ഫാഷന്‍ വ്യവസായം 20 മില്ല്യണ്‍ വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും

ഫാഷന്‍ വ്യവസായം 20 മില്ല്യണ്‍ വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും

റിയാദ്: ഗള്‍ഫ് മേഖലയിലെ ഫാഷന്‍ വ്യവസായം 20 മില്ല്യണ്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അറബ് ഫാഷന്‍ കൗണ്‍സില്‍. വനിതകളെ ഫോക്കസ് ചെയ്തുള്ള തൊഴിലവസരങ്ങളാകും സൃഷ്ടിക്കപ്പെടുകയെന്ന് ഫാഷന്‍ കൗണ്‍സില്‍ അധികൃതര്‍ അറിയിച്ചു. 22 അറബ് രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് അറബ് ഫാഷന്‍ കൗണ്‍സില്‍. ഫാഷനുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് സംഘടന.

ഫാഷന്‍ മുന്നേറ്റത്തില്‍ ഓരോ രാജ്യത്തിനും അവരുടേതായ കഴിവ് ഉപയോഗപ്പെടുത്താം. ഉല്‍പ്പന്നത്തിന്റെ നിര്‍മാണം മുതലുള്ള കാര്യങ്ങളില്‍ ഓരോ രാജ്യത്തിനും അവരുടേതായ തരത്തില്‍ സംഭാവന നല്‍കാവുന്നതാണ്-അറബ് ഫാഷന്‍ കൗണ്‍സില്‍ സ്ഥാപകനും സിഇഒയുമായ ജേക്കബ് അബ്രിയന്‍ പറഞ്ഞു.

അതേസമയം ഫാഷന്‍ റീട്ടെയ്ല്‍ രംഗം ശ്രദ്ധ ചെലുത്തുന്നത് പ്രധാന നഗരങ്ങളായ ദുബായ്, അബുദാബി എന്നിവിടങ്ങളിലായിരിക്കും. ആഗോളതലത്തിലുള്ള ഷോപ്പര്‍മാരെ പെട്ടെന്ന് ആകര്‍ഷിക്കാന്‍ സാധിക്കുന്നവയാണ് ഈ നഗരങ്ങള്‍ എന്നതിനാല്‍ തന്നെ അവിടെ കേന്ദ്രീകരിച്ചാകും പ്രവര്‍ത്തനങ്ങള്‍.

അറബ് ലോകത്തുള്ള 20 ദശലക്ഷം വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുന്നതാണ് ഫാഷന്‍ രംഗത്ത് ഇപ്പോഴുണ്ടാകുന്ന കുതിപ്പെന്ന് അബ്രിയന്‍ പറഞ്ഞു. പൂര്‍ണമായും പുതിയൊരു സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള വലിയ അവസരമാണ് ഇതെന്നും അവര്‍ പറഞ്ഞു. അടുത്തിടെയാണ് അറബ് ഫാഷന്‍ കൗണ്‍സിലിന്റെ ഓണററി പ്രസിഡന്റായ പ്രിന്‍സസ് നൗറ ബിന്റ് ഫൈസല്‍ അല്‍-സൗദ് റിയാദിലെ ആദ്യ അറബ് ഫാഷന്‍ വീക്കിന്റെ പ്രഖ്യാപനം നടത്തിയത്. സൗദിയില്‍ മാറ്റത്തിന്റെ കാറ്റുമായി മാര്‍ച്ച് മാസത്തിലാകും ഫാഷന്‍ വീക്ക് അരങ്ങേറുക.

അറബ് ഫാഷന്‍ കൗണ്‍സിലിന്റെ മേഖല ഓഫീസ് റിയാദില്‍ തുടങ്ങാനും ധാരണയായിരുന്നു. വിനോദ അധിഷ്ഠിത വ്യവസായങ്ങളില്‍ വന്‍നിക്ഷേപമാണ് സൗദി അറേബ്യ ഇപ്പോള്‍ നടത്തുന്നത്. എണ്ണ ഇതര സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാനാണ് അവരുടെ പ്രധാന ശ്രമങ്ങള്‍.

Comments

comments

Categories: Arabia, Women

Related Articles