പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുമെന്ന് വാണിജ്യ മന്ത്രാലയം

പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുമെന്ന് വാണിജ്യ മന്ത്രാലയം

ഹൈദരാബാദ്: വ്യത്യസം ഭൗമ മേഖലകളുമായി സവിശേഷമായ രീതിയില്‍ ബന്ധപ്പെട്ടിരിക്കുന്ന ഉല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി വന്‍ പ്രചരണം നടത്താന്‍ കേന്ദ്ര വാണിജ്യ മന്ത്രാലയം ഒരുങ്ങുന്നു. പ്രാദേശിക സവിശേഷതകളുള്ള കരകൗശല ഉല്‍പ്പന്നങ്ങളെയും നിര്‍മ്മാണങ്ങളേയുമാണ് പ്രച്‌രണം വഴി പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര വാണിജ്യ വ്യാവസായ വകുപ്പ് മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. വിദേശ പ്രത്യക്ഷ നിക്ഷേപ (എഫ്ഡിഐ) മാനദണ്ഡങ്ങള്‍ ലളിതമാക്കിയതിനെ തുടര്‍ന്ന് നിരവധി രാജ്യങ്ങള്‍ ഇന്ത്യയിലെ നിക്ഷേപ അവസരങ്ങളില്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബയോഏഷ്യ 2018 സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബനാറസ് സാരി പോലെ ഒരു സ്ഥലത്തിന്റെ പേരുമായി ചേര്‍ന്ന് അറിയപ്പെടുന്ന ഉല്‍പ്പന്നങ്ങളെ ആഗോള തലത്തില്‍ ഭൗമ സൂചിക (ജിയോഗ്രഫിക്കല്‍ ഇന്റിക്കേഷന്‍സ്) യില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ അവയുടെ ഉല്‍ഭവ സ്ഥലവുമായി എങ്ങനെ സവിശേഷമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു വ്യക്തമാക്കാനായാല്‍ പ്രാദേശിക കൈത്തൊഴിലാളികളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ബൗദ്ധിക സ്വത്തവകാശം (ഐപിആര്‍) ലഭ്യമാക്കാനാകും. ഇതിനായി എല്ലാ സംസ്ഥാന സര്‍ക്കാരുകളെയും ഉള്‍പ്പെടുത്തിയുള്ള വന്‍ പ്രചരണ പരിപാടിയാണ് ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ജില്ലാ തലത്തില്‍ ബിസിനസ് സൗഹൃദത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കയറ്റുമതി ഉയര്‍ച്ചയുടെ പാതയിലായതിനാല്‍ രാജ്യത്തേക്കുള്ള എഫ്ഡിഐ ഒഴുക്ക് വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy