മാറ്റത്തിന്റെ വക്താക്കളായ ടെലികോം വ്യവസായം

മാറ്റത്തിന്റെ വക്താക്കളായ ടെലികോം വ്യവസായം

ഇന്ത്യന്‍ ടെലികോം രംഗം ചുരുങ്ങിയ കാലത്തേക്കെങ്കിലും സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നത് തുടരും. രാജ്യത്തിനകത്തു തന്നെ തടസമില്ലാത്ത മല്‍സര പരിതസ്ഥിതി കൊണ്ടുവരിക എന്നതാണ് സര്‍ക്കാരിന് ചെയ്യാനുള്ളത്. സമ്പദ് വ്യവസ്ഥയിലെ മറ്റു മേഖലകളും ടെലികോമിന്റെ വളര്‍ച്ചാ പാത പിന്തുടര്‍ന്നേക്കാം

മാനവ ചരിത്രത്തിന്റെ മിക്ക ഭാഗങ്ങളിലും മാറ്റം എന്നത് വളരെ തണുപ്പനായിരുന്നു. നമ്മുടെ മരണ സമയത്തെ ലോകം ജനിച്ച സമയത്തുണ്ടായിരുന്നതിന് ഏറെക്കുറെ സമാനമാകുമെന്ന് അനുമാനിക്കുന്നത് ഏറ്റവും സുരക്ഷിതമായ കാര്യമാണ്. അത് ഇപ്പോള്‍ വിഷയമല്ല. മാറ്റത്തിന്റെ ഗതിവേഗം സ്‌ഫോടനാത്മകമെന്നോണം വര്‍ധിക്കുന്നതായാണ് തോന്നുന്നത്. 21ാം നൂറ്റാണ്ടില്‍ നൂറു വര്‍ഷത്തിന്റെ പുരോഗതി നമ്മള്‍ക്ക് അനുഭവപ്പെടില്ല. 20000 ഓളം വര്‍ഷത്തിന്റെ പുരോഗതിയായിരിക്കും അനുഭവപ്പെടുക (ഇപ്പോഴത്തെ നിരക്ക് കണക്കിലെടുക്കുമ്പോള്‍) എന്ന് എഴുതിയപ്പോള്‍ ഫ്യൂച്ചറിസ്റ്റായ റേ കര്‍സ്‌വെയ്ല്‍ അതിന് സംക്ഷിപ്ത രൂപം നല്‍കി. അദ്ദേഹം ഇതെഴുതിയ സമയം മുതലിതുവരെ ഒരുപാട് മാറ്റങ്ങളുണ്ടായി. പ്രത്യേകിച്ച് ഇന്റര്‍നെറ്റിന്റെ കടന്നുവരവോടെ.

സാങ്കേതിക വിപ്ലവത്തിന്റെ വഴിത്തിരിവില്‍ ഒരുപടി മുന്നില്‍ നില്‍ക്കാന്‍ ഇന്ത്യ നന്നായി പ്രവര്‍ത്തിച്ചു. ഈ വിപ്ലവത്തെ മുന്നില്‍ നിന്നു നയിച്ചത് രാജ്യത്ത് ഏറ്റവും മല്‍സര പ്രവണതയുള്ള രംഗമായ ടെലികോം മേഖലയാണ്. 1991ലെ പരിഷ്‌കാരങ്ങള്‍ മുതല്‍ ഉല്‍പ്പാദനക്ഷമതയിലെ മേഖലാപരമായ മാറ്റം ഏറ്റവും കൂടുതലുണ്ടായത് ടെലികമ്യൂണിക്കേഷന്‍ രംഗത്താണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കുന്നു. 10 ശതമാനത്തിനു മുകളിലാണ് ടെലികോം രംഗം വളര്‍ന്നത്. സമാന കാലയളവില്‍ മറ്റൊരു മേഖലയ്ക്കും അഞ്ച് ശതമാനത്തിനു മുകളില്‍ ഉല്‍പ്പാദനക്ഷമതാ വളര്‍ച്ച നേടാന്‍ സാധിച്ചിട്ടില്ല. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന മേഖലകളിലൊന്നാണിതെന്നതിലും അത്ഭുതപ്പെടാനില്ല. കഴിഞ്ഞ ദശാബ്ദത്തില്‍ ഏഴ് ശതമാനത്തിനു മുകളില്‍ വളര്‍ച്ചയാണ് ടെലികോം രംഗം കൈവരിച്ചത്.

ഇത്തരത്തിലുള്ള അഭൂതപൂര്‍വമായ വളര്‍ച്ചാ ഗതിവേഗം, കര്‍സ്‌വെയ്ല്‍ വളരെ ആവേശത്തോടെ കണ്ടിരുന്ന, സൂക്ഷ്മമായ തലങ്ങളിലെ മാറ്റം കൊണ്ടുവന്നു. 1990കളില്‍ മുറി മുഴുവനും കയ്യടക്കിയ കമ്പ്യൂട്ടറുകളുടെ ശക്തി ഇന്നത്തെ സ്മാര്‍ട്ട്‌ഫോണുകള്‍ക്കുണ്ട്. ഇന്റര്‍നെറ്റ് വേഗതയും സേവനങ്ങളും സാനുപാതികമാക്കാനുള്ള വ്യവസ്ഥകളുമായി ടെലികോം രംഗത്തിനു മുന്നോട്ടു പോകേണ്ടതുണ്ട്. അതേസമയം, ലോകത്തിലെ ഏറ്റവും നിരക്ക് കുറഞ്ഞ ടെലിഫോണ്‍ സേവനങ്ങള്‍ നല്‍കാന്‍ ഇന്ത്യക്കായിട്ടുണ്ട്. റിലയന്‍സ് ജിയോയുടെ കടന്നുവരവോടെ ടെലിഫോണ്‍ സേവനം ഏറ്റവും താഴ്ന്ന നിരക്കിലെത്തി. ഏറ്റവും താഴേക്കിടയില്‍ നില്‍ക്കുന്നവര്‍ക്കു പോലും അത് പ്രാപ്യത ഉറപ്പാക്കി.

ടെലികോം രംഗത്തിനകത്തുള്ള ചടുല മാറ്റങ്ങള്‍ ഉപഭോക്താക്കള്‍ക്ക് പരിചിതമായെങ്കിലും ജിയോയുടെ കടന്നുവരവ് മേഖലയുടെ മുഖം തന്നെ മാറ്റി. മല്‍സരത്തിന്റെ അടിസ്ഥാന രൂപം തന്നെ മാറ്റിക്കൊണ്ടായിരുന്നു ആ വിപണി പ്രവേശം. വരുമാനത്തിന്റെ 75 ശതമാനം വോയ്‌സില്‍ നിന്ന് ലഭിച്ച ഒരു മേഖലയില്‍ മല്‍സരത്തിന്റെ മുഖ്യ ആകര്‍ഷണ കേന്ദ്രമായി ഡാറ്റ മാറി. ഇതുപ്രകാരം സത്വരമായ സാമ്പത്തിക പ്രത്യാഘാതങ്ങളുണ്ടാകുമെന്നത് സ്പഷ്ടമായിരുന്നു. ഇതിനകം ലാഭകരമായിത്തീര്‍ന്ന ജിയോയുടെ പെയ്ഡ് ഓപ്പറേഷന്റെ ഒന്നാം വാര്‍ഷികത്തോട് അടുക്കുകയാണ് നമ്മള്‍. രാജ്യത്ത് സാമൂഹികവും സാമ്പത്തികവുമായ പരിണിതഫലം നിര്‍ണയിക്കാന്‍ ജിയോ പര്യാപ്തമാണെന്ന് നാം തിരിച്ചറിഞ്ഞു. മൂന്ന് പ്രധാന കാര്യങ്ങള്‍ എടുത്തകാട്ടേണ്ടതുണ്ട്.

ഡാറ്റ സേവനങ്ങളുടെയും കോളുകളുടെയും താങ്ങാനാവുന്ന നിരക്കുകള്‍ ഏറെ വന്നതാണ് പ്രഥമവും ഏറ്റവും പ്രകടമായതുമായ ഫലം. വോയ്‌സ് സേവനങ്ങള്‍ പ്രായോഗികമായും ചെലവില്ലാത്തതായി മാറി. ഡാറ്റ ചാര്‍ജ് ഒരു ജിബിക്ക് ശരാശരി 152 രൂപ എന്നതില്‍ നിന്നും 10 രൂപയില്‍ താഴെ എന്നതിലേക്ക് നീങ്ങി. ഡാറ്റ ചാര്‍ജില്‍ വന്ന വന്‍ ഇടിവ് ഇന്ത്യന്‍ ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിലേക്ക് ഇന്റര്‍നെറ്റ് എത്തിക്കുക മാത്രമല്ല, സമൂഹത്തിലെ പുതിയൊരു വിഭാഗത്തിന് ഇത് ആദ്യമായി ഉപയോഗിക്കാനും അനുഭവിക്കാനുമുള്ള സാധ്യതകളും തുറന്നു നല്‍കി. ഇതുവരെ ഒരു ശരാശരി ഇന്റര്‍നെറ്റ് ഉപഭോക്താവിന്റെ പ്രതിമാസ സേവിംഗ് 142 രൂപയാണ് (പ്രതിമാസം ഉപഭോക്താവ് ഒരു ജിബി ഡാറ്റയാണ് ഇപ്പോഴും ഉപയോഗിക്കുന്നതെന്ന കണക്കുവച്ച്). ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 350 മില്യണ്‍ മൊബീല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളാണുള്ളത്. അങ്ങനെ നോക്കുമ്പോള്‍ രാജ്യത്തിന്റെ ആകെ സാമ്പത്തിക ചെലവിലുണ്ടായ ലാഭം പ്രതിവര്‍ഷം 60,000 കോടി രൂപയായിരിക്കും. ഭൂട്ടാന്റെ ആകെ ജിഡിപിയുടെ നാലിരട്ടിയിലേറെ വരും ഈ തുക.

വിദ്യാഭ്യാസം, ആരോഗ്യം, വിനോദം, ബാങ്കിംഗ് തുടങ്ങി വ്യത്യസ്ത ഉപഭോക്തൃ ആവശ്യകതകള്‍ക്കുള്ള പരിഹാരമാണ് രണ്ടാമത്തേത്. അതായത്, വിദൂര പ്രദേശങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസത്തിനായി രൂപകല്‍പ്പന ചെയ്ത പ്രോഗ്രാമുകള്‍ ഓണ്‍ലൈന്‍ വഴി പ്രാപ്യമാക്കാനും ചെറുകിട ബിസിനസുകള്‍ക്ക് പുതിയ വിപണികളില്‍ പ്രവേശിക്കാനും ഇതുവഴി സാധിക്കും. വിവര അസമത്വം ഇതിലൂടെ ഗണ്യമായി കുറഞ്ഞു.

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലും ഇന്റര്‍നെറ്റ് വ്യാപനത്തിന്റെ വര്‍ധന അനുകൂലമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇന്റര്‍നെറ്റ് സമ്പദ് വ്യവസ്ഥയുടെ സൃഷ്ടിയില്‍ നിന്ന് മാത്രമല്ല, ഇതുണ്ടാക്കുന്ന കൂട്ടുപ്രവര്‍ത്തനത്തില്‍ നിന്നു കൂടിയാണ് ഈ ഫലങ്ങള്‍ ലഭിക്കുന്നത്. വിവരങ്ങള്‍ കൂടുതല്‍ പ്രാപ്യമാവുകയും ആശയവിനിമയം എളുപ്പമാവുകയും ചെയ്തു. ബിസിനസുകള്‍ക്ക് അനായാസം പ്രവര്‍ത്തിക്കാനും ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാനും ഇതുവഴി സാധിച്ചു. നഗരങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ ഭവനങ്ങളിലേക്ക് തിരിച്ചുപോകുന്നത് കുറയുകയും അതിന്റെ ഭാഗമായി അവര്‍ കൂടുതല്‍ തൊഴില്‍പരമായ ഉല്‍പ്പാദനക്ഷമത കൈവരിക്കുകയും ചെയ്തു. എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളില്‍ പോലും ആരോഗ്യ, വിദ്യാഭ്യാസ സേവനങ്ങള്‍ ലഭ്യമായിത്തുടങ്ങി. അറിവും വൈദഗ്ധ്യവും മെച്ചപ്പെടുത്താന്‍ ഒന്നിലധികം മാര്‍ഗങ്ങള്‍ തുറന്നു കിട്ടി. ജിയോ കാരണമുണ്ടായ 15 ശതമാനം ഇന്റര്‍നെറ്റ് വ്യാപനവും അതിന്റെ പരിണിതഫലങ്ങളും രാജ്യത്തിന്റെ ജിഡിപിയിലെ പ്രതിശീര്‍ഷവരുമാനത്തിന്റെ തോതില്‍ 5.85 ശതമാനത്തിന്റെ വര്‍ധനവുണ്ടാക്കുമെന്ന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കേന്ദ്രീകരിച്ചുള്ള ഒരു വിശകലനം വ്യക്തമാക്കുന്നു.

ഇന്ത്യന്‍ ടെലികോം രംഗം ചുരുങ്ങിയ കാലത്തേക്കെങ്കിലും സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നത് തുടരും. രാജ്യത്തിനകത്തു തന്നെ തടസമില്ലാത്ത മല്‍സര പരിതസ്ഥിതി കൊണ്ടുവരിക എന്നതാണ് സര്‍ക്കാരിന് ചെയ്യാനുള്ളത്. സമ്പദ് വ്യവസ്ഥയിലെ മറ്റു മേഖലകളും ടെലികോമിന്റെ വളര്‍ച്ചാ പാത പിന്തുടര്‍ന്നേക്കാം. അതിനെ കുറിച്ചോര്‍ക്കുമ്പോള്‍, ഇന്ത്യന്‍ ബാങ്കിംഗ് മേഖലയാണ് ആദ്യം മനസില്‍ വരുന്നത്. അത് മറ്റൊരു ദിവസത്തേക്കുള്ള വിഷയമാകട്ടെ.

(ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കോംപറ്റിറ്റീവ്‌നസ് അധ്യക്ഷനാണ് ലേഖകന്‍)

കടപ്പാട്: ഐഎഎന്‍എസ്

Comments

comments

Categories: Business & Economy