ഗാലക്‌സി എസ് 9 സീരിസ് സാംസംഗ് പുറത്തിറക്കി

ഗാലക്‌സി എസ് 9 സീരിസ് സാംസംഗ് പുറത്തിറക്കി

സിയൂള്‍: ഗാലക്‌സി ബ്രാന്‍ഡിന്റെ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഗാലക്‌സി എസ് 9, എസ് 9 പ്ലസ് സീരിസുകള്‍ സാംസംഗ് പുറത്തിറക്കി. ബാഴ്‌സലോണയില്‍ നടക്കുന്ന മൊബീല്‍ വേള്‍ഡ് കോണ്‍ഗ്രസ് 2018ന്റെ ആദ്യ ദിനത്തിലായിരുന്നു ഈ ഫഌഗ്ഷിപ്പ് മോഡലുകളുടെ ലോഞ്ചിംഗ്. എസ് 9ന് 5.8 ഇഞ്ച് ഡിസ്‌പ്ലേയും എസ് 9 പ്ലസിന് 6.2 ഇഞ്ച് ഡിസ്‌പ്ലേയുമാണുള്ളത്. എക്‌സിനോസ് 9810 പ്രോസസറാണ് ഈ രണ്ട് ഫോണുകളിലുമുള്ളത്. മെച്ചപ്പെട്ട ക്യാമറ, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് പിന്തുണയുള്ള വോയ്‌സ് ടൂള്‍, മികച്ച സോഷ്യല്‍ മീഡിയ ഫംക്ഷനുകള്‍ എന്നിവയാണ് എസ്9ന്റെ പ്രത്യേകതകള്‍. കൂടുതല്‍ സൗകര്യപ്രദമായി ഉപയോഗിക്കാവുന്ന തരത്തിലാണ് ഈ ഫംക്ഷനുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

രണ്ട് ഫോണുകളിലും സ്ലോ മോഷന്‍ കാമറ സെറ്റിംഗ്‌സ് ലഭ്യമാണ്. സെല്‍ഫികളെ തല്‍ക്ഷണം ഇമോജികളാക്കി മാറ്റുന്നതിനുള്ള സോഫ്റ്റ്‌വെയറും ഈ ഫോണുകളിലുണ്ട്. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സോട് കൂടിയ ബിക്‌സിബി വോയ്‌സ് അസിസ്റ്റന്റ് സേവനത്തിലൂടെ എസ്9 ഉപയോക്താക്കള്‍ക്ക് വിദേശ ഭാഷകള്‍ മനസിലാക്കിയെടുക്കാന്‍ സാധിക്കും.

വയര്‍ലെസ് ചാര്‍ജറുകള്‍ മുതലായ സ്മാര്‍ട്ട്‌ഫോണ്‍ ആക്‌സസറികളും മൊബീല്‍ ഡോക്കിംഗ് സ്‌റ്റേഷന്‍ പോലുള്ള സംവിധാനങ്ങളും ശക്തിപ്പെടുത്തുന്ന കാര്യവും സാംസംഗ് പരിഗണിച്ച് വരികയാണ്. സ്മാര്‍ട്ട് ഫോണ്‍ ഫീച്ചറുകള്‍ ഡെസ്‌ക്‌ടോപില്‍ ഉപയോഗിക്കുന്നതിന് സഹായിക്കുന്ന സാങ്കേതിക സംവിധാനമാണ് ഡോക്കിംഗ്.

12 മെഗാപിക്‌സല്‍ ഇരട്ട റിയര്‍ കാമറയാണ് ഗാലക്‌സി എസ് 9 പ്ലസിലുള്ളത്. ഓപ്റ്റിക്കല്‍ ഇമേജ് സ്റ്റബിലൈസേഷന്‍ രണ്ട് ലെന്‍സുകളിലുമുണ്ട്. ലൈവ് ഫോക്കസ് മോഡും എസ് 9 പ്ലസിലുണ്ട്. എസ് 9ല്‍ 12 മെഗാപിക്‌സലിന്റെ ഒരു റിയര്‍ കാമറയാണുള്ളത്. രണ്ട് ഫോണുകളുടെയും മുന്‍ കാമറ 8 മെഗാപിക്‌സലാണ്. 3000 എം.എച്ച് ബാറ്ററിയാണ് ഗാലക്‌സി എസ് 9ന് ഉണ്ടാവുക.3500 എം.എച്ച് ബാറ്ററിയാണ് എസ് 9 പ്ലസിന്. മിഡ്‌നൈറ്റ് ബ്ലാക്ക്,ടൈറ്റാനിയം ഗ്രേ,കോറല്‍ ബ്ലൂ, ലൈലാക് പര്‍പ്പിള്‍ എന്നീ കളറുകളില്‍ എസ് 9 ലഭിക്കും. മാര്‍ച്ച് 16 ഓടെ രണ്ട് ഫോണുകളുടെയും വില്‍പ്പന സാംസംഗ് ആരംഭിക്കും.

Comments

comments

Categories: Business & Economy, Tech