25 ശതമാനം വളര്‍ച്ച ലക്ഷ്യമിട്ട് ഗോദറെജ് മുന്നോട്ട്

25 ശതമാനം വളര്‍ച്ച ലക്ഷ്യമിട്ട് ഗോദറെജ് മുന്നോട്ട്

ന്യൂഡെല്‍ഹി: 2018 -2019 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനത്തില്‍ 25 ശതമാനം വളര്‍ച്ച ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനമെന്ന് രാജ്യത്തെ രണ്ടാമത്തെ വലിയ ഗാര്‍ഹിക ഉല്‍പന്ന നിര്‍മാതാക്കളായ ഗോദറെജ് അപ്ലയന്‍സസ്. ഇന്ത്യന്‍ വിപണിയില്‍ ഡിമാന്‍ഡിലുണ്ടാകുന്ന വര്‍ധന കണക്കാക്കിയാണ് 5,000 കോടി രൂപ വരുമാനം കമ്പനി പ്രതീക്ഷിക്കുന്നത്. കേന്ദ്ര ബജറ്റില്‍ കാര്‍ഷിക മേഖലക്ക് പ്രഖ്യാപിച്ച വന്‍ പദ്ധതികള്‍ സാമ്പത്തിക വളര്‍ച്ചക്ക് ഉത്തേജകമാകുമെന്നാണ് കമ്പനി വിലയിരുത്തുന്നത്. കൃഷി അടിസ്ഥാനമാക്കിയ സംസ്ഥാനങ്ങളിലാണ് വ്ാപാരത്തില്‍ ഏറ്റവുമധികം വര്‍ധന ഗോദ്‌റെജ് പ്രതീക്ഷിക്കുന്നത്.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ തങ്ങളുടെ വരുമാനം 4000 കോടി രൂപയ്ക്കടുത്ത് എത്തിയിരുന്നതായി ഗോദറെജ് അപ്ലയന്‍സസ് ബിസിനസ് ഹെഡും വൈസ് പ്രസിഡന്റുമായ കമല്‍ നന്തി പറഞ്ഞു. ‘അടുത്ത വര്‍ഷം വരുമാനത്തില്‍ 25 ശതമാനം വളര്‍ച്ച നേടി 5000 കോടിക്കടുത്തെത്താനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. 2018 മെച്ചപ്പെട്ട വര്‍ഷമായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.’-അദ്ദേഹം വ്യക്തമാക്കി. 2017 സാമ്പത്തിക വര്‍ഷം 3,300 കോടി രൂപയായിരുന്നു ഗോദ്‌റെജിന്റെ വരുമാനം.

ഉപഭോഗത്തെ നയിക്കുന്നത് ഒന്നാം നിരമുതല്‍ നാലാം നിര വരെയുള്ള നഗരങ്ങളാണെന്നും ഗ്രാമീണ മേഖലയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ബജറ്റ് ഡിമാന്‍ഡ് വര്‍ധിപ്പിക്കുമെന്നും നന്തി ചൂണ്ടിക്കാട്ടി. ‘കാര്‍ഷിക സമ്പദ് വ്യവസ്ഥയ്ക്ക് അനുകൂലമാണ് ബജറ്റ്. പഞ്ചാബ്, മഹാരാഷ്ട്ര, ഒഡീഷ, തമിഴ്‌നാട്, അസം എന്നിവിടങ്ങളില്‍ ഉപഭോഗം വര്‍ധിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. വരും വര്‍ഷങ്ങളില്‍ ഒന്നാം നിരമുതല്‍ നാലാം നിര വരെയുള്ള നഗരങ്ങള്‍ മെട്രോ നഗരങ്ങളേക്കാള്‍ വേഗത്തില്‍ വളരുമെന്നാണ് കണക്കാക്കപ്പെടുന്നത്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒന്നാം നിര മുതല്‍ നാലാം നിര വരെയുള്ള നഗരങ്ങളിലാണ് പ്രീമിയം ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം ഏറ്റവും കൂടുതലെന്ന് അദ്ദേഹം പറഞ്ഞു. ഇവിടങ്ങളിലാണ് ഗോദ്‌റെജിന്റെ എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് ഔട്ട്‌ലറ്റുകള്‍ (ഇബിഒ) പ്രവര്‍ത്തിക്കുന്നത്. നിലവിലുള്ള 79 ഇബിഒ ഔട്ട്‌ലറ്റുകള്‍ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇത് 84 ആയി വര്‍ധിപ്പിക്കും. 2018 -19 സാമ്പത്തിക വര്‍ഷത്തില്‍ ഔട്ട്‌ലെറ്റുകളുടെ എണ്ണം 125 ആക്കുമെന്നും അദ്ദേഹം പറഞ്ഞു.

എയര്‍ കണ്ടീഷണര്‍ വിഭാഗമായിരിക്കും വളര്‍ച്ചയെ നയിക്കുകയെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. നിലവിലെ അഞ്ച് ശതമാനത്തില്‍ നിന്നും ഈ വിഭാഗത്തിലെ വിപണി വിഹിതം എട്ട് ശതമാനമാക്കി ഉയര്‍ത്താനും ഗോദറെജ് ലക്ഷ്യമിടുന്നു. നിലവില്‍ കമ്പനിയുടെ വരുമാനത്തില്‍ 20 ശതമാനം വരെയാണ് എയര്‍കണ്ടീഷണര്‍ വിഭാഗം സംഭാവന ചെയ്യുന്നത്. 2019 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 21 ശതമാനമായി വര്‍ധിപ്പിക്കാനാണ് ലക്ഷ്യം. 55 ലക്ഷം യൂണിറ്റാണ് രാജ്യത്തെ എയര്‍ കണ്ടീഷണര്‍ വിപണിയുടെ വ്യാപ്തിയായി കണക്കാക്കിയിരിക്കുന്നത്. 20 ശതമാനമെന്ന നിരക്കില്‍ ഈ മേഖല വളരുകയും ചെയ്യുന്നുണ്ട്.

2020ഓടെ വരുമാനം 6,000 കോടി രൂപയിലെത്തിക്കുകയെന്ന ലക്ഷ്യമിട്ടാണ് ഗോദ്‌റെജ് പ്രവര്‍ത്തിക്കുന്നത്. ഗാര്‍ഹിക ഉല്‍പന്നങ്ങളിലെ കൊറിയന്‍ ഭീമന്‍മാരായ എല്‍ജിയോടും സാംസങ്ങിനോടുമാണ് മത്സരം. കൊറിയന്‍ കമ്പനികളോട് കിടപിടിക്കാന്‍ പ്രീമിയര്‍ ഉല്‍പന്നങ്ങളുടെ നിര്‍മാണത്തിലേക്കും ഗോദ്‌റെജ് കഴിഞ്ഞ വര്‍ഷം കടന്നിരുന്നു. പ്രീമിയം ഉല്‍പന്നങ്ഹളുടെ നിര്‍മാണത്തിനായി പുനെയില്‍ 200 കോടി രൂപ ചെലവില്‍ വമ്പന്‍ ഫാക്ടറിയും ഗോദ്‌റെജ് സ്ഥാപിച്ചിട്ടുണ്ട്. 500 ലിറ്ററിലധ്ികം കപ്പാസിറ്റിയുള്ള മള്‍ട്ടിപ്പിള്‍ ഡോര്‍ റഫ്രിജറേറ്റുകളും ഫ്രണ്ട് ലോഡിംഗ് വാഷിഗ് മെഷിനുകളുമാണ് ഇവിടെ നിര്‍മിക്കുക.

Comments

comments

Categories: Business & Economy