ആള്‍ക്കൂട്ട കാടത്തമാണിത്

ആള്‍ക്കൂട്ട കാടത്തമാണിത്

കേരളം പ്രാകൃത സംസ്‌കൃതിയിലേക്കാണോ നീങ്ങുന്നത്. ഭക്ഷണം മോഷ്ടിച്ചെന്ന് പറഞ്ഞ് ഒരാളെ തല്ലിക്കൊല്ലാന്‍ മാത്രം അധഃപതിച്ച് പോയ ഒരു സമൂഹത്തില്‍ വലിയ തിരുത്തലുകള്‍ അനിവാര്യമായിരിക്കുന്നു

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മോഷണക്കുറ്റമാരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിക്കുന്നു, ഒടുവില്‍ അയാളുടെ ജീവന്‍ പോകുന്നു. ആള്‍ക്കൂട്ട കാടത്തത്തിന്റെ ഏറ്റവും പുതിയ ഉദാഹരണം, ഇത് ഉത്തരേന്ത്യയിലായിരുന്നെങ്കില്‍ നമ്മള്‍ ഒരു പക്ഷേ ഉറഞ്ഞ് തുള്ളുമായിരുന്നു. എന്നാല്‍ വിശപ്പിന്റെ പേരില്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ഇത്തരത്തിലൊരു ആള്‍ക്കൂട്ട കാടത്തം സാംസ്‌കാരിക കേരളത്തില്‍ നടക്കുന്നത് ഒരു കാര്യം മാത്രമാണ് അടിവരയിടുന്നത്. നമ്മുടെ സാമൂഹ്യ മനസിന് എന്തോ അപാകതയുണ്ട്.

അരി മോഷ്ടിച്ചുവെന്ന് ആരോപിച്ച് വനത്തിനുള്ളില്‍വെച്ച് പിടികൂടി ഒരാളെ ആക്രമിക്കുന്നു, കൂട്ടമായി. എന്നിട്ടത് സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ ഇടാന്‍ മാത്രം അപക്വവും സംസ്‌കാരശൂന്യവുമായി തീര്‍ന്നുപോയി നമ്മുടെ മനഃസ്ഥിതി. ഇനിയും ഒരു തിരുത്തല്‍ വന്നില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. വികസനമെന്നത് കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കലും വന്‍നിക്ഷേപങ്ങള്‍ ആകര്‍ഷിക്കലുമല്ല. ഇതുപോലുള്ള ആള്‍കൂട്ട കാടത്തങ്ങളും രാഷ്ട്രീയത്തിന്റെ പേരിലുള്ള അരുംകൊലകളും ഇല്ലാതാകുന്ന ഒരു സമൂഹത്തെ വാര്‍ത്തെടുക്കലാണ്. വികസനം എന്ന വാക്ക് ഉള്‍ക്കൊള്ളുന്നതില്‍ നമ്മള്‍ എത്രമാത്രം പരാജയപ്പെട്ടിരിക്കുന്നു എന്നത് ഓര്‍മിപ്പിക്കുന്നു ഇതുപോലുള്ള സംഭവങ്ങള്‍.

വെറും അപലപിക്കുന്നു എന്നുള്ള പ്രസ്താവനകളും സോഷ്യല്‍ മീഡിയയിലെ രോഷങ്ങളും മാത്രമാണ് ഇതിനോടെല്ലാം ഉള്ള നമ്മുടെ പ്രതികരണങ്ങള്‍. അതിനപ്പുറത്തേക്ക് മനുഷ്യമനസുകളില്‍ മാറ്റം വരാനുള്ള ഒരു ശ്രമങ്ങളും ഒരു ഭാഗത്തുനിന്നുമുണ്ടാകില്ല. സാമൂഹ്യ മനഃസ്ഥിതിയില്‍ മാറ്റം വരാതെ ഇത്തരം ചെയ്തികള്‍ ഇല്ലാതാകും എന്ന് പ്രതീക്ഷിക്കുന്നത് ശുദ്ധ മണ്ടത്തരവുമാണ്. പുരോഗമന സാംസ്‌കാരിക കേരളമെന്നത് ഒരു മിത്താണെന്ന് നാളെ മറ്റുള്ളവര്‍ പരിഹസിക്കുന്നതിലേക്കായിരിക്കും കാര്യങ്ങള്‍ എത്തുക. അതിനിടവരുത്താതിരിക്കാന്‍ ഭരണാധികാരികളും രാഷ്ട്രീയ പാര്‍ട്ടികളും സമൂഹവും ഒരുമിച്ചു ചിന്തിക്കണം.

Comments

comments

Categories: Editorial