ടെലികോം വ്യവസായത്തിന് 1.2 മില്യണ്‍ വരിക്കാരെ നഷ്ടമായി: സിഒഎഐ

ടെലികോം വ്യവസായത്തിന് 1.2 മില്യണ്‍ വരിക്കാരെ നഷ്ടമായി: സിഒഎഐ

ന്യൂഡെല്‍ഹി: ജനുവരിയില്‍ രാജ്യത്തെ മൊബീല്‍ വരിക്കാരുടെ എണ്ണത്തില്‍ ഇടിവുണ്ടായെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ ടെലികോം വ്യവസായ മേഖലയ്ക്ക് 1.2 മില്യണ്‍ വരിക്കാരുടെ അറ്റ നഷ്ടമാണ് കഴിഞ്ഞ മാസം ഉണ്ടായതെന്ന് സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (സിഒഎഐ) ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്ത്യയിലെ മുന്‍നിര ടെലികോം കമ്പനികളായ ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഇന്ത്യ, ഐഡിയ സെല്ലുലാര്‍ എന്നിവ സംയുക്തമായി 3.9 മില്യണ്‍ വരിക്കാരെ ജനുവരിയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. എയര്‍ടെലിന് 1.5 മില്യണ്‍ വരിക്കാരെയും വോഡഫോണിന് 1.3 മില്യണ്‍ വരിക്കാരെയും ഐഡിയയ്ക്ക് 1.1 മില്യണ്‍ വരിക്കാരെയുമാണ് ഇക്കാലയളവില്‍ കൂട്ടിച്ചേര്‍ക്കാനായത്. എന്നാല്‍ എയര്‍സെലിനും ടെലിനോറിനും യഥാക്രമം 3.5 മില്യണ്‍ വരിക്കാരെയും 1.6 മില്യണ്‍ വരിക്കാരെയും കഴിഞ്ഞ മാസം നഷ്ടമായി. എയര്‍സെലിനും ടെലിനോറിനുമായുണ്ടായ 5.1 മില്യണ്‍ വരിക്കാരുടെ നഷ്ടമാണ് ജനുവരിയില്‍ വരിക്കാരുടെ എണ്ണത്തിലെ വര്‍ധന നെഗറ്റീവ് തലത്തിലാകാന്‍ കാരണമായതെന്ന് സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ വിലയിരുത്തുന്നു.

ആറ് സര്‍ക്കിളുകളിലെ സര്‍വീസ് ലൈസന്‍സ് തിരിച്ചേല്‍പ്പിച്ചുകൊണ്ട് ജനുവരി 30 മുതല്‍ ഈ സര്‍ക്കിളുകളില്‍ എയര്‍സെല്‍ സേവനം അവസാനിപ്പിച്ചിരുന്നു. ഈ സര്‍ക്കിളുകളിലെ എയര്‍സെലിന്റെ വരിക്കാര്‍ മറ്റ് ഓപ്പറേറ്റര്‍മാരിലേക്ക് മാറിക്കൊണ്ടിരിക്കുന്നതായി അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടി. ഭാരതി എയര്‍ടെലുമായി ലയിക്കാനുള്ള നീക്കത്തിലാണ് ടെലിനോര്‍. ലയനം സാധ്യമാകുന്നതോടെ ടെലിനോറിന്റെ വരിക്കാര്‍ എയര്‍ടെലിലേക്ക് പോര്‍ട്ട് ചെയ്യുമെന്നുറപ്പാണ്. കഴിഞ്ഞ വര്‍ഷം ജനുവരി മുതലുള്ള കാലയളവില്‍ ഇത് നാലം തവണയാണ് വരിക്കാരുടെ എണ്ണം കുറയുന്നത്. 2017 ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ യഥാക്രമം 3.8 മില്യണ്‍, 6.4 മില്യണ്‍, രണ്ട് മില്യണ്‍ എന്നിങ്ങനെ വരിക്കാരുടെ എണ്ണത്തില്‍ അറ്റനഷ്ടം രേഖപ്പെടുത്തിയിരുന്നു.

വരിക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലുള്ള വിപണി വിഹിതം കണക്കെടുത്താല്‍ ജനുവരിയിലും എയര്‍ടെല്‍ (29.50%) തന്നെയാണ് മുന്നിലുള്ളത്. 291.62 മില്യണ്‍ വരിക്കാരാണ് എയര്‍ടെലിനുള്ളത്. 213.81 മില്യണ്‍ വരിക്കാരുമായി വോഡഫോണ്‍ രണ്ടാം സ്ഥാനത്തും 197.64 മില്യണ്‍ വരിക്കാരുമായി ഐഡിയ മൂന്നാം സ്ഥാനത്തും നിലയുറപ്പിച്ചിട്ടുണ്ട്. യഥാക്രമം 21.63 ശതമാനവുംം 19.99 ശതമാനവുമാണ് ഈ കമ്പനികളുടെ വിപണി വിഹിതം.

Comments

comments

Categories: Business & Economy