യുഎം മോട്ടോര്‍സൈക്കിള്‍സ് 25 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കും

യുഎം മോട്ടോര്‍സൈക്കിള്‍സ് 25 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കും

എന്‍ജിന്‍ മാനുഫാക്ച്ചറിംഗ് പ്ലാന്റ് സ്ഥാപിക്കുന്നതിനാണ് മുതല്‍മുടക്കുന്നത്

ന്യൂഡെല്‍ഹി : യുഎസ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ യുഎം ഇന്റര്‍നാഷണല്‍ ഇന്ത്യയില്‍ 25 മില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തും. എന്‍ജിന്‍ മാനുഫാക്ച്ചറിംഗ് പ്ലാന്റ് സ്ഥാപിക്കുന്നതിനാണ് മുതല്‍മുടക്കുന്നത്. പ്രതിവര്‍ഷം 50,000 യൂണിറ്റായിരിക്കും പ്ലാന്റിന്റെ ശേഷിയെന്ന് യുഎം ഇന്റര്‍നാഷണല്‍ ഡയറക്റ്റര്‍ യുവാന്‍ വില്ലേഗാസ് പറഞ്ഞു.

അടുത്ത വര്‍ഷമാദ്യം പ്ലാന്റ് പ്രവര്‍ത്തനസജ്ജമാകും. പുതിയ പ്ലാന്റ് സ്ഥാപിക്കുന്നതിന് ഹൈദരാബാദിനെയാണ് പരിഗണിക്കുന്നതെന്ന് യുവാന്‍ വില്ലേഗാസ് വ്യക്തമാക്കി. നിലവില്‍ ഉത്തരാഖണ്ഡിലെ കാശിപുരില്‍ കമ്പനിയുടെ മോട്ടോര്‍സൈക്കിള്‍ അസ്സംബ്ലി പ്ലാന്റ് പ്രവര്‍ത്തിക്കുന്നുണ്ട്. വര്‍ഷം തോറും 50,000 യൂണിറ്റാണ് ഈ പ്ലാന്റിന്റെ ഉല്‍പ്പാദനശേഷി. പുതിയ പ്ലാന്റ് വരുന്നതോടെ ക്രൂസര്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കള്‍ പുതുതായി 700 ഓളം ജീവനക്കാരെ നിയമിക്കും. ഇതോടെ ആകെ ജീവനക്കാരുടെ എണ്ണം 1,200 ആയി വര്‍ധിക്കും.

നിലവില്‍ അഞ്ഞൂറ് ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. പുതിയ പ്ലാന്റ് വരുന്നതോടെ മോട്ടോര്‍സൈക്കിളുകള്‍ നൂറ് ശതമാനവും ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ കഴിയും. ലോഹിയ ഓട്ടോയുമായി സംയുക്ത സംരംഭത്തിലാണ് കമ്പനി പ്രവര്‍ത്തിച്ചുവരുന്നത്. ദക്ഷിണേന്ത്യയില്‍ അടുത്ത വര്‍ഷത്തോടെ പുതിയ ഫാക്ടറി പ്രവര്‍ത്തനം തുടങ്ങുമെന്ന് യുവാന്‍ വില്ലേഗാസ് പറഞ്ഞു. തെക്കേ ഇന്ത്യയിലും തെക്ക്-പടിഞ്ഞാറന്‍ ഇന്ത്യയിലുമാണ് യുഎം മോട്ടോര്‍സൈക്കിളുകള്‍ ഏറ്റവുമധികം വിറ്റുപോകുന്നത്.

ലോഹിയ ഓട്ടോയുമായി സംയുക്ത സംരംഭത്തിലാണ് കമ്പനി പ്രവര്‍ത്തിച്ചുവരുന്നത്

ഒന്നര ലക്ഷത്തിനും രണ്ട് ലക്ഷം രൂപയ്ക്കുമിടയില്‍ വില വരുന്ന പതിനായിരം മോട്ടോര്‍സൈക്കിളുകളാണ് കഴിഞ്ഞ വര്‍ഷം യുഎം മോട്ടോര്‍സൈക്കിള്‍സ് വിറ്റത്. രാജ്യത്ത് 75 ഔട്ട്‌ലെറ്റുകളാണ് തുറന്നിട്ടുള്ളത്. വര്‍ഷം തോറും 30 ശതമാനം വളര്‍ച്ച നേടാന്‍ കഴിയുമെന്ന് യുഎം മോട്ടോര്‍സൈക്കിള്‍സ് കണക്കുകൂട്ടുന്നു. അടുത്ത അഞ്ച് വര്‍ഷത്തില്‍ കമ്പനിയുടെ ആഗോള വില്‍പ്പനയുടെ 25 ശതമാനം ഇന്ത്യയിലാകണമെന്ന് യുഎം മോട്ടോര്‍സൈക്കിള്‍സ് ആസൂത്രണം ചെയ്തിട്ടുണ്ട്. നിലവില്‍ ഇത് ഏഴ് ശതമാനമാണ്.

Comments

comments

Categories: Auto