ആര്‍ഐഎല്‍ ആന്ധ്രയില്‍ 55,000 കോടി രൂപയുടെ നിക്ഷേപം നടത്തും

ആര്‍ഐഎല്‍ ആന്ധ്രയില്‍ 55,000 കോടി രൂപയുടെ നിക്ഷേപം നടത്തും

ആന്ധ്രാപ്രദേശ്: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസും (ആര്‍ഐഎല്‍) അനുബന്ധ കമ്പനികളും ചേര്‍ന്ന് നാല് വര്‍ഷത്തിനുള്ളില്‍ ആന്ധ്രാപ്രദേശില്‍ 55,000 കോടി രൂപ നിക്ഷേപിക്കും. സംസ്ഥാനത്ത് ഗ്യാസ്, എല്‍എന്‍ജി എന്നിവയുടെ ബിസിനസ് സുഗമമാക്കാന്‍ ലക്ഷ്യമിട്ടാണ് പ്രധാനമായും നിക്ഷേപം നടത്തുന്നത്.

നിക്ഷേപ പദ്ധതിയുടെ ഭാഗമായി ഇന്ത്യ ഗ്യാസ് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡും ആന്ധ്രാപ്രദേശ് ഇക്കണോമിക് ഡെവലപ്‌മെന്റ് ബോര്‍ഡും (എപിഇഡിബി) തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു. സംസ്ഥാനത്ത് നടന്നുവന്ന മൂന്ന് ദിവസത്തെ സിഐഐ പാര്‍ട്ണര്‍ഷിപ്പ് സമ്മിറ്റിലാണ് 40,000 കോടി രൂപയുടെ നിക്ഷേപ പദ്ധതി സംബന്ധിച്ച കരാറില്‍ ഒപ്പിട്ടത്. ആര്‍ഐഎലിന്റെയും ബ്രിട്ടീഷ് പെട്രോളിയ (ബിപി)ത്തിന്റെയും സംയുക്ത സംരംഭമാണ് ഇന്ത്യ ഗ്യാസ് സൊലൂഷന്‍സ് പ്രൈവറ്റ്. ഇതുകൂടാതെ തങ്ങളുടെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് വ്യാപിപ്പിക്കുന്നതിന് വേണ്ടി റിലയന്‍സ് ഇന്‍ഫൊകോം 15,000 കോടി രൂപയുടെ നിക്ഷേപം നടത്തും.

ആന്ധ്രാപ്രദേശിലെ കൃഷ്ണ ഗോദാവരി തടത്തിലെ ബ്ലോക്ക് കെജിഡി6 എന്ന എണ്ണപ്പാടത്ത് പര്യവേഷണ നീക്കങ്ങള്‍ വികസിപ്പിച്ച് മുന്നോട്ടുപോകുമെന്ന് ആര്‍ഐഎലും ബിപിയും പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് പദ്ധതികള്‍ക്കായാണ് 40,000 കോടി രൂപ നിക്ഷേപിക്കുക. ഈ പദ്ധതികളുടെ ഭാഗമായി നൈപുണ്യ വികസന പരിപാടികള്‍ നടപ്പിലാക്കുന്നതും ആര്‍ഐഎലും ബിപിയും പരിഗണിച്ച് വരികയാണ്.

ബിസിനസ് സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതിനായി ആര്‍ഐഎല്‍ ചെയര്‍മാന്‍ മുകേഷ് അംബാനി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവുമായി അടുത്തിടെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, പൗര സേവനങ്ങള്‍, വ്യാവസായിക വികസനം തുടങ്ങിയ മേഖലകളിലാണ് ആര്‍ഐഎലിന്റെ അനുബന്ധ കമ്പനിയായ റിലയന്‍സ് ഇന്‍ഫൊകോം പ്രത്യക്ഷമായോ പരോക്ഷമായോ നിക്ഷേപം നടത്തുക. നിക്ഷേപത്തിന്റെ ഭാഗമായി 20,000ത്തിലധികം തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരുപ്പതിയിലെ നിര്‍ദിഷ്ട ഇലക്ട്രോണിക് പാര്‍ക്കിലും സംസ്ഥാന തലസ്ഥാനമായ അമരാവതിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും കമ്പനി നിക്ഷേപം നടത്തിയേക്കും

Comments

comments

Categories: Business & Economy