ദുബായില്‍ പോയ വര്‍ഷം റജിസ്റ്റര്‍ ചെയ്തത് 150 പുതിയ റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍

ദുബായില്‍ പോയ വര്‍ഷം റജിസ്റ്റര്‍ ചെയ്തത് 150 പുതിയ റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍

ദുബായ്: കഴിഞ്ഞ വര്‍ഷം ദുബായില്‍ പൂര്‍ത്തീകരിക്കപ്പെട്ടത് 90 റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍. അതേസമയം പോയ വര്‍ഷം മൊത്തത്തില്‍ റെജിസ്റ്റര്‍ ചെയ്തതാകട്ടെ 150 പുതിയ പദ്ധതികളാണ്. മൊത്തം 22.3 ബില്ല്യണ്‍ ഡോളറിന്റെ പുതിയ പദ്ധതികള്‍ കഴിഞ്ഞ വര്‍ഷം റെജിസ്റ്റര്‍ ചെയ്തതായാണ് കണക്കുകള്‍ പറയുന്നത്.

മികച്ച പ്രവര്‍ത്തനങ്ങളുടേതായിരുന്നു പോയ വര്‍ഷമെന്ന് ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് (ഡിഎല്‍ഡി) പ്രതികരിച്ചു. സുതാര്യമായ വിപണി അന്തരീക്ഷമായിരുന്നു നിലനിന്നതെന്നും അദ്ദേഹം പറഞ്ഞു. 2018 ആരംഭിച്ചതുമുതല്‍ അത്യന്തം പോസിറ്റീവായ അന്തരീക്ഷമാണ് വിപണിയിലുള്ളത്. അത്മവിശ്വാസം നല്‍കുന്നതാണിത്-ഡിഎല്‍ഡി ഡയറക്റ്റര്‍ ജനറല്‍ സുല്‍ത്താന്‍ ബട്ടി പറഞ്ഞു.

നിക്ഷേപകര്‍ക്ക് റിയല്‍റ്റി കമ്പനികളില്‍ വിശ്വാസം കൂടുന്നതനുസരിച്ചാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും ബുട്ടി പറഞ്ഞു. മേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്ന വിവിധ വിഭാഗങ്ങള്‍ തമ്മില്‍ മികച്ച സഹകരണമാണുള്ളതെന്നും അദ്ദേഹം സൂചിപ്പിച്ചു. ലാന്‍ഡ് ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ്, ഡെവലപ്പര്‍മാര്‍, വിപണി വിദഗ്ധര്‍, വാങ്ങാന്‍ വരുന്ന ഉപഭോക്താക്കള്‍ തുടങ്ങിയവര്‍ തമ്മില്‍ മികച്ച രീതിയിലു്ള്ള സഹകരണ മനോഭാവം പ്രകടമാണ്.

കഴിഞ്ഞ ചൊവ്വാഴ്ച്ച സ്റ്റാന്‍ഡാര്‍ഡ് ആന്‍ഡ് പുവര്‍ ദുബായ് റിയല്‍റ്റി രംഗവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി മേഖലയില്‍ തുടരുന്ന കിതപ്പ് 2020 വരെയെങ്കിലും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചത്. എണ്ണ വിലയിലെ ഇടിവ്, മൂല്യ വര്‍ധിത നികുതി പ്രാബല്യത്തില്‍ വന്നത്, ഗള്‍ഫ് നയന്ത്ര പ്രതിസന്ധി തുടങ്ങിയ ഘടകങ്ങള്‍ റിയല്‍റ്റി രംഗത്തെയും കിതപ്പിന് കാരണമായിട്ടുണ്ടെന്നാണ് റേറ്റിംഗ് ഏജന്‍സി വിലയിരുത്തിയത്.

2014 മുതല്‍ ദുബായ് റിയല്‍റ്റി മേഖലയില്‍ തളര്‍ച്ച അനുഭവപ്പെടുകയാണ്. എണ്ണ വിലയിലെ ഇടിവ് നഗരത്തിലെ സമ്പദ് വ്യവസ്ഥയില്‍ കാര്യമായി തന്നെ നിഴലിച്ചു. ഇത് നിക്ഷേപകരിലേക്കും പടര്‍ന്നു.

Comments

comments

Categories: Arabia