ജര്‍മന്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം ആരംഭിച്ചു

ജര്‍മന്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം ആരംഭിച്ചു

ന്യൂഡെല്‍ഹി: ജര്‍മനിയും ഇന്ത്യയും തമ്മിലുള്ള സ്റ്റാര്‍ട്ടപ്പ് കൊളാബറേഷന്‍ വര്‍ധിപ്പിച്ചുകൊണ്ട് ജര്‍മന്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം (ജിന്‍സെപ്) ന്യൂഡെല്‍ഹിയില്‍ ഔദ്യോഗികമായി ആരംഭിച്ചു. ജര്‍മന്‍ സ്റ്റാര്‍ട്ടപ്പ് അസോസിയേഷനു കീഴില്‍ 24 അംഗ പ്രതിനിധി സംഘത്തിന്റെ ഇന്ത്യ സന്ദര്‍ശിച്ചതിനോടനുബന്ധിച്ചാണ് പ്രോഗ്രാം ആരംഭിച്ചത്. ജര്‍മന്‍ നിക്ഷേപകരും സംരംഭകരും ഫെഡറല്‍ ഉദ്യോഗസ്ഥരുമാണ് സംഘത്തിലുണ്ടായിരുന്നത്. ജര്‍മന്‍ സ്റ്റാര്‍ട്ടപ്പ് അസോസിയേഷനില്‍ 750 സ്റ്റാര്‍ട്ടപ്പുകളും 50 കോര്‍പ്പറേറ്റ് പങ്കാളികളുമാണുള്ളത്.

കോര്‍പ്പറേറ്റുകളുമായി പങ്കാളിത്തമുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പല വെല്ലുവിൡകളും അഭിമുഖീകരിക്കേണ്ടി വരുന്നുണ്ടെന്നും ഈ സഹകരണം വഴി ഇതിനു പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് ജര്‍മന്‍ സ്റ്റാര്‍ട്ടപ്പ് അസോസിയേഷന്‍ എംഡി മൈക്രോ ഡ്രാഗോവ്‌സ്‌കി പറഞ്ഞു. കൂടതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഇരു രാജ്യങ്ങളിലെയും സംരംഭകര്‍ക്ക് അവസരമുണ്ടെന്ന് ബെര്‍ടെല്‍സ്മാന്‍ സ്റ്റിഫ്ടംഗ് വൈസ് ചെയര്‍പേഴ്‌സണായ ലിസ് മോന്‍ അഭിപ്രായപ്പെട്ടു. ജര്‍മന്‍ നിക്ഷേപകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമുള്ള അവസരങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അവര്‍.

വിദ്യാഭ്യാസത്തെ കൂടുതല്‍ ഉയരത്തിലെത്തിക്കാന്‍ ശ്രമിക്കണമെന്ന് ആംഗ്രി ബേഡ് ഫ്രാഞ്ചൈസിയുടെ നിര്‍മാതാവായ പീറ്റര്‍ വെസ്റ്റര്‍ബാക്ക് അഭിപ്രായപ്പെട്ടു. സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേറ്ററായ തിന്‍ക്യുബാറ്റ് സംഘടിപ്പിച്ച സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഷ്യന്‍ രാജ്യങ്ങളിലെ വിദ്യാഭ്യാസ സംവിധാനം സര്‍ഗാത്മഗതയെയും സംരംഭങ്ങളെയും കൊല്ലുന്നതാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. ലളിതവും ഇന്നൊവേറ്റീവുമായ കളികളിലൂടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ആസ്വദിക്കാന്‍ അവസരമൊരുക്കുന്നതിലാണ് അദ്ദേഹത്തിന്റെ വിദ്യാഭ്യാസ സംരംഭം ശ്രദ്ധിക്കുന്നത്.

ഫെഡറല്‍ മിനിസ്ട്രി ഫോര്‍ ഇക്കണോമിക് അഫയേഴ്‌സ് ആന്‍ഡ് എനര്‍ജി പാര്‍ലമെന്ററി സ്റ്റേറ്റ് സെക്രട്ടറി ഡെര്‍ക് വെയ്‌സെ, ഇന്ത്യയിലെ ജര്‍മന്‍ അംബാസഡര്‍ മാര്‍ട്ടിന്‍ നെയ്, ഇന്ത്യോ-ജര്‍മന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ബോണ്‍ഹാര്‍ഡ് സ്റ്റീന്‍നിക്കെ, ബിസ്സെല്‍ ഫാമിലി ഓഫീസ് ഇന്‍വെസ്റ്റ്‌മെന്റ് മാനെജര്‍ ആഞ്ചെല ഡീ ഗിയാകോമ, ഇന്ത്യാ ടുഡേ ഗ്രൂപ്പ് എഡിറ്റോറിയല്‍ ഡയറക്റ്റര്‍ രാജ് ചെഗപ്പാ, യുവര്‍‌സ്റ്റോറി സ്ഥാപകയും സിഇഒയുമായ ശ്രദ്ധാ ശര്‍മ, ഇന്‍വെസ്റ്റ് ഇന്ത്യ സിഇഒയും എംഡിയുമായ ദീപക് ബാഗ്ല, ഗ്ലോബല്‍ ട്രേഡ് ഡെവലപ്‌മെന്റ് , നാസ്‌കോം, ജര്‍മന്‍ സ്റ്റാര്‍ട്ടപ്പ് അസോയിയേഷന്‍ അംഗങ്ങള്‍ തുടങ്ങി ഇരു രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു.

Comments

comments

Categories: Business & Economy