വിദേശ നിക്ഷേപത്തിനായി ബാങ്ക് വായ്പ പാടില്ല

വിദേശ നിക്ഷേപത്തിനായി ബാങ്ക് വായ്പ പാടില്ല

കൊച്ചി : വിദേശ കമ്പനികളില്‍ നിക്ഷേപിക്കുന്നതിനായി ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് വായ്പ ലഭ്യമാക്കാന്‍ രാജ്യത്തെ ബാങ്കുകള്‍ക്ക് അനുമതിയില്ലെന്ന് ഡലോയ്റ്റ് (ബെംഗളൂരു) ഡയറക്റ്റര്‍ (മെര്‍ജേഴ്‌സ് ആന്‍ഡ് അക്വിസിഷന്‍സ്) കൃഷ്ണ പ്രസാദ് പറഞ്ഞു. വിദേശ നാണ്യ വിനിമയ ചട്ടങ്ങളെക്കുറിച്ച്(ഫെമ) ഇന്തോ-അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഇവിടെ സംഘടിപ്പിച്ച സെമിനാറില്‍ വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ കമ്പനികള്‍ക്ക് അവയുടെ മൊത്തം ആസ്തിയുടെ 400 ശതമാനത്തില്‍ കവിയാത്ത തുക റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ തന്നെ വിദേശ സ്ഥാപനങ്ങളില്‍ നിക്ഷേപിക്കാവുന്നതാണ്. പക്ഷെ ആര്‍ബിഐയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ വിദേശങ്ങളിലെ ബാങ്കിംഗ്-റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ നിക്ഷേപിക്കാന്‍ സാധിക്കില്ല.

വിദേശ നിക്ഷേപം സംബന്ധിച്ച എല്ലാ പണമിടപാടുകളും ഒരേ ഒരു ബാങ്ക് ശാഖ വഴി തന്നെ നടത്തണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇന്ത്യന്‍ കമ്പനികള്‍ക്ക് വിദേശ കമ്പനികളില്‍ നേരിട്ട് നിക്ഷേപിക്കാനനുമതിയില്ല. സിംഗപ്പൂരിലോ മൗറീഷ്യസിലോ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ഹോള്‍ഡിംഗ് കമ്പനികള്‍ വഴിയേ നിക്ഷേപം പാടുള്ളൂ.

വ്യക്തികള്‍ക്ക് മൗറീഷ്യസടക്കമുള്ള ചില രാജ്യങ്ങളില്‍ നിക്ഷേപിക്കാനനുമതിയില്ല. മൈനര്‍മാരടക്കമുള്ള വ്യക്തികള്‍ക്ക് ഒരു സാമ്പത്തിക വര്‍ഷം രണ്ടര ലക്ഷം ഡോളര്‍ വരെ വിദേശത്ത് നിക്ഷേപിക്കാവുന്നതാണ്. ഇതില്‍ കൂടുതല്‍ നിക്ഷേപിക്കുന്നതിന് ആര്‍ബിഐയുടെ മുന്‍കൂര്‍ അനുമതി വേണം.

ഒരു സാമ്പത്തിക വര്‍ഷം രണ്ടര ലക്ഷത്തില്‍ കൂടുതല്‍ തുകയുടെ ഇടപാട് നടത്തുന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്റ്റര്‍, ഡയറക്റ്റര്‍, പ്രിന്‍സിപ്പല്‍ ഓഫീസര്‍ എന്നിവരെല്ലാം പാന്‍ നമ്പറിന് അപേക്ഷിക്കേണ്ടതാണെന്ന ബജറ്റിലെ നിര്‍ദേശം ആശയക്കുഴപ്പമുണ്ടാക്കുന്നതാണെന്ന് കേന്ദ്ര ബജറ്റില്‍ നികുതിദായകരെ ബാധിക്കുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിച്ച ഡലോയ്റ്റ് (ബെംഗളൂരു) ഡയറക്റ്റര്‍ (ഡയറക്റ്റ് ടാക്‌സേഷന്‍) പ്രിയാ നാരായണന്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ ഇന്തോ-അമേരിക്കന്‍ ചേംബര്‍ ഓഫാ കോമേഴ്‌സ് കേരള ഘടകം ചെയര്‍മാന്‍ പി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.

Comments

comments

Categories: Banking