സൗദി അരാംകോ ഇന്ത്യന്‍ റിഫൈനറികളില്‍ ഓഹരിയെടുത്തേക്കും

സൗദി അരാംകോ ഇന്ത്യന്‍ റിഫൈനറികളില്‍ ഓഹരിയെടുത്തേക്കും

ന്യൂഡെല്‍ഹി/റിയാദ്: ഇന്ത്യയിലെ വികസന പദ്ധതികള്‍ ത്വരിതപ്പെടുത്താന്‍ സൗദി അരാംകോ. നിലവിലെ ഇന്ത്യന്‍ റിഫൈനറികളില്‍ ഓഹരി വാങ്ങുന്നതിനെക്കുറിച്ചാണ് തങ്ങള്‍ ചിന്തിക്കുന്നതെന്ന് സൗദി അറേബ്യന്‍ എണ്ണ മന്ത്രി ഖാലിദ് അല്‍-ഫലിഹ് പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയാണ് സൗദി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള അരാംകോ. സൗദിയുടെ എണ്ണ അധിഷ്ഠിത വിപണിയുടെ കേന്ദ്ര ബിന്ദു എന്നു തന്നെ പറയാം.

മഹാരാഷ്ട്രയില്‍ ഉയരുന്ന 1.8 ലക്ഷം കോടി രൂപയുടെ വമ്പന്‍ റിഫൈനറിയില്‍ ഓഹരിയെടുക്കുന്നതിനെക്കുറിച്ചാണ് കമ്പനി കാര്യമായി ആലോചിക്കുന്നത്. ഇതിനെക്കുറിച്ചുള്ള പഠനങ്ങള്‍ കമ്പനി തുടങ്ങിക്കഴിഞ്ഞു. ഇതിനു പുറമെ നിലവിലുള്ള റിഫൈനറികളില്‍ ഓഹരി പങ്കാളിത്തം നേടാനും ഞങ്ങള്‍ ശ്രമം നടത്തുന്നുണ്ട്-മന്ത്രി പറഞ്ഞു.

ഇന്ത്യയുടെ എണ്ണ മന്ത്രി ധര്‍മേന്ദ്ര പ്രധാനമായി ഖാലിദ് ചര്‍ച്ച നടത്തി. പടിഞ്ഞാറന്‍ തീരത്ത് വരുന്ന റിഫൈനറിയെക്കുറിച്ചും ആന്ധ്ര പ്രദേശില്‍ പദ്ധതിയിട്ടിരിക്കുന്ന 33,000 കോടി രൂപയുടെ പെട്രോകെമിക്കല്‍ കോംപ്ലക്‌സിനെക്കുറിച്ചുമാണ് സൗദി മന്ത്രിയുമായി ചര്‍ച്ച ചെയ്തതെന്ന് പ്രധാന്‍ അറിയിച്ചു.

എണ്ണ വിതരണക്കാര്‍ മാത്രമല്ല, ഇന്ത്യയില്‍ വലിയ തോതില്‍ നിക്ഷേപം നടത്താനും ആഗ്രഹിക്കുന്ന രാജ്യമാണ് സൗദിയെന്ന് അല്‍ ഫാലിഹ് പറഞ്ഞു. പങ്കാളിത്തത്തെ സംബന്ധിച്ച് തുറന്ന മനോഭാവമാണ് ഇന്ത്യക്കുള്ളത്. ഇന്ത്യ ബിസിനസിന് ഓപ്പണ്‍ ആണ്. ഞങ്ങള്‍ അത് സ്വാഗതം ചെയ്യുന്നു. അതുപോലെ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിസിനസ് സൗഹൃദ നിലപാടുകളെയും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഞങ്ങള്‍ അതില്‍ വിശ്വസിക്കുകയും ചെയ്യുന്നു-സൗദി മന്ത്രി പറഞ്ഞു.

പദ്ധതികള്‍ക്ക് റിസ്‌ക് ഉണ്ടായേക്കാം. വിപണിക്കും റിസ്‌ക് ഉണ്ടായേക്കും. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം റിസ്‌ക് എന്ന് പറയുന്നതില്ല. ഞങ്ങള്‍ ഇവിടെ വന്നിരിക്കുന്നത് നിക്ഷേപിക്കാനാണ്. ഞങ്ങള്‍ ഇവിടെ വന്നിരിക്കുന്നത് വളരാണ്. ഇന്ത്യയുടെ ഭാഗമാകാനാണ്. ഇന്ത്യ ഞങ്ങളെ രണ്ട് കൈയും നീട്ടി സ്വീകരിക്കുന്നു. അതിനനുസരിച്ച് തിരിച്ചും ഞങ്ങള്‍ പ്രതിബദ്ധത കാണിക്കും. അസാധാരണമായ തലത്തില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം ഇങ്ങോട്ടെക്ക് എത്തിക്കും-അല്‍ ഫാലിഹ് വ്യക്തമാക്കി.

അതിവേഗത്തില്‍ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ് സൗദിയില്‍. കിരീടാവകാശി പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ നടക്കുന്ന സാമ്പത്തിക, സാമൂഹ്യ പരിഷ്‌കരണങ്ങള്‍ക്ക് പല മാനങ്ങളുണ്ട് താനും. സൗദി അരാംകോയുടെ പ്രഥമ ഓഹരി വില്‍പ്പനയും ഇതുമായി ബന്ധപ്പെട്ട് തന്നെയാണ്. അഞ്ച് ശതമാനം ഓഹരിയാണ് വില്‍ക്കുന്നത്. ഇതിലൂടെ വന്‍ തുക സമാഹരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

Comments

comments

Categories: Arabia, Business & Economy