക്ക് കൃത്യമായ നടപടിക്രമങ്ങള്‍ ബാധകമാണ്. സെബിയില്‍ നിന്നുള്ള കണക്കനുസരിച്ച് ജനുവരി മാസം 1,19,556 കോടി രൂപയാണ് പി നോട്ട് വഴി ഇന്ത്യന്‍ വിപണിയിലെത്തിയത്. ഓഹരി, ഡെറ്റ് വിപണികളില്‍ നടന്നിട്ടുള്ള മൊത്തം നിക്ഷേപമാണിത്. ഡിസംബറില്‍ 1,24,810 കോടി രൂപയുടെ നിക്ഷേപം പി-നോട്ട് വഴി ഇന്ത്യന്‍ വിപണിയില്‍ എത്തിയിരുന്നു.

2009 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിക്ഷേപമാണ് ഇക്കഴിഞ്ഞ ജനുവരിയില്‍ രേഖപ്പെടുത്തിയത്. 1,10,355 കോടി രൂപയുടെ നിക്ഷേപമാണ് അന്ന് പി-നോട്ട് വഴി ഇന്ത്യന്‍ വിപണിയില്‍ നടന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ പി-നോട്ട് നിക്ഷേപത്തില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. സെപ്റ്റംബറില്‍ ഇത് എട്ട് വര്‍ഷത്തെ താഴ്ചയിലെത്തി. ഒക്‌റ്റോബറിലെ നിക്ഷേപത്തില്‍ നേരിയ വര്‍ധന രേഖപ്പെടുത്തിയെങ്കിലും നവംബറില്‍ നിക്ഷേപം വീണ്ടും കുറഞ്ഞു. ജനുവരിയിലും ഈ ഇടിവ് തുടരുകയായിരുന്നു.

പി-നോട്ട് വഴിയുള്ള എഫ്പിഐ (വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍) നിക്ഷേപത്തിലും ജനുവരിയില്‍ ഇടിവുണ്ടായി. ഡിസംബറിലെ 3.8 ശതമാനത്തില്‍ നിന്നും കഴിഞ്ഞ മാസം എഫ്പിഐ നിക്ഷേപം 3.5 ശതമാനമായി ചുരുങ്ങി. വിദേശ നിക്ഷേപകര്‍ ആഭ്യന്തര വിപണിയിലെ നിക്ഷേപ സാധ്യതകള്‍ ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ സെക്യുരീറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ നടപ്പാക്കിയ കര്‍ശന മാനദണ്ഡങ്ങളാണ് പി-നോട്ട് നിക്ഷേപം കുറയാനുള്ള കാരണമായി വിലയിരുത്തുന്നത്. കള്ളപ്പണത്തിന്റെ ഒഴുക്കിന് തടയിടുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഓരോ ഇന്‍സ്ട്രുമെന്റിനും 1000 രൂപ ഫീസ് ഈടാക്കുമെന്ന് സെബി പ്രഖ്യാപിച്ചത്.

Comments

comments

Categories: Business & Economy