പില്യണ്‍ റൈഡര്‍മാര്‍ക്ക് സുരക്ഷ ഫീച്ചറുകള്‍ നിര്‍ബന്ധമെന്ന് സുപ്രീം കോടതി

പില്യണ്‍ റൈഡര്‍മാര്‍ക്ക് സുരക്ഷ ഫീച്ചറുകള്‍ നിര്‍ബന്ധമെന്ന് സുപ്രീം കോടതി

സാരി ഗാര്‍ഡ്, ഹാന്‍ഡ് ഗ്രിപ്പ് തുടങ്ങിയ സുരക്ഷ ഫീച്ചറുകളുള്ള മോട്ടോര്‍സൈക്കിളുകള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ

ന്യൂഡെല്‍ഹി : ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്ക് സുരക്ഷ ഫീച്ചറുകള്‍ നിര്‍ബന്ധമാണെന്ന് സുപ്രീം കോടതി. സാരി ഗാര്‍ഡ്, ഹാന്‍ഡ് ഗ്രിപ്പ് തുടങ്ങിയ സുരക്ഷ ഫീച്ചറുകളുള്ള മോട്ടോര്‍സൈക്കിളുകള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ എന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഇരുചക്ര വാഹനങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങള്‍ ഒരു പരിധി വരെ കുറയുന്നതിന് കോടതി വിധി സഹായിക്കും.

2008 നവംബറിലെ മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സ് (സിയാം) നല്‍കിയ അപ്പീല്‍ തള്ളുകയായിരുന്നു സുപ്രീം കോടതി. പില്യണ്‍ റൈഡര്‍മാര്‍ക്ക് സുരക്ഷ ഫീച്ചറുകള്‍ ഇല്ലാത്ത മോട്ടോര്‍സൈക്കിളുകളുടെ രജിസ്‌ട്രേഷനാണ് അന്ന് കോടതി നിരോധിച്ചത്. സാരി ഗാര്‍ഡ്, ഹാന്‍ഡ് ഗ്രിപ്പ് എന്നിവയില്ലാത്ത മോട്ടോര്‍സൈക്കിളുകളുടെ വില്‍പ്പന സംസ്ഥാനത്ത് നിരോധിക്കുകയും ചെയ്തിരുന്നു. ഉത്തരവിനെതിരെ 2008 ല്‍ തന്നെ ഇരുചക്ര വാഹന കമ്പനികള്‍ സുപ്രീം കോടതിയെ സമീപിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നു.

മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സിയാം നല്‍കിയ അപ്പീല്‍ തള്ളുകയായിരുന്നു സുപ്രീം കോടതി

ഇരുചക്ര വാഹനത്തിന്റെ പുറകില്‍ ഇരിക്കുന്നവര്‍ എല്ലാവരും സ്ത്രീകളല്ലെന്നും വാഹനങ്ങളുടെ ഡിസൈന്‍ നേരത്തെ അംഗീകരിച്ചതാണെന്നും മാറ്റം വരുത്താന്‍ ബുദ്ധിമുട്ടാണെന്നും സുപ്രീം കോടതി മുമ്പാകെ സിയാം വാദിച്ചെങ്കിലും ഫലമുണ്ടായില്ല. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ പില്യണ്‍ റൈഡര്‍മാര്‍ക്കായി ഇരുചക്ര വാഹനങ്ങളില്‍ ഇനി അധിക സുരക്ഷ ഫീച്ചറുകള്‍ നല്‍കേണ്ടതായി വരും. വാഹനങ്ങള്‍ പുനര്‍രൂപകല്‍പ്പന ചെയ്യേണ്ടതായും വരും.

Comments

comments

Categories: Auto