ബിഎംഡബ്ല്യു ചെന്നൈ പ്ലാന്റില്‍നിന്ന് 6 സീരീസ് ജിടി പുറത്തിറക്കി

ബിഎംഡബ്ല്യു ചെന്നൈ പ്ലാന്റില്‍നിന്ന് 6 സീരീസ് ജിടി പുറത്തിറക്കി

പെട്രോള്‍ വേരിയന്റായ 630ഐ ഗ്രാന്‍ ടൂറിസ്‌മോ സ്‌പോര്‍ട് ലൈന്‍ ആണ് പുറത്തിറക്കിയത്

ചെന്നൈ : ബിഎംഡബ്ല്യു ഇന്ത്യയുടെ ചെന്നൈ പ്ലാന്റില്‍നിന്ന് ഇതാദ്യമായി 6 സീരീസ് ഗ്രാന്‍ ടൂറിസ്‌മോ പുറത്തിറക്കി. നിലവില്‍ 3 സീരീസ്, 3 സീരീസ് ജിടി, 5 സീരീസ്, 7 സീരീസ്, എക്‌സ്1, എക്‌സ്3, എക്‌സ്5 മോഡലുകളാണ് ബിഎംഡബ്ല്യു ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്. ഓട്ടോ എക്‌സ്‌പോയില്‍ 6 സീരീസ് ജിടി അവതരിപ്പിച്ചിരുന്നു. പെട്രോള്‍ വേരിയന്റായ ബിഎംഡബ്ല്യു 630ഐ ഗ്രാന്‍ ടൂറിസ്‌മോ സ്‌പോര്‍ട് ലൈന്‍ ആണ് ഇപ്പോള്‍ പുറത്തിറക്കിയത്. ഡീസല്‍ വേരിയന്റ് ഈ വര്‍ഷം തന്നെ അവതരിപ്പിക്കും.

നീളമേറിയ ബോണറ്റുമായാണ് 6 സീരീസ് ട്രാന്‍ ടൂറിസ്‌മോ വരുന്നത്. ഫ്രെയിം ഇല്ലാത്ത വിന്‍ഡോകള്‍, കൂപ്പെ സ്റ്റൈലില്‍ താഴ്ന്ന റൂഫ്‌ലൈന്‍, വലിയ ഓട്ടോമാറ്റിക് ടെയ്ല്‍ഗേറ്റ് എന്നിവ സവിശേഷതകളാണ്. കാറിന്റെ ജന്മവാസന തന്നെ സ്‌പോര്‍ടിംഗ് ആണെന്നുപറയാം. പിന്‍വശ രൂപകല്‍പ്പന കാറിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ആക്റ്റീവ് റിയര്‍ സ്‌പോയ്‌ലര്‍ മറ്റൊരു ഫീച്ചറാണ്. ടൂറിംഗ് സ്പീഡുകളില്‍ ഗ്രിപ്പ്, ഹാന്‍ഡ്‌ലിംഗ് എന്നിവ ഉറപ്പുവരുത്തി ഓടുന്നതിന് കാറിനെ ഈ സ്‌പോയ്‌ലര്‍ സഹായിക്കും.

മള്‍ട്ടിഫംഗ്ഷണല്‍ ഇന്‍സ്ട്രുമെന്റ് ഡിസ്‌പ്ലേയായ ബിഎംഡബ്ല്യു ഐഡ്രൈവ് 6 സീരീസ് ജിടിക്ക് ലഭിച്ചു. ടച്ച്കണ്‍ട്രോളര്‍, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ സഹിതം ബിഎംഡബ്ല്യു നാവിഗേഷന്‍ പ്രൊഫഷണല്‍, ആപ്പിള്‍ കാര്‍പ്ലേ, പാര്‍ക്ക് ഡിസ്റ്റന്‍സ് കണ്‍ടോള്‍, ബിഎംഡബ്ല്യു ആപ്പുകള്‍, ബ്ലൂടൂത്ത്, യുഎസ്ബി കണക്റ്റിവിറ്റി എന്നിവ ഉള്‍പ്പെടുന്നതാണ് ബിഎംഡബ്ല്യു ഐഡ്രൈവ്. പിന്‍ സീറ്റീലും എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റം നല്‍കിയിട്ടുണ്ട്. മുന്‍സീറ്റ് ബാക്ക്‌റെസ്റ്റുകളുടെ പിന്നില്‍ 10.2 ഇഞ്ച് വലുപ്പമുള്ള രണ്ട് കളര്‍ സ്‌ക്രീനുകള്‍, ബ്ലൂറേ പ്ലെയര്‍, മൊബീല്‍ ഫോണുകള്‍ക്കായി എച്ച്ഡിഎംഐ കണക്ഷന്‍, എംപി3 പ്ലെയറുകള്‍ക്കും ഗെയിം കണ്‍സോളുകള്‍ക്കുമായി വിവിധ കണക്ഷനുകള്‍ എന്നിവ കാണാം.

നിലവില്‍ 3 സീരീസ്, 3 സീരീസ് ജിടി, 5 സീരീസ്, 7 സീരീസ്, എക്‌സ്1, എക്‌സ്3, എക്‌സ്5 മോഡലുകളാണ് ബിഎംഡബ്ല്യു ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്

2 ലിറ്റര്‍, 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് 6 സീരീസ് ജിടി ഉപയോഗിക്കുന്നത്. 258 എച്ച്പി കരുത്തും 1,550-4,400 ആര്‍പിഎമ്മില്‍ പരമാവധി 400 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കുന്നതിന് 6.3 സെക്കന്‍ഡ് മതി. 8 സ്പീഡ് സ്റ്റെപ്‌ട്രോണിക് സ്‌പോര്‍ട് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഇതിന് സഹായിക്കുന്നത്.

Comments

comments

Categories: Auto