ലോകത്തെ ഏറ്റവും വലിയ ഫോണ്‍ പ്രദര്‍ശനമേളയില്‍നിന്നും എന്ത് പ്രതീക്ഷിക്കാം?

ലോകത്തെ ഏറ്റവും വലിയ ഫോണ്‍ പ്രദര്‍ശനമേളയില്‍നിന്നും എന്ത് പ്രതീക്ഷിക്കാം?

പുതിയ ഗാഡ്‌ജെറ്റുകളെ ഓരോ കമ്പനികളും പരിചയപ്പെടുത്തുന്ന മേളയാണു സ്പാനിഷ് നഗരമായ ബാഴ്‌സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്. ഓരോ വര്‍ഷവും വിപണിയിലെത്തിക്കാന്‍ പോകുന്ന മോഡലുകളെ ആദ്യമായി പരിചയപ്പെടുത്തുന്നത് ഇവിടെയാണ്. സാംസങ്, എല്‍ജി, നോക്കിയ, ഹുവായ്, സോണി തുടങ്ങിയ നിരവധി കമ്പനികള്‍ പങ്കെടുക്കുന്ന മേള ലോകം ഉറ്റുനോക്കുന്ന ഒരു പരിപാടി കൂടിയാണ്.

ഈ മാസം 26-ാം തീയതി തിങ്കളാഴ്ച സ്പാനിഷ് നഗരമായ ബാഴ്‌സലോണയില്‍ ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ പ്രദര്‍ശന മേളയ്ക്കു തുടക്കമാവുകയാണ്. മാര്‍ച്ച് ഒന്നാം തീയതി വരെയാണ് മേള നടക്കുക. മൊബൈല്‍ വ്യവസായ മേഖലയിലെ ഏറ്റവും വലിയ പൊതുപ്രദര്‍ശനമാണു മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് (എംഡബ്ല്യുസി). ഈ പ്രദര്‍ശനത്തില്‍ ലോകത്തെമ്പാടുനിന്നുമുള്ള മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളും, മൊബൈല്‍ ഓപറേറ്റേഴ്‌സും, സാങ്കേതികവിദ്യ ലഭ്യമാക്കുന്നവരും, വില്‍പ്പനക്കാരും പങ്കെടുക്കാറുണ്ട്. ഈ വേദിയില്‍ വച്ചാണു പുതിയ ഉത്പന്നങ്ങളെ കുറിച്ചും സേവനങ്ങളെ കുറിച്ചും പ്രഖ്യാപനം നടത്തുന്നത്. പുതിയ ടെക്‌നോളജിയെ ലോകത്തിനു പരിചയപ്പെടുത്തുന്നതിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും വലിയ മേളയായി വിശേഷിപ്പിക്കുന്നത് ലാസ് വേഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ഷോ ആണ്. എന്നാല്‍ ഗാഡ്‌ജെറ്റിന്റെ അടിസ്ഥാനത്തില്‍ എംഡബ്ല്യുസിയെയാണ് ഏറ്റവും വലിയ മേളയായി കണക്കാക്കുന്നത്.

തുടക്കത്തില്‍ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിന്റെ പേര് 3 ജിഎസ്എം വേള്‍ഡ് കോണ്‍ഗ്രസ് എന്നായിരുന്നു. കാരണം ജിഎസ്എം അസോസിയേഷനായിരുന്നു ഇതിന്റെ സംഘാടകര്‍. പിന്നീട് 3 ജിഎസ്എം വേള്‍ഡ് എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. 3 ജിഎസ്എം എന്നും, 3 ജിഎസ്എം വേള്‍ഡ് എന്നുമെല്ലാം ഈ പ്രദര്‍ശനം അറിയപ്പെടുന്നു. 1982-ലാണ് ജിഎസ്എം സ്റ്റാന്‍ഡേര്‍ഡ് പ്രചരിപ്പിക്കാന്‍ വേണ്ടി മൊബൈല്‍ ഓപ്പറേറ്റര്‍മാരും മാനുഫാക്ച്ചറര്‍മാരും ചേര്‍ന്ന് ജിഎസ്എം അസോസിയേഷന് രൂപം കൊടുത്തത്. ഇന്ന് 219 രാജ്യങ്ങളിലായി ലോകമെങ്ങും ഉപയോഗിക്കുന്ന മൊബൈല്‍ നെറ്റ്‌വര്‍ക്കുകളുടെ 90 ശതമാനവും ജിഎസ്എം സ്റ്റാന്‍ഡേര്‍ഡാണ്.

സ്‌പെയിനിലെ ബാഴ്‌സലോണയെ ജിഎസ്എം വേള്‍ഡ് കോണ്‍ഗ്രസിന്റെ ലോക ആസ്ഥാനമായി പ്രഖ്യാപിച്ചത് 2011 -ല്‍ ആണ്. കുടാതെ 2018 വരെയുള്ള മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിന്റെ പ്രദര്‍ശനവും ബാഴ്‌സലോണയില്‍ നടത്താന്‍ തീരുമാനിച്ചു. മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് ആദ്യമായി സംഘടിപ്പിച്ചത് 1987-ലാണ്. അന്ന് ജിഎസ്എം വേള്‍ഡ് കോണ്‍ഗ്രസ് എന്നായിരുന്നു മേളയുടെ പേര്. ലോകം മുഴുവന്‍ 3 ജി നെറ്റ്‌വര്‍ക്കുകളിലേക്കു ചുവടുമാറിയപ്പോള്‍ ഈ മേളയുടെ പേര് 3 ജിഎസ്എം വേള്‍ഡ് കോണ്‍ഗ്രസ് എന്നു പുനര്‍നാമകരണം നടത്തി. ടെക്‌നോളജി ഓരോ ദിവസവും പുരോഗതി നേടി കൊണ്ടിരിക്കുന്നതിനാല്‍ ഇപ്പോള്‍ ഈ മേളയുടെ പേര് മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് എന്നാണ്. 2006 വരെ ഈ മേള നടന്നിരുന്നത് ഫ്രഞ്ച് നഗരമായ കെയ്ന്‍സിലായിരുന്നു. എന്നാല്‍ 2007 മുതല്‍ ഇത് ബാഴ്‌സലോണയിലേക്കു മാറ്റി.
ഈ വര്‍ഷം നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ വന്‍കിട കമ്പനികളില്‍നിന്നും എന്തെല്ലാം പ്രതീക്ഷിക്കാമെന്നു നോക്കാം.

സാംസങ്

ഈ വര്‍ഷത്തെ മൊബൈല്‍ മേളയില്‍ സാംസങ് എത്തുന്നത് ഗ്യാലക്‌സി എസ്9, എസ്9 പ്ലസ് തുടങ്ങിയ മോഡലുകളുമായിട്ടാണ്. എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്നതും സാംസങിന്റെ ഈ മോഡലിനെ കുറിച്ചറിയാനാണ്. 26-ാം തീയതിയാണു മേള ആരംഭിക്കുന്നതെങ്കിലും 25-ന് ഈ മോഡല്‍ പ്രദര്‍ശിപ്പിക്കുമെന്നാണു കമ്പനി വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. ഈ മോഡലിന്റെ ഏറ്റവും വലിയ ആകര്‍ഷണീയതയെന്നു പറയുന്നത് കാമറയാണ്.’The camera Reimagined’ എന്ന മുദ്രാവാക്യമാണ് ഈ മോഡലിനു കമ്പനി ഉപയോഗിച്ചിരിക്കുന്നത്. f/1.5 aperture ഉള്ളതാണ് ഈ മോഡല്‍. ഇന്നു വിപണിയില്‍ ലഭ്യമായ സ്മാര്‍ട്ട്‌ഫോണില്‍ ഏറ്റവും വലിയ അപെര്‍ച്ചറുള്ളതും ഈ മോഡലിലാണ്. മങ്ങിയ പ്രകാശത്തില്‍ (low light) പോലും മികച്ച ഷോട്ടുകള്‍ എടുക്കാന്‍ സാധിക്കും. അതോടൊപ്പം സ്ലോ മോഷന്‍ വീഡിയോയും ഈ മോഡല്‍ പ്രദാനം ചെയ്യുന്നു. ഫോട്ടോഗ്രാഫിയില്‍ ഗൂഗിളിന്റെ പിക്‌സല്‍ 2, ഹുവായ് മേറ്റ് 10 സീരീസ്, ഐ ഫോണ്‍ x തുടങ്ങിയ ഫോണുകളുടെ നിലവാരത്തോടു കിടപിടിക്കുന്നതാണു സാംസങിന്റെ ഈ പുതിയ മോഡല്‍. വാട്ടര്‍ റെസിസ്റ്റന്‍സ്, വയര്‍ലെസ് ചാര്‍ജ്ജിംഗ്, സുരക്ഷ വാഗ്ദാനം ചെയ്യുന്ന ഫേഷ്യല്‍ റെക്കഗ്‌നിഷനു വേണ്ടി കണ്ണിന്റെ ഐറിസ് സ്‌കാന്‍ ചെയ്യുന്ന സംവിധാനവും ഈ മോഡലിലുണ്ട്.
ഗ്യാലക്‌സി എസ്9 മോഡല്‍ 5.8 ഇഞ്ച് AMOLED സ്‌ക്രീനാണ്. റാം 4ജിബിയാണ്. ഗ്യാലക്‌സി എസ്9 പ്ലസ് മോഡലാകട്ടെ 6.2 ഇഞ്ച് സ്‌ക്രീനും, 6ജിബി റാമും.

എല്‍ജി V30

AI-powered camera, OLED screen, മികവുള്ള ഓഡിയോ എന്നിവയാണ് എല്‍ജിയുടെ ഏറ്റവും പുതിയ മോഡലായ വി30-ന്റെ പ്രത്യേകതയായി ചൂണ്ടിക്കാണിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജി6 മോഡലിലൂടെ എല്‍ജിക്ക് ദുഷ്‌പേര് ലഭിച്ചിരുന്നു. സ്മാര്‍ട്ട്‌ഫോണ്‍ വികസിപ്പിക്കാനുള്ള പ്രാപ്തി എല്‍ജിക്ക് ഇല്ലെന്ന് പ്രചരിക്കാന്‍ വരെ ഇടയാക്കി ഈ മോഡല്‍. എന്നാല്‍ ഈ പേരുദോഷം മറികടക്കാന്‍ ശ്രമിക്കുകയാണു വി30 എന്ന മോഡലിലൂടെ.

ഈ മോഡലിലൂടെ കാഴ്ച, കേള്‍വി തുടങ്ങിയവയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെക്‌നോളജി നടപ്പിലാക്കുകയാണ് എല്‍ജി. അതായത് Vision AI, Voice AI യും സംയോജിക്കുകയാണ് എല്‍ജിയുടെ വി30 മോഡലില്‍.വി30 എന്ന മോഡലിന് എല്‍ജിയുടെ Vision AI വന്‍തോതില്‍ ഗുണകരമാവുമെന്നാണു കരുതുന്നത്. QR കോഡുകളെ സ്‌കാന്‍ ചെയ്യാനും, ഇമേജ് സെര്‍ച്ച് നടത്താനും, ഷോപ്പിംഗ് ലിങ്കുകളെ കുറിച്ചു വിവരം നല്‍കുവാനും ഇതിലൂടെ സാധിക്കും. സാംസങ് എസ്8, നോട്ട് 8 തുടങ്ങിയ മോഡലുകളില്‍ അവതരിപ്പിച്ച ബിക്‌സ്ബി വിഷന്‍ ഫീച്ചറിനോടു സാമ്യമുള്ളതാണ് എല്‍ജിയുടെ ഈ പുതിയ മോഡല്‍. ഗൂഗിളിന്റെ വെര്‍ച്വല്‍ അസിസ്റ്റന്റിന് വോയ്‌സ് കമാന്‍ഡ് നല്‍കാനും വി30 മോഡലിലൂടെ സാധിക്കും.

നോക്കിയ

നോക്കിയ 9 മോഡലുമായിട്ടാണ് ഇപ്രാവിശ്യം മേളയിലെത്തുന്നത്. ചെലവഴിക്കുന്ന പണത്തിന് മികച്ച മൂല്യം നല്‍കുന്ന മോഡലെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. OnePlus 5T ക്ക് വെല്ലുവിളിയുയര്‍ത്തുമെന്നും കരുതുന്നുണ്ട് ഈ ഫോണ്‍.Android 8.0 Oreo,3250 mAh battery, OLED 5.5 inch സ്‌ക്രീന്‍, സ്‌നാപ്ഡ്രാഗണ്‍ 835 സിപിയു, 128 ജിബി വരെ വികസിപ്പിക്കാവുന്ന ഇന്റേണല്‍ സ്റ്റോറേജ്, 5 എംപി സെല്‍ഫി ഷൂട്ടര്‍ തുടങ്ങിയവയാണ് ഈ ഫോണിന്റെ പ്രത്യേകത. ഐറിസ് സ്‌കാനര്‍, ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ എന്നിവയും ഈ ഫോണിന്റെ ഫീച്ചറുകളിലൊന്നാണ്.

സോണി

ഈ വര്‍ഷത്തെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നായി പറയപ്പെടുന്നത് സോണിയുടെ തിരിച്ചുവരാണ്. Xperia സജീവമായി നിലനിര്‍ത്തണമെന്ന ആഗ്രഹം സോണി കമ്പനിക്കുണ്ട്. അതുകൊണ്ടു തന്നെ ഈ വര്‍ഷത്തെ മൊബൈല്‍ മേളയില്‍ ഒരുകൂട്ടം ഹാന്‍ഡ്‌സെറ്റുകളുമായിട്ടാണു സോണിയെത്തുന്നത്. Xperia XZ ന്റെ പിന്‍ഗാമിയെന്നു പറയപ്പെടുന്ന XZ പ്രീമിയം എന്ന അവതരിപ്പിക്കുമെന്നാണു കരുതപ്പെടുന്നത്. 6 ജിബി റാം, 5.7 ഇഞ്ച് 4K OLED ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 845 ചിപ്പ്‌സെറ്റ്, 3,420 mAh battery തുടങ്ങിയവയാണ് പ്രത്യേകതകള്‍.

Comments

comments

Categories: Slider, Tech, World