പരാജിതനായ സഞ്ചാരി

പരാജിതനായ സഞ്ചാരി

സഞ്ചാരപ്രിയരായ മനുഷ്യര്‍, ഈ ഭൂമുഖത്ത് ഒളിഞ്ഞുകിടന്ന പല സ്ഥലങ്ങളും കണ്ടെത്തിയ മഹനീയ വ്യക്തിത്വങ്ങളാണ്. വാസ്‌കോ ഡ ഗാമ, മാര്‍ക്കോപോളോ, മഗല്ലന്‍, ക്യാപ്റ്റന്‍ കുക്ക് അങ്ങനെ പോകുന്നു ആ നിര… എന്നാല്‍ ചില പര്യവേക്ഷണങ്ങള്‍ പരാജയത്തിലും കലാശിച്ചിട്ടുണ്ട്. സ്പാനിഷ് സഞ്ചാരി ഫ്രാന്‍സിസ്‌കോ കൊറൊനാഡോയുടെ നേതൃത്വത്തില്‍ 16ാം നൂറ്റാണ്ടില്‍ നടത്തിയ ഒരു യാത്രയെ ആ കൂട്ടത്തില്‍പ്പെടുത്താം. ഇന്ന് മെക്‌സിക്കോയുടെ ഭാഗമായ നുവേ ഗലീഷ്യ പ്രവിശ്യയുടെ ഗവര്‍ണറായിരുന്നു അദ്ദേഹം. സിബോളയിലെ സെവന്‍ ഗോള്‍ഡന്‍ സിറ്റീസ് പര്യവേഷണം മാറ്റിമറിച്ചത് ആ മനുഷ്യന്റെ ജീവിതത്തെ തന്നെയായിരുന്നു. ഈ നഗരങ്ങളിലെ സമ്പന്നത പറഞ്ഞ് എന്ന പര്യവേഷകന്‍ വൈസ്രോയിയായിരുന്ന മെന്‍ഡോസയെ ഭ്രമിപ്പിക്കുകയാരുന്നു. സമ്പത്തിന്റെ വിശാലത സ്വപ്‌നം കണ്ടുകൊണ്ടുതന്നെ ഒരു നിക്ഷേപകനെന്ന നിലയില്‍ കൊറൊനാഡോ പര്യവേഷണത്തിന്റെ ഭാഗമായി.

300 സ്പാനിഷ് വംശജരും 1000 റെഡ് ഇന്ത്യക്കാരും കുതിര, കന്നുകാലി, കപ്പലുകള്‍ എന്നിവയുമായും അദ്ദേഹം അവര്‍ക്കൊപ്പം ചേര്‍ന്നു. 1540 ഫെബ്രുവരിയില്‍ ഇവര്‍ യാത്ര തുടങ്ങി. പര്യവേഷണത്തിന്റെ ഈ പാതയില്‍ അനേകം റെഡ് ഇന്ത്യക്കാരോടാണ് അദ്ദേഹത്തിന് പൊരുതേണ്ടി വന്നത്. യുദ്ധത്തില്‍ മുറിവേല്‍ക്കുകയും മറ്റു കഷ്ടതകള്‍ അനുഭവിക്കേണ്ടിയും വന്നിട്ടും ആ പര്യവേഷണം വിജയകരമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ഒടുവില്‍ 1542ല്‍ അദ്ദേഹം മെക്‌സിക്കോയിലേക്ക് തിരിച്ചു വരികയും നുവേ ഗലീഷ്യയിലെ തന്റെ പദവി വീണ്ടും ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ അദ്ദേഹത്തിന്റെ സമ്പത്ത് ഇക്കാലയളവില്‍ വലിയ തോതില്‍ ഇല്ലാതായിരുന്നു. മെന്‍ഡോസ ഈ പര്യവേഷണത്തെ പരസ്യമായി തള്ളിപ്പറയുകയും ഇതിനെതിരെ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഒടുവില്‍ 1544ല്‍ കൊറൊനാഡോയെ തന്റെ ഗവര്‍ണര്‍ പദവിയില്‍ നിന്നു മാറ്റി. പിന്നീട് ജീവിതാവസാനം വരെ മെക്‌സിക്കോ സിറ്റി കൗണ്‍സിലിലെ വെറും അംഗം മാത്രമായി അദ്ദേഹത്തിന് തുടരേണ്ടി വന്നു.

Comments

comments

Categories: World