കമ്പനികള്‍ കൂട്ടത്തോടെ ഐപിഒയ്ക്ക് തയാറെടുക്കുന്നു

കമ്പനികള്‍ കൂട്ടത്തോടെ ഐപിഒയ്ക്ക് തയാറെടുക്കുന്നു

ന്യൂഡെല്‍ഹി: പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ)യിലൂടെ വരും മാസങ്ങളില്‍ നിക്ഷേപം സമാഹരിക്കാനൊരുങ്ങുന്നത് രണ്ട് ഡസണിലധികം ഇന്ത്യന്‍ കമ്പനികള്‍. 25,000 കോടി രൂപയോളമാണ് ഈ കമ്പനികള്‍ ഐപിഒ വഴി സ്വരൂപിക്കാനൊരുങ്ങുന്നത്. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ്, ഐസിഐസിഐ സെക്യൂരിറ്റീസ്, ബാര്‍ബിക്യു-നാഷന്‍ ഹോസ്പിറ്റാലിറ്റി, ഫ്‌ളെമിംഗോ ട്രാവല്‍ റീട്ടെയ്ല്‍ തുടങ്ങിയവയാണ് സമീപ മാസങ്ങളില്‍ ഐപിഒ നടത്താനിരിക്കുന്ന കമ്പനികള്‍. ബിസിനസ് വിപുലീകരണത്തിനും അടിയന്തിര മൂലധനം ആവശ്യങ്ങള്‍ക്കുമായാണ് ഓഹരി വില്‍പ്പനയിലേക്ക് കടക്കുന്നതെന്ന് ഈ കമ്പനികള്‍ സെബിയില്‍ സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഓഹരി വിപണികളില്‍ ലിസ്റ്റ് ചെയ്യുന്നതിലൂടെ തങ്ങളുടെ ബ്രാന്‍ഡിനെ കൂടുതല്‍ വളര്‍ച്ചയിലേക്ക് നയിക്കാനാകുമെന്ന വിശ്വാസവും ചില കമ്പനികളെ ഐപിഒ വിപണിയിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. ബാര്‍ബിക്യു നാഷന്‍ ഹോസ്പിറ്റാലിറ്റി, ഐസിഐസിഐ സെക്യൂരിറ്റീസ്, ഭാരത് ഡൈനാമിക്‌സ്, ഇന്ത്യന്‍ റെന്യുവബ്ള്‍ എനര്‍ജി ഡെവലപ്‌മെന്റ് ഏജന്‍സി തുടങ്ങിയവ ഐപിഒ നടത്തുന്നതിന് സെബിയില്‍ നിന്നും അനുമതി നേടികഴിഞ്ഞു. ഇതിനുപുറമെ ആര്‍ഐടിഇഎസ്, മിശ്ര ദത്ത് നിഗാം ലിമിറ്റഡ്, ബന്ധന്‍ ബാങ്ക്, ഇന്‍ഡോസ്റ്റാര്‍ കാപിറ്റല്‍ ഫിനാന്‍സ്, നസ്‌റ ടെക്‌നോളജീസ്, റൂട്ട് മൊബീല്‍ തുടങ്ങിയ ഇരുപതോളം കമ്പനികള്‍ ഐപിഒ സംഘടിപ്പിക്കുന്നതിന് സെബി അനുമതിക്കായുള്ള കാത്തിരിപ്പിലാണ്.

ഐപിഒ വിപണിയില്‍ തുടര്‍ന്നും വലിയ ആവേശം പ്രകടമാകുമെന്നാണ് വിപണി വിദഗ്ധര്‍ നിരീക്ഷിക്കുന്നത്. ഡസണ്‍ കണക്കിന് സംരംഭങ്ങള്‍ സെബി അനുമതിക്കായി കാത്തിരിക്കുകയാണെന്നും സെക്കന്‍ഡറി വിപണിയിലെ ഉയര്‍ന്ന ഓഹരി മൂല്യം നിക്ഷേപകരെ ഐപിഒയിലേക്ക് ആകര്‍ഷിക്കുന്നതായും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 2017ല്‍ 36 കമ്പനികളാണ് ഐപിഒ വഴി ഓഹരി വില്‍പ്പന നടത്തിയത്. ഇവ സംയുക്തമായി 67,000 കോടി രൂപയിലധികം ഐപിഒ വഴി സ്വരൂപിച്ചു. 2010ല്‍ 37,535 കോടി രൂപയാണ് കമ്പനികള്‍ ഐപിഒ വഴി കണ്ടെത്തിയിരുന്നത്.

Comments

comments

Categories: Business & Economy