സൂം എയര്‍ 100 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്നു

സൂം എയര്‍ 100 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്നു

മുംബൈ: ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രാദേശിക എയര്‍ലൈന്‍ കമ്പനിയായ സൂം എയര്‍ 100 കോടി രൂപയുടെ നിക്ഷേപസമാഹരണത്തിനൊരുങ്ങുന്നു. വികസനപ്രവര്‍ത്തനങ്ങള്‍ക്കായാണ് തുക സമാഹരിക്കുന്നതെന്ന് സൂം എയര്‍ എംഡിയും സിഇഒയുമായ കൗസ്തവ് ധര്‍ അറിയിച്ചു. സെക്‌സസ് എയര്‍ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി നിക്ഷേപകരായും സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങളായും ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തിവരികയാണെന്നും ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ നിക്ഷേപസമാഹരണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

‘ സൂം എയര്‍ 30 ശതമാനം ഓഹരികളാണ് നിക്ഷേപകര്‍ക്കു വില്‍ക്കാന്‍ ഒരുങ്ങുന്നത്. ഇതില്‍ 15 ശതമാനം ഓഹരികളെങ്കിലും മാര്‍ച്ച് അവസാനത്തോടെ വിറ്റഴിക്കാനാണ് ഉദ്ദേശ്യം. ഇത്തരത്തില്‍ സമാഹരിക്കുന്ന തുക പുതിയ വിമാനങ്ങള്‍ വാങ്ങുന്നതിനും കേന്ദ്രസര്‍ക്കാരിന്റെ പ്രാദേശിക കണക്റ്റിവിറ്റി പദ്ധതിക്കുകീഴില്‍ വടക്കു കിഴക്കന്‍ മേഖലയില്‍ വ്യോമഗതാഗത സൗകര്യമൊരുക്കാനും വേണ്ടിയാകും വിനിയോഗിക്കുക’. കൊല്‍ക്കത്ത, ഗുവാഹത്തി എന്നിവ കേന്ദ്രങ്ങളാക്കി നാഗാലാന്റ്, അരുണാചല്‍പ്രദേശ്, അസം തുടങ്ങിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സേവനമൊരുക്കാനാണ് പദ്ധതി.’- കൗസ്തവ് ധര്‍ വ്യക്തമാക്കി.

മൂന്നു ബോംബാര്‍ഡിയര്‍ സിആര്‍ജെ-200 എല്‍ആര്‍ എയര്‍ക്രാഫ്റ്റുകളുള്ള സൂം എയര്‍ ഏപ്രില്‍ 30 ഓടെ ഇത്തരത്തിലുള്ള രണ്ട് എയര്‍ക്രാഫ്റ്റുകളും കൂടി സ്വന്തമാക്കും. റീജിയണല്‍ കണക്റ്റിവിറ്റി പദ്ധതിക്കുവേണ്ടിയായിരിക്കും ഇതില്‍ രണ്ട് എയര്‍ക്രാഫ്റ്റുകള്‍ ഉപയോഗിക്കുക. പദ്ധതിക്കുകീഴില്‍ ആറു നെറ്റ്‌വര്‍ക്കുകളും 12 റൂട്ടുകളുമാണ് സൂം എയറിന് ലഭിച്ചിട്ടുള്ളത്. അടുത്ത മാസം 15 ന് കൊല്‍ക്കത്ത-തേസ്പൂര്‍ റൂട്ടിലായിരിക്കും പദ്ധതിയുടെ കീഴിലുള്ള കമ്പനിയുടെ ആദ്യ സര്‍വീസ് ആരംഭിക്കുക.

വടക്കുകിഴക്കന്‍ മേഖലകളെ അയല്‍രാജ്യങ്ങളായ ബംഗ്ലാദേശ്, കംബോഡിയ, ലാവോസ്, മ്യാന്‍മര്‍, വിയറ്റ്‌നാം തുടങ്ങിയവയുമായി ബന്ധിപ്പിച്ചുകൊണ്ട് രാജ്യാന്തര സര്‍വീസ് ആരംഭിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. ഇതിനു പുറമെ റീജിയണല്‍ കണക്റ്റിവിറ്റി പദ്ധതിക്കുകീഴില്‍ സീപ്ലെയ്ന്‍ സര്‍വീസ് ആരംഭിക്കാനും കമ്പനി ആലോചിക്കുന്നുണ്ട്്. പശ്ചിമബംഗാള്‍, അസം, ഒഡീഷ സംസ്ഥാനങ്ങളെയാണ് സീപ്ലെയ്ന്‍ പദ്ധതി ലക്ഷ്യം വെക്കുന്നത്. ഒക്‌റ്റോബര്‍ മാസത്തോടെ പദ്ധതിക്കായുള്ള ആദ്യത്തെ സീപ്ലെയ്ന്‍ സ്വന്തമാക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കൗസ്തവ് ധര്‍ പറഞ്ഞു. ഒരു വര്‍ഷം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച സൂം എയര്‍ നിലവില്‍ ഡെല്‍ഹി-ജബല്‍പൂര്‍-കൊല്‍ക്കത്ത മേഖലകളിലാണ് സര്‍വീസ് നടത്തുന്നത്.

Comments

comments

Categories: Business & Economy