2017ല്‍ റെഡ്‌ലൈറ്റ് ക്യാമറകള്‍ കുടുക്കിയത് 13000 നിയമലംഘനങ്ങള്‍

2017ല്‍ റെഡ്‌ലൈറ്റ് ക്യാമറകള്‍ കുടുക്കിയത് 13000 നിയമലംഘനങ്ങള്‍

ദുബായ്: 2017ല്‍ 13000 നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ റെഡ്‌ലൈറ്റ് ക്യാമറകള്‍ സഹായകമായതായി അബുദാബി പൊലിസ്. റെഡ് ലൈറ്റ് ലംഘിച്ചുകൊണ്ടുള്ള വാഹനമോടിക്കലാണ് 6 ശതമാനം അപകടങ്ങള്‍ക്കും വഴിവെക്കുന്നതെന്ന് ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്റ്റര്‍ ബ്രിഗേഡിയര്‍ അഹമ്മദ് അല്‍ ഷെഹി പറഞ്ഞു. ശ്രദ്ധക്കുറവും അമിതവേഗമുമാണ് ഇതിന് വഴിവെക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം ഇത്തരക്കാരെ കണ്ടെത്താന്‍ റെഡ്‌ലൈറ്റ് ക്യാമറകള്‍ മികച്ച പങ്കാളിത്തം വഹിച്ചതായും കൂട്ടിച്ചേര്‍ത്തു.

തിരക്കേറിയയിടങ്ങളിലും വഴികള്‍ കൂടിച്ചേരുന്നിടങ്ങളിലും മറ്റും കൂടുതല്‍ നിയന്ത്രണം സാധ്യമാകുന്നതിനായി വേഗം കുറയ്ക്കണമെന്ന കര്‍ശന നിര്‍ദേശം നിലവിലുണ്ട്. എന്നാല്‍ ഇത് പാലിക്കപ്പെടാതിരിക്കുന്ന സാഹചര്യങ്ങളിലാണ് അപകടങ്ങളിലെത്തിച്ചേരുന്നത്. ഇത്തരത്തില്‍ അപകടങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെ ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചകളും ഉണ്ടാവില്ലെന്ന് അഹമ്മദ് അല്‍ ഷെഹി പറഞ്ഞു. 1000 ദിനാര്‍ പിഴയും 12 ബ്ലാക്ക് പോയിന്റുകളും 30 ദിവസത്തേക്ക് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കലുമുള്‍പ്പടെയുള്ള ശിക്ഷാ നടപടികളാണ് നിയമം ലംഘിക്കുന്ന ചെറുവാഹനങ്ങള്‍ക്ക് ചുമത്തപ്പെടുക. ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് 3000 ദിനാര്‍ പിഴയും ഒരു വര്‍ഷത്തേക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യലുമടക്കമാണ് ശിക്ഷ.

Comments

comments

Categories: Arabia