ഫിയറ്റ് ക്രൈസ്‌ലര്‍ ഡീസല്‍ മോഡലുകള്‍ നിര്‍ത്തുന്നു

ഫിയറ്റ് ക്രൈസ്‌ലര്‍ ഡീസല്‍ മോഡലുകള്‍ നിര്‍ത്തുന്നു

ഈ വര്‍ഷം ജൂണ്‍ ഒന്നിന് സുപ്രധാന തീരുമാനം എഫ്‌സിഎ പ്രഖ്യാപിച്ചേക്കും

ലണ്ടന്‍ : 2022 ഓടെ ഗ്രൂപ്പിന് കീഴിലെ എല്ലാ ബ്രാന്‍ഡുകളും ഡീസല്‍ മോഡലുകളുടെ ഉല്‍പ്പാദനം അവസാനിപ്പിക്കുമെന്ന് ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബീല്‍സ് (എഫ്‌സിഎ). ഡീസല്‍ വാഹനങ്ങളുമായി ബന്ധപ്പെട്ട് വര്‍ധിച്ചുവരുന്ന ചെലവുകളും ഡിമാന്‍ഡ് കുറയുന്നതുമാണ് കാരണമെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എഫ്‌സിഎ അധികൃതരെ നേരിട്ട് ഉദ്ധരിച്ചല്ല റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെങ്കിലും ഈ വര്‍ഷം ജൂണ്‍ ഒന്നിന് എഫ്‌സിഎ സുപ്രധാന തീരുമാനം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

ഫിയറ്റ്, ആല്‍ഫ റോമിയോ, ഫെറാരി, ലാന്‍സിയ, മസെരാറ്റി, ക്രൈസ്‌ലര്‍, ഡോഡ്ജ്, റാം, ജീപ്പ് എന്നീ ബ്രാന്‍ഡുകളാണ് ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബീല്‍സിന് കീഴിലുള്ളത്. ഫിയറ്റ്, ലാന്‍സിയ എന്നിവ കൂടാതെ ഏറ്റവുമധികം ഡീസല്‍ വാഹനങ്ങള്‍ പുറത്തിറക്കുന്നത് ജീപ്പ് ആണ്.

ഫോക്‌സ്‌വാഗണ്‍ ഉള്‍പ്പെട്ട ഡീസല്‍ഗേറ്റ് വിവാദം ഓട്ടോമൊബീല്‍ മേഖലയെ ഒന്നാകെ പിടിച്ചുകുലുക്കിയിരുന്നു. ഇതേതുടര്‍ന്ന് ചില വിപണികളില്‍ ഡീസല്‍ മോഡലുകളുടെ വില്‍പ്പനയില്‍ കാര്യമായ ഇടിവ് സംഭവിച്ചു. ലോകത്തെ പല രാജ്യങ്ങളിലെയും നയപരവും രാഷ്ട്രീയവുമായ തീരുമാനങ്ങളും ഡീസല്‍ വാഹനങ്ങള്‍ക്ക് തിരിച്ചടിയായി. ഭാവിയില്‍ ഡീസല്‍ മോഡലുകള്‍ക്കായി സജീവമായി ഇടപെടില്ലെന്ന് ടൊയോട്ട പ്രഖ്യാപിച്ചിട്ടുണ്ട്. ഡീസല്‍ വാഹനങ്ങള്‍ നിര്‍ത്തുകയാണെന്ന് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന് കീഴിലെ പോര്‍ഷെ കഴിഞ്ഞയാഴ്ച്ച പ്രഖ്യാപിച്ചിരുന്നു.

ഫോക്‌സ്‌വാഗണ്‍ നടത്തിയ തട്ടിപ്പ് മാത്രമല്ല, കമ്പനികള്‍ ഡീസല്‍ മോഡലുകള്‍ വേണ്ടെന്നുവെയ്ക്കാന്‍ കാരണമായത്. മിക്ക ബ്രാന്‍ഡുകളും ഇലക്ട്രിക് മേഖലയിലാണ് ഇപ്പോള്‍ ഭീമമായ നിക്ഷേപം നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡീസല്‍ കാറുകളുടെ വില്‍പ്പനയില്‍ എട്ട് ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. നിലവിലെ ചെലവുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വരുംവര്‍ഷങ്ങളില്‍ പുതിയ ഡീസല്‍ എന്‍ജിനുകള്‍ വികസിപ്പിക്കുന്നതിന് ചെലവ് 20 ശതമാനം വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. അതേസമയം ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിന്റെ ചെലവുകള്‍ കുറയുകയും ചെയ്യും.

ഡീസല്‍ വാഹനങ്ങളുമായി ബന്ധപ്പെട്ട് വര്‍ധിച്ചുവരുന്ന ചെലവുകളും ഡിമാന്‍ഡ് കുറയുന്നതുമാണ് കാരണം

എല്ലാ എഫ്‌സിഎ ബ്രാന്‍ഡുകളും ഡീസല്‍ വാഹനങ്ങള്‍ കയ്യൊഴിയുമെങ്കിലും ഫിയറ്റിന്റെ കൊമേഴ്‌സ്യല്‍ വാഹന ഡിവിഷന്‍ തുടര്‍ന്നും ഡീസല്‍ എന്‍ജിനുകള്‍ നിര്‍മ്മിക്കുന്നത് തുടരും. ഇന്ത്യയില്‍ ഫിയറ്റ്, ജീപ്പ് മോഡലുകള്‍ കൂടാതെ ടാറ്റ, ജനറല്‍ മോട്ടോഴ്‌സ്, മാരുതി സുസുകി കാറുകള്‍ ഫിയറ്റിന്റെ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിന്‍ ഉപയോഗിക്കുന്നുണ്ട്.

Comments

comments

Categories: Auto